വളർത്തുപട്ടികളിൽ 99 ശതമാനത്തിനും ലൈസൻസില്ല


1 min read
Read later
Print
Share

വീടുകളിൽ ഒൻപതുലക്ഷം പട്ടികൾ

Image: Mathrubhumi

കണ്ണൂർ: മൃഗസംരക്ഷണ വകുപ്പിന്റെ കണക്കനുസരിച്ച് കേരളത്തിലെ വീടുകളിൽ വളർത്തുന്നത് ഒൻപത് ലക്ഷത്തോളം പട്ടികൾ. ഇവയിൽ ഒരു ശതമാനത്തിനുപോലും ലൈസൻസില്ല. തെരുവ് നായ്ക്കളുടെ എണ്ണം മൂന്നു ലക്ഷത്തോളവും വരും. പട്ടികൾക്ക് ലൈസൻസെടുക്കാൻ 50 രൂപയോളം മാത്രമേ ചെലവുള്ളൂ. വാക്ലിൻ സൗജന്യമായി എല്ലാ സർക്കാർ മൃഗാസ്പത്രികളിലും കിട്ടും. ഒ.പി.ടിക്കറ്റ്, വാക്സിനേഷൻ സർട്ടിഫിക്കറ്റ് എന്നിവയ്ക്കുള്ള ഫീസായി 30 രൂപ അടയ്ക്കണം.

പഞ്ചായത്തീരാജ് നിയമമനുസരിച്ച് പട്ടികളെ വളർത്താൻ ലൈസൻസ് എടുക്കണം. ചട്ടം ലംഘിച്ചാൽ 250 രൂപയാണ് പിഴ. ലൈസൻസ് എടുക്കേണ്ടത് തദ്ദേശ സ്ഥാപനങ്ങളിൽനിന്നാണ്. 15 രൂപയാണ് ഫീസ്. മൃഗാശുപത്രികളിൽനിന്ന് ലഭ്യമാകുന്ന വാക്സിനേഷൻ സർട്ടിഫിക്കറ്റ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ കാണിച്ചാൽ ലൈസൻസ് ലഭിക്കും.

മിക്ക വീടുകളിലും വളർത്തുന്നത് നാടൻ ഇനങ്ങളെയാണ്. ഇവയ്ക്ക് വാക്സിൻ എടുക്കുന്നില്ലെന്ന് മാത്രമല്ല, തുറന്നുവിടുന്നതും പതിവാണ്. പേവിഷബാധയ്ക്കിരയാവുന്നതും ഇത്തരം പട്ടികളാണ്.

ഭയപ്പെടണം പേവിഷബാധയെ

പേപ്പട്ടികളുടെ കടി ആഴത്തിൽ മുഖത്തും കഴുത്തിലും മറ്റുമേറ്റാൽ കുത്തിവെപ്പുപോലും പ്രയോജനപ്പെടുന്നില്ലെന്നാണ് അടുത്തയിടെ നടന്ന ചില സംഭവങ്ങൾ തെളിയിക്കുന്നത്. സംസ്ഥാനത്ത് 2017 മുതൽ ഇതുവരെ 11 ലക്ഷം പേർക്ക് നായയുടെ കടിയേറ്റു. 2022-ൽ ഇതുവരെ കടിയേറ്റത് 1.83ലക്ഷം പേർക്കാണ്. പേവിഷബാധയേറ്റ് കഴിഞ്ഞ രണ്ടു വർഷത്തിനിടെ മരിച്ചത് 21 പേരാണ്. ഇതിൽ ആറുപേർ വാക്സിനെടുത്തവരായിരുന്നു.

2022 സെപ്റ്റംബർ ഒന്നുമുതൽ സംസ്ഥാനത്തുടനീളം ത്രിതല പഞ്ചായത്തുകളുമായി കൈകോർത്തു പേവിഷബാധ പ്രതിരോധ ക്യാമ്പുകൾ ആരംഭിച്ചിട്ടുണ്ട്.

ഭീഷണിയായി വഴിയോര മാലിന്യങ്ങൾ

തെരുവുനായകൾ ഇത്രയും പെരുകാൻ കാരണം വഴിയോരങ്ങളിൽ കുമിയുന്ന മാലിന്യങ്ങളാണ്. പ്രത്യേകിച്ചും അറവ് മാലിന്യങ്ങൾ. അനധികൃത അറവുകേന്ദ്രങ്ങളെ ചുറ്റിപ്പറ്റിയാണ് 73 ശതമാനം തെരുവുനായകളും ജീവിക്കുന്നത്. മാംസാവശിഷ്ടം തിന്നു ശീലിച്ചവ വളർത്തുമൃഗങ്ങളെയും മനുഷ്യരെയും ആക്രമിക്കും.

Content Highlights: 99% of pet dogs does not have licence

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..