• ഹൃദയാഘാതമുണ്ടായ ആൻ മരിയയെ കട്ടപ്പനയിൽനിന്ന് കൊച്ചിയിലെത്തിച്ച ആംബുലൻസ് ഡ്രൈവർ സുബ്രഹ്മണ്യനും (വലത്തുനിന്ന് രണ്ടാമത്) സംഘവും
കൊച്ചി: ആൻ മരിയയുമായി കട്ടപ്പന സെയ്ന്റ് ജോൺസ് ആശുപത്രിയിൽനിന്ന് ആംബുലൻസ് പുറപ്പെട്ടത് 11.40-ന്. രോഗിയെ ആംബുലൻസിൽനിന്ന് കൊച്ചിയിൽ അമൃത ആശുപത്രിയിലേക്ക് കയറ്റുമ്പോൾ സമയം 2.12. വെറും രണ്ട് മണിക്കൂർ 32 മിനിറ്റുകൊണ്ട് പിന്നിട്ടത് ഏറെയും മലമ്പാതയായ 132 കിലോമീറ്റർ.
വെല്ലുവിളികളുടെ ഹെയർപിൻ വളവുകൾ താണ്ടിയാണ് ആൻ മരിയ എന്ന പെൺകുട്ടിയുമായി കട്ടപ്പന സർവീസ് സഹകരണ ബാങ്കിന്റെ ആംബുലൻസ് അമൃത ആശുപത്രിയിൽ കുതിച്ചെത്തിയത്. കുത്തനെയുള്ള ഇറക്കങ്ങളും കയറ്റങ്ങളും കൊടും വളവുകളും നിറഞ്ഞ പാതയിലൂടെ ജീവൻരക്ഷാ ദൗത്യം വിജയത്തിലെത്തിക്കുകയായിരുന്നു ആംബുലൻസ് ഡ്രൈവർ സുബ്രഹ്മണ്യൻ എന്ന മണിക്കുട്ടനും സംഘവും.
ആൻ മരിയയുടെ വല്യമ്മയുടെ സംസ്കാരം ബുധനാഴ്ചയായിരുന്നു. മരണാനന്തര പ്രാർഥനകൾക്കായി വ്യാഴാഴ്ച രാവിലെ പള്ളിയിൽ എത്തിയപ്പോഴാണ് ആൻ മരിയ ഹൃദയാഘാതം വന്ന് കുഴഞ്ഞുവീണത്. ഉടൻ കട്ടപ്പന സെയ്ന്റ് ജോൺസ് ആശുപത്രിയിലെത്തിച്ചു. പ്രാഥമിക ശുശ്രൂഷകൾ നൽകിയ ശേഷം അടിയന്തരമായി കൊച്ചിയിൽ അമൃത ആശുപത്രിയിലേക്ക് കൊണ്ടുപോകാനാണ് ഡോക്ടർമാർ നിർദേശിച്ചത്.
ആശുപത്രിയിൽനിന്ന് ഉടൻ ആംബുലൻസ് ഡ്രൈവർ മണിക്കുട്ടന് അടിയന്തര സന്ദേശം നൽകി. പണിക്കൻകുടിയിൽ പ്രവേശനോത്സവത്തിനെത്തിയ മന്ത്രി റോഷി അഗസ്റ്റിൻ വിവരമറിഞ്ഞ് ഇടപെട്ടു. ആംബുലൻസിനുള്ള പോലീസ് പൈലറ്റും വഴിയിൽ ഗതാഗതക്കുരുക്ക് ഉണ്ടാകാതിരിക്കാനുള്ള സംവിധാനവും സജ്ജമാക്കി. വാഹനം കടന്നു പോകുന്ന പോലീസ് സ്റ്റേഷനുകളിലെല്ലാം അറിയിപ്പ് നൽകിയതോടെ അവരും ജാഗ്രതയോടെ വഴിയൊരുക്കി. സമൂഹ മാധ്യമങ്ങളിലൂടെ റോഷി അഗസ്റ്റിൻ ഇക്കാര്യം അറിയിച്ചതോടെ ഒരുപാടുപേർ അത് ഷെയർ ചെയ്തു. സുരാജ് വെഞ്ഞാറമൂട് അടക്കമുള്ള സിനിമാ താരങ്ങൾ വാർത്ത ഷെയർ ചെയ്തു.
വിവിധ മാധ്യമങ്ങളിലും പോലീസ് സ്റ്റേഷനുകളിലും ആംബുലൻസ് എത്തുന്ന സമയത്തെക്കുറിച്ച് വിവരം ലഭിച്ചതോടെ പോലീസും സന്നദ്ധ പ്രവർത്തകരും വഴിയൊരുക്കി.
ആംബുലൻസിൽ മണിക്കുട്ടനൊപ്പം സഹ ഡ്രൈവറായി തോമസ് ദേവസ്യയും നഴ്‌സുമാരായ ടിൻസ് എബ്രഹാമും ബിബിൻ ബേബിയുമുണ്ടായിരുന്നു. ചെറുതോണി, മൂലമറ്റം, മുട്ടം, തൊടുപുഴ, മൂവാറ്റുപുഴ, കോലഞ്ചേരി, തൃപ്പൂണിത്തുറ, വൈറ്റില, ഇടപ്പള്ളി വഴിയാണ് അമൃതയിലെത്തിയത്.
പരിചിതമായ വഴിയായതിനാൽ വലിയ തടസ്സങ്ങളൊന്നുമുണ്ടായില്ലെന്ന് രണ്ടുവർഷമായി ആംബുലൻസ് ഡ്രൈവറായ മണിക്കുട്ടൻ പറഞ്ഞു. ‘‘ദൈവാനുഗ്രഹത്താൽ റോഡ് ബ്ലോക്ക് ഉണ്ടായില്ല. വഴിയിലെ യാത്രക്കാരും നാട്ടുകാരും ഒരുപാട് സഹായിച്ചു. ഹർത്താലിന്റെ പ്രതീതിയായിരുന്നു റോഡിൽ’’-അമൃത ആശുപത്രിയുടെ മുറ്റത്തുനിന്ന് മണിക്കുട്ടന്റെ വാക്കുകൾ.
ആൻ മരിയ ഗുരുതരാവസ്ഥയിൽ
കൊച്ചി: ഹൃദയാഘാതത്തെ തുടർന്ന് കട്ടപ്പന സെയ്ന്റ് ജോൺസ് ആശുപത്രിയിൽനിന്ന് ഇടപ്പള്ളി അമൃത ആശുപത്രിയിലെത്തിച്ച 17 വയസ്സുകാരിയായ ആൻ മരിയയുടെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അമൃത ആശുപത്രിയിൽ ഹൃദ്രോഗ വിഭാഗത്തിലെ ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് ചികിത്സിക്കുന്നത്. ക്രിട്ടിക്കൽ കെയർ യൂണിറ്റിലാണ് (സി.സി.യു.) പ്രവേശിപ്പിച്ചിരിക്കുന്നത്. ആൻ മരിയയെ കട്ടപ്പനയിൽനിന്ന് എത്തിക്കുന്ന വിവരം മുൻകൂട്ടി അറിയിച്ചതിനാൽ അമൃത ആശുപത്രിയിൽ ചികിത്സയ്ക്കു വേണ്ട എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിരുന്നു.
Content Highlights: A life-saving mission
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..