അഭിലാഷ് ടോമി അച്ഛൻ വി.സി ടോമി, അമ്മ വൽസമ്മ എന്നിവരോടൊപ്പം എറണാകുളത്തെ വീട്ടിൽ.
കൊച്ചി : “നല്ല ക്ഷീണമുണ്ടെങ്കിലും ഒന്നോ രണ്ടോ മണിക്കൂർ ഉറങ്ങിയാൽ ഉടൻ ഉണരും. ഉറക്കം പഴയതുപോലെ ആകാൻ ഇനിയും കുറേ ദിവസമെടുക്കും. കടലിലെ ഏകാന്തനാളുകൾ പിന്നിട്ട് വീടണയുമ്പോൾ ഏറ്റവും വലിയ ആഗ്രഹം നന്നായിട്ടൊന്നുറങ്ങാനാണ്...” എറണാകുളം കണ്ടനാട്ടെ വീട്ടിൽ അച്ഛനും അമ്മയ്ക്കും അരികിൽ ഇരുന്ന് സംസാരിക്കുമ്പോളും അഭിലാഷ് ടോമിയുടെ കണ്ണുകളിൽ ഉറക്കം ബാക്കിയുണ്ടായിരുന്നു. പായ്‌വഞ്ചിയിൽ കടലിലൂടെ ഒറ്റയ്ക്ക് ലോകം ചുറ്റുന്ന ഗോൾഡൻ ഗ്ലോബ് മത്സരത്തിൽ രണ്ടാംസ്ഥാനം നേടി തീരം തൊട്ട അഭിലാഷ് വ്യാഴാഴ്ച അർധരാത്രി കഴിഞ്ഞാണ് വീട്ടിലെത്തിയത്. വെള്ളിയാഴ്ച പുലർച്ചെ അൽപനേരം ഉറങ്ങി ഉണർന്ന അഭിലാഷിന് രാവിലെ മുതൽ സ്വീകരണങ്ങളുടെയും പരിപാടികളുടെയും തിരക്കായിരുന്നു.
കടലിന്റെ ഏകാന്തത മാത്രം നിറഞ്ഞ 236 ദിവസങ്ങളിലായി 48000 കി.മീ. സഞ്ചരിച്ച് ഗോൾഡൻ ഗ്ലോബ് വിജയകരമായി പൂർത്തീകരിച്ചാണ് അഭിലാഷ് വീടണഞ്ഞത്. “വീട്ടിൽ കടലിൽ സഞ്ചരിക്കുമ്പോൾ ആകെയുള്ള സംസാരം ഇടയ്ക്ക് സാറ്റലൈറ്റ് ഫോണിലൂടെ ബന്ധപ്പെടുന്നതാണ്. മിക്ക ദിവസങ്ങളിലും കനത്ത ഏകാന്തതയിൽ ആരോടും ഒന്നും സംസാരിക്കാതെ കടലിലൂടെ ഒഴുകിക്കൊണ്ടിരുന്നു. അര മണിക്കൂറോ ഒരു മണിക്കൂറോ മാത്രമാണ് ഇതിനിടയിൽ ഉറങ്ങുക. ഉണർന്ന് കുറേനേരം കഴിഞ്ഞ് പിന്നെയും ഇത്തിരി നേരം ഉറങ്ങും. തീരം കാണാതെ കടലിന്റെ പരപ്പ് മാത്രം കണ്ട് സഞ്ചരിക്കുമ്പോൾ വല്ലാത്തൊരു ലോകമാണ്.” അഭിലാഷ് കടൽയാത്രയുടെ വികാരം പങ്കുവെച്ചു.
മകൻ തിരികെ വീടണയുമ്പോൾ നിറഞ്ഞ സന്തോഷത്തിലും അഭിമാനത്തിലുമാണ് അച്ഛൻ വി.സി. ടോമിയും അമ്മ വൽസമ്മയും.
മുൻ ലഫ്. കമാൻഡറായ ടോമിക്ക് മകൻ സഞ്ചരിച്ച കടലാഴങ്ങളുടെ പ്രതിസന്ധിയും നന്നായി അറിയാം. “അഭിലാഷ് ആദ്യത്തെ പായ്‌വഞ്ചിയോട്ടം കഴിഞ്ഞെത്തുമ്പോൾ അന്നത്തെ ഇന്ത്യൻ പ്രസിഡന്റായിരുന്ന പ്രണബ് മുഖർജി സ്വീകരണ ചടങ്ങിനെത്തിയിരുന്നു. ‘പ്രൗഡ് ഫാദർ ഓഫ് പ്രൗഡ് സൺ’ എന്നാണ് അന്ന് അദ്ദേഹം എന്നോട് പറഞ്ഞത്. അഭിലാഷിന്റെ നേട്ടം രാജ്യത്തിന്റെ മുഴുവൻ അഭിമാനമായിട്ടാണ് ഞാൻ കാണുന്നത്. ഒരു നാവികൻ എന്ന നിലയിൽ കടലിലൂടെ ഞാൻ സഞ്ചരിച്ചിട്ടുണ്ടെങ്കിലും പായ്‌വഞ്ചിയിൽ ഒറ്റയ്ക്ക് ലോകം ചുറ്റിയ അഭിലാഷിന്റെ യാത്ര വളരെ വ്യത്യസ്തമാണ്.” ടോമി പറഞ്ഞു.
മൂന്നോ നാലോ ദിവസം കൂടി എറണാകുളത്തെ വീട്ടിൽ അച്ഛനും അമ്മയ്ക്കും ഒപ്പം കഴിഞ്ഞ ശേഷം അഭിലാഷ് ഗോവയിലേക്ക് മടങ്ങും. അവിടെ ഭാര്യ ഉർമിമാലയും മക്കളായ വേദാന്തും അബ്രനീലും അഭിലാഷിനെ കാത്തിരിക്കുകയാണ്. “നാവികനെന്ന നിലയിൽ കടലും അതിലെ യാത്രകളും ഒരിക്കലും അവസാനിക്കില്ല. ഇനി എന്നെ കാത്തിരിക്കുന്ന കടൽ ഏതാണെന്നും ഇപ്പോൾ അറിയില്ല.” അഭിലാഷ് പറഞ്ഞു.
Content Highlights: Abhilash Tomy Golden Globe race kochi
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..