പ്രതീകാത്മകചിത്രം| Photo: Mathrubhumi
കാസർകോട്: വീട്ടുകാർ ഗേറ്റിനടുത്തുനിന്ന് ക്ഷേത്രത്തിൽനിന്നുള്ള കാഴ്ചവരവ് കാണുന്നതിനിടെ വീട്ടിൽനിന്ന് 33 പവൻ മോഷ്ടിച്ചു. കുഡ്ലു മീപ്പുഗിരിയിലെ കെ.ലോകേഷിന്റെ വീട്ടിലാണ് ശനിയാഴ്ച രാത്രി ഒൻപതരയോടെ മോഷണം നടന്നത്. കിടപ്പുമുറിയിലെ തുറന്നിട്ട അലമാരയിൽനിന്ന് 33.25 പവനാണ് മോഷണം പോയത്. ഉദയഗിരി വിഷ്ണുമൂർത്തി ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് നടത്തിയ കാഴ്ചവരവിനിടെയാണ് സംഭവം.
തുറന്നുകിടന്ന വീടിനകത്തേക്ക് കയറിയ മോഷ്ടാവ് കിടപ്പുമുറിയിലെ അലമാരയിൽനിന്ന് സ്വർണാഭരണങ്ങൾ കവരുകയായിരുന്നു. നാല് മാല, രണ്ട് ലോക്കറ്റ്, പാദസരം, 13 സെറ്റ് കമ്മൽ, അഞ്ച് സെറ്റ് വള, മറ്റ് ആഭരണങ്ങൾ എന്നിവ ഉൾപ്പെടെ 12 ലക്ഷം രൂപയുടെ ആഭരണങ്ങളാണ് നഷ്ടപ്പെട്ടതെന്ന് പരാതിയിൽ പറയുന്നു. വീട്ടുകാർ തിരികെയെത്തുമ്പോൾ ഒരാൾ വീട്ടിൽനിന്നിറങ്ങി മതിൽചാടി ഓടുന്നത് കണ്ടിരുന്നു. നാട്ടുകാരും പോലീസും ഇയാൾക്കായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
പ്രദേശത്തെക്കുറിച്ച് ധാരണയുള്ളയാളാണ് മോഷണത്തിന് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്. ലോകേഷിന്റെ ഭാര്യ അർച്ചനയുടെ പരാതിയിൽ കാസർകോട് ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എസ്.ഐ. വിഷ്ണുപ്രസാദിനാണ് അന്വേഷണച്ചുമതല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..