ഭൂമിക്കും ഉടൻ ആധാർ: ലോകത്തെ ഏറ്റവും വലിയ ഭൂവിവര ഡാറ്റാബേസ്, നാലുവർഷം വേണ്ടിവരുമെന്ന് സംസ്ഥാനം


അരുൺ സാബു

ഭൂ ആധാർ വഴി രാജ്യത്തെ സ്ഥലങ്ങളെ ഡിജിറ്റലായി രേഖപ്പെടുത്തുമ്പോൾ അതു ലോകത്തെ ഏറ്റവും വലിയ ഭൂവിവര ഡേറ്റാബേസായി മാറുമെന്ന് സമ്മേളനത്തിൽ കേന്ദ്രമന്ത്രി ഗിരിരാജ് സിങ് പറഞ്ഞു. ഡിജിറ്റൽവത്കരണം പൂർത്തിയാകുന്നതോടെ ഭൂമിയുമായി ബന്ധപ്പെട്ട തർക്കങ്ങളും കോടതിവ്യവഹാരങ്ങളും കുറയും.

പ്രതീകാത്മക ചിത്രം |ഫോട്ടോ:മാതൃഭൂമി

ന്യൂഡൽഹി: ഭൂമിക്ക് 14 അക്ക ഐ.ഡി. നൽകുന്ന ഭൂആധാർ അഥവാ യുണീക് ലാൻഡ് പാഴ്‌സൽ ഐഡന്റിഫിക്കേഷൻ നമ്പർ (യു.എൽ.പി.ഐ.എൻ.) 2024 മാർച്ചോടെ നടപ്പാക്കണമെന്ന് കേന്ദ്രസർക്കാർ. എന്നാൽ, പ്രായോഗിക ബുദ്ധിമുട്ടുള്ളതിനാൽ പദ്ധതി നടപ്പാക്കാൻ നാലുവർഷത്തെ സാവകാശംവേണമെന്ന് കേരളം കേന്ദ്രത്തെ അറിയിച്ചു. സംസ്ഥാനങ്ങളെയും കേന്ദ്രഭരണപ്രദേശങ്ങളെയും പങ്കെടുപ്പിച്ച് കേന്ദ്ര ഗ്രാമീണവികസനമന്ത്രാലയം സംഘടിപ്പിച്ച ഭൂ ആധാർ ദേശീയസമ്മേളനത്തിലാണ് കേരളം നിലപാട് അറിയിച്ചത്.

ഭൂ ആധാർ വഴി രാജ്യത്തെ സ്ഥലങ്ങളെ ഡിജിറ്റലായി രേഖപ്പെടുത്തുമ്പോൾ അതു ലോകത്തെ ഏറ്റവും വലിയ ഭൂവിവര ഡേറ്റാബേസായി മാറുമെന്ന് സമ്മേളനത്തിൽ കേന്ദ്രമന്ത്രി ഗിരിരാജ് സിങ് പറഞ്ഞു. ഡിജിറ്റൽവത്കരണം പൂർത്തിയാകുന്നതോടെ ഭൂമിയുമായി ബന്ധപ്പെട്ട തർക്കങ്ങളും കോടതിവ്യവഹാരങ്ങളും കുറയും.

രാജ്യത്ത് ഭൂമിയുടെ രജിസ്‌ട്രേഷന്റെ കംപ്യൂട്ടർവത്കരണം 94 ശതമാനം പൂർത്തിയായതായി ഭൂവിഭവവകുപ്പ് സെക്രട്ടറി അജയ് തിർക്കെ യോഗത്തിൽ അറിയിച്ചു. ഒൻപതുകോടി ലാൻഡ് പാഴ്‌സലുകൾക്ക് ഇപ്പോൾ ഭൂ ആധാറുണ്ട്. ഭൂരേഖകൾ വൈകാതെ 22 ഭാഷകളിൽ ലഭ്യമാക്കും. നിലവിൽ 26 സംസ്ഥാനങ്ങളിൽ പദ്ധതി നടപ്പാക്കിത്തുടങ്ങി. സമൂഹഉടമസ്ഥാവകാശം (കമ്യൂണിറ്റി ലാൻഡ് ഓണർഷിപ്പ്) നിലവിലിരിക്കുന്ന മേഘാലയ ഒഴികെയുള്ള സംസ്ഥാനങ്ങളിലും പദ്ധതി ഉടൻ നടപ്പാക്കും. ജ്യോഗ്രഫിക് ഇൻഫർമേഷൻ മാപ്പുകളാണ് (ജി.ഐ.എം.) ഭൂ ആധാറിനായി ഉപയോഗിക്കുന്നത്.

നാലുവർഷംകൊണ്ടു പൂർത്തിയാക്കാനുദ്ദേശിച്ച് നവംബറിൽ ആരംഭിച്ച ‘എന്റെ ഭൂമി’ ഡിജിറ്റൽ ലാൻഡ് സർവേ പൂർത്തിയാകുമ്പോൾ എല്ലാ വില്ലേജുകളിലും ഭൂ ആധാർ നടപ്പാക്കാമെന്നാണ് കേന്ദ്രത്തെ അറിയിച്ചത്.

കേരളത്തിന് ‘എന്റെ ഭൂമി’

നൂതനസങ്കേതങ്ങളുടെ സഹായത്തോടെ ഭൂമി അളന്ന് ഡിജിറ്റലായി രേഖപ്പെടുത്തുന്നതാണ് കേരളത്തിലെ ‘എന്റെ ഭൂമി’ ഡിജിറ്റൽ ലാൻഡ് സർവേ പദ്ധതി. യുണീക് തണ്ടപ്പേർ സിസ്റ്റത്തിൽ ആധാർവിവരങ്ങളും ഉൾപ്പെടുത്തുന്നുണ്ട്. നിലവിൽ 200 വില്ലേജുകളിൽ ഇതു പുരോഗമിക്കുകയാണ്. ഏപ്രിൽ അവസാനത്തോടെ 15 വില്ലേജുകളുടെ സർവേ പൂർത്തിയാക്കി മാതൃകാവില്ലേജുകളായി അവതരിപ്പിക്കും. നാലുവർഷംകൊണ്ട് സംസ്ഥാനത്തെ എല്ലായിടവും ഉൾപ്പെടുത്തി സർവേ പൂർത്തിയാക്കുകയാണ് ലക്ഷ്യം. ഇന്റഗ്രേറ്റഡ് ലാൻഡ് ഇൻഫർമേഷൻ മാനേജ്‌മെന്റ് സിസ്റ്റം (ഐ.എൽ.ഐ.എം.എസ്.) എന്ന പോർട്ടൽ വഴി ഭൂമിയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ലഭ്യമാക്കും. ഫലത്തിൽ 2026-ഓടെയേ ഇതു കേരളത്തിൽ പൂർണമായി നടപ്പാകാനിടയുള്ളൂ.

പരമ്പരാഗത ആധാരങ്ങളായതിനാൽ ഡിജിറ്റൽ സർവേ പൂർത്തിയാക്കാതെ ഭൂ ആധാർ പദ്ധതി നടപ്പാക്കാനാവില്ലെന്ന് കേരളത്തിനുവേണ്ടി പങ്കെടുത്ത ഉന്നതോദ്യോഗസ്ഥർ പറഞ്ഞു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..