അപകടത്തിൽപ്പെട്ട ബസും ഓട്ടോയും. photo: mathrubhumi
പോത്തൻകോട്: ദേശീയപാതയിൽ പള്ളിപ്പുറം താമരക്കുളത്ത് ഓട്ടോറിക്ഷയിൽ കെ.എസ്.ആർ.ടി.സി. ഫാസ്റ്റ് പാസഞ്ചർ ഇടിച്ച് നാലു ദിവസം പ്രായമായ കുഞ്ഞുൾപ്പെടെ മൂന്നുപേർ മരിച്ചു. ഓട്ടോഡ്രൈവർ സുനിൽ(34), മണമ്പൂർ കാരൂർക്കോണം സ്വദേശികളായ മഹേഷ്-അനു ദമ്പതിമാരുടെ നാലു ദിവസം പ്രായമായ പെൺകുഞ്ഞ്, അനുവിന്റെ അമ്മ ശോഭ(41) എന്നിവരാണ് മരിച്ചത്.
പ്രസവാനന്തരം തിരുവനന്തപുരം മെഡിക്കൽ കോേളജിൽനിന്ന് അനു, കുഞ്ഞുമായി മണമ്പൂരിലെ വീട്ടിലേക്കു മടങ്ങവേ രാത്രി 8.40-നായിരുന്നു അപകടം. ഓട്ടോറിക്ഷയിൽ ഡ്രൈവറുൾപ്പെടെ ആറുപേരാണ് ഉണ്ടായിരുന്നത്. പരിക്കേറ്റ മഹേഷിനെ മെഡിക്കൽ കോളേജ്് ആശുപത്രിയിലും ഭാര്യ അനുവിനെയും മൂത്ത മകൻ അഞ്ചു വയസ്സുകാരൻ മകൻ വിഥുനെയും എസ്.എ.ടി. ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവർക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്.
ഇടിയുടെ ആഘാതത്തിൽ മഹേഷും രണ്ടു കുട്ടികളും ഓട്ടോറിക്ഷയിൽനിന്നു പുറത്തേക്കു തെറിച്ചുവീണു. ഓട്ടോഡ്രൈവർ സുനിൽ ബസിനും ഓട്ടോറിക്ഷയ്ക്കും ഇടയിൽ കുരുങ്ങിപ്പോയി. നാട്ടുകാരും ഫയർഫോഴ്‌സും ഏറെ പണിപ്പെട്ടാണ് ഡ്രൈവറെ പുറത്തെടുത്തത്. ഓട്ടോറിക്ഷ പൂർണമായും തകർന്നു. മുൻഭാഗം ബസിനടിയിൽ കുരുങ്ങിയ നിലയിലായിരുന്നു. കൊല്ലത്തുനിന്ന് തിരുവനന്തപുരത്തേക്കു വന്ന ബസാണ് അപകടത്തിനിടയാക്കിയത്. ബസിന്റെ അമിതവേഗമാണ് അപകടകാരണമെന്ന് പോലീസ് പറഞ്ഞു. മറ്റൊരു വാഹനത്തെ മറികടന്നെത്തിയ ബസ് ഓട്ടോറിക്ഷയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
പരിക്കേറ്റവരെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യമെത്തിച്ചത്. അപ്പോഴേക്കും നവജാതശിശു മരണപ്പെട്ടിരുന്നു. തുടർന്ന് മറ്റുള്ളവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഓട്ടോഡ്രൈവർ സുനിലും ശോഭയും മരിച്ചു. കുഞ്ഞിന്റെ മൃതദേഹം കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..