പ്രതീകാത്മക ചിത്രം | AP
തിരുവനന്തപുരം: സംസ്ഥാനകോൺഗ്രസിലെ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കുന്നതിന്റെ ഭാഗമായി കെ.പി.സി.സി. തലത്തിൽ മുതിർന്നനേതാക്കൾ ഉൾപ്പെടുന്ന സ്‌ക്രീനിങ് കമ്മിറ്റി നിലവിൽവരും. കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യു.ഡി.എഫ്. കൺവീനർ എം.എം. ഹസൻ എന്നിവരാണ് സമിതിയിലുണ്ടാകാൻ സാധ്യത.
ഡി.സി.സി. ഭാരവാഹികൾ, ബ്ലോക്ക് പ്രസിഡന്റുമാർ, മണ്ഡലം പ്രസിഡന്റുമാർ എന്നിവരുടെ പുനഃസംഘടനയാണ് ഉടനെ നടക്കേണ്ടത്. ലോക്‌സഭാതിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള ഒരുക്കങ്ങളുടെ ഭാഗമാണിത്. ഇതിനായി ജില്ലാതലസമിതി ചർച്ച നടത്തിയെങ്കിലും സമവായപ്പട്ടിക രൂപംകൊണ്ടിരുന്നില്ല.
പുതിയധാരണപ്രകാരം ജില്ലാതലസമിതികൾ അവിടെത്തന്നെ സമവായം കണ്ടെത്താൻ ശ്രമിക്കണം. തർക്കംതീരാത്തവ സംസ്ഥാനതലസമിതിക്ക് വിടണം. ജില്ലകളിൽനിന്നുവരുന്ന പേരുകൾ മുഴുവൻ കെ.പി.സി.സി.ക്ക് വിടണമെന്നും തീരുമാനം സംസ്ഥാനതലത്തിൽ എടുക്കാമെന്നുമുള്ള ഇടക്കാലത്തെ നിർദേശം ഒഴിവാക്കും.
പുനഃസംഘടന സംബന്ധിച്ച തീരുമാനങ്ങളിൽനിന്ന് മുതിർന്നനേതാക്കളെ ഒഴിവാക്കുന്നുവെന്നായിരുന്നു പരാതി. ഗ്രൂപ്പ് നേതൃത്വം ഉന്നയിച്ചുപോന്ന പരാതി എം.പി.മാരായ കെ. മുരളീധരൻ, എം.കെ. രാഘവൻ എന്നിവർ പരസ്യമായി പറഞ്ഞു. ഇതിന്റെപേരിൽ ഇരുവർക്കും നോട്ടീസ് നൽകുന്നതിൽ കാര്യങ്ങൾ ചെന്നെത്തി. ഇതോടെ ഡൽഹിയിൽ എം.പി.മാർ കൂട്ടമായി ഹൈക്കമാൻഡിനോട് പരാതിപ്പെട്ടു.
ഇതേത്തുടർന്നാണ് കെ.സി. വേണുഗോപാൽ, താരിഖ് അൻവർ എന്നിവരുടെ സാന്നിധ്യത്തിൽ ചർച്ചനടന്നത്.
എം.പി.മാരുമായുള്ള ചർച്ചയ്ക്കുമുമ്പുതന്നെ വേണുഗോപാൽ രമേശ് ചെന്നിത്തല, എം.എം. ഹസൻ എന്നിവരോട് സംസാരിച്ചിരുന്നു. പുനഃസംഘടന നടന്നപ്പോഴെല്ലാം ജില്ലാ, സംസ്ഥാനതല സമിതികളാണ് തർക്കം തീർത്തിരുന്നതെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി.
പാർട്ടിയുടെ ഔദ്യോഗികസംവിധാനങ്ങൾക്ക് പുറത്ത് മറ്റൊരു ആലോചനാസമിതിയുണ്ടാകുന്നതിനോട് സുധാകരന് യോജിപ്പുണ്ടായിരുന്നില്ല. കെ.പി.സി.സി. ഭാരവാഹികളുടെ യോഗം നിശ്ചിത ഇടവേളകളിൽ ചേരാറുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രമേശും ഹസനും സമിതിയിൽ വരുന്നത് ഗ്രൂപ്പ് പ്രതിനിധികളായിട്ടായിരിക്കില്ല. മുൻ പ്രതിപക്ഷനേതാവും യു.ഡി.എഫ്. കൺവീനറും എന്ന നിലകളിലായിരിക്കും. മറിച്ചുവന്നാൽ ഗ്രൂപ്പുകൾക്ക് ഔദ്യോഗിക അംഗീകാരം ലഭിക്കുമെന്നാകും.
മുല്ലപ്പള്ളി രാമചന്ദ്രൻ, വി.എം. സുധീരൻ, എം.എം. ഹസൻ എന്നിവർ കെ.പി.സി.സി. പ്രസിഡന്റായിരുന്ന കാലത്തൊക്കെ ജില്ലാ, സംസ്ഥാനതല സമിതികളാണ് പുനഃസംഘടനയ്ക്ക് നേതൃത്വം വഹിച്ചിരുന്നതെന്ന വാദം അംഗീകരിച്ചാണ് സ്‌ക്രീനിങ് കമ്മിറ്റി രൂപവത്‌കരിക്കാമെന്ന നിർദേശം അംഗീകരിച്ചത്.
പലപ്രാവശ്യം പരസ്യപ്രസ്താവനകൾവഴി അച്ചടക്കത്തിന്റെ അതിർത്തി ലംഘിച്ചതിനാലാണ് എം.പി.മാർക്ക് നോട്ടീസ് നൽകിയതെന്ന് സുധാകരൻ വാദിച്ചു. എന്നാൽ, അവർ എ.ഐ.സി.സി. അംഗങ്ങളായതിനാൽ തുടർനടപടി സംസ്ഥാനതലത്തിലുണ്ടാകില്ലെന്നും ധാരണയായി.
അതേസമയം, ഈ തീരുമാനങ്ങൾവഴി സംസ്ഥാനനേതൃത്വത്തെ ദുർബലപ്പെടുത്തുന്നുവെന്ന വ്യാഖ്യാനം വരരുതെന്നും ഹൈക്കമാൻഡ് നിർദേശിച്ചു. സ്‌ക്രീനിങ് കമ്മിറ്റിയെ കെ.പി.സി.സി. പ്രസിഡന്റ് തന്നെയാകും പ്രഖ്യാപിക്കുക.
Content Highlights: A screening committee will be appointed in Congress


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..