തങ്ങൾക്കും കുഞ്ഞാലിക്കുട്ടിക്കുമെതിരേ വാട്‌സാപ്പിൽ വിമർശനം; വയനാട് ജില്ലാ ലീഗ് ട്രഷററെ നീക്കി


1 min read
Read later
Print
Share

കല്പറ്റ: 22 പേരുടെ മരണത്തിനിടയാക്കിയ താനൂർ ബോട്ടപകടത്തിൽ മുസ്‌ലിം ലീഗ് സംസ്ഥാനപ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയുമുൾപ്പെടെയുള്ള നേതാക്കൾ സർക്കാരിന് അനുകൂലമായ നിലപാടെടുത്തെന്ന് വാട്‌സാപ്പ് ഗ്രൂപ്പിൽ വിമർശനമുന്നയിച്ച വയനാട് ജില്ലാട്രഷറർ യഹ്യാഖാൻ തലക്കലിനെ പദവികളിൽനിന്ന് നീക്കി.

ഇരുനേതാക്കളും മുഖ്യമന്ത്രി പിണറായി വിജയനൊപ്പം താനൂരിൽ വാർത്താസമ്മേളനത്തിൽ പങ്കെടുക്കുന്ന ചിത്രം മുസ്‌ലിംലീഗ് വയനാട് ജില്ലാകമ്മിറ്റിയുടെ വാട്‌സാപ്പ്‌ ഗ്രൂപ്പിൽ പങ്കുവെച്ചാണ് യഹ്യാഖാൻ വിമർശനമുന്നയിച്ചത്. ഇതേത്തുടർന്നാണ് യഹ്യാഖാനെ സംസ്ഥാനകമ്മിറ്റി എല്ലാ പദവികളിൽനിന്നും നീക്കംചെയ്തത്. കെ.എം. ഷാജി വിഭാഗത്തിന്റെ വയനാട്ടിലെ പ്രധാനനേതാവാണ് യഹ്യാഖാൻ. താനൂരിലെ ബോട്ടപകടത്തിലെ സർക്കാരിന്റെ അനാസ്ഥയെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതിനു പകരം സർക്കാരിനെ സംരക്ഷിക്കുന്ന നിലപാടാണ് കുഞ്ഞാലിക്കുട്ടിയും സാദിഖലി ശിഹാബ് തങ്ങളും സ്വീകരിച്ചത്. പിണറായി വിജയനെ സ്വീകരിക്കുന്നപോലെയായി ഇരുവരുടെയും നിലപാടെന്നായിരുന്നു യഹ്യാഖാന്റെ വിമർശനം. ഇത് നേതൃത്വത്തെ അധിക്ഷേപിക്കുന്നതെന്നാണ് പാർട്ടി നേതൃത്വം വിലയിരുത്തിയത്.

മുസ്‌ലിംലീഗ് നേതാക്കൾ മുഖ്യമന്ത്രിക്കൊപ്പം വാർത്താസമ്മേളനത്തിൽ പങ്കെടുത്തത് ലീഗിനകത്ത് വലിയ വിമർശനമുണ്ടാക്കിയിരുന്നു. അതേസമയം, കെ.എം. ഷാജി മുഖ്യമന്ത്രിക്കെതിരേയും മന്ത്രി വി. അബ്ദുറഹ്‌മാനെതിരേയും രൂക്ഷമായ വിമർശനവുമായെത്തിയതും ചർച്ചയായി. ഇക്കാര്യത്തിൽ മുസ്‌ലിംലീഗ് രണ്ടുതട്ടാണെന്ന അഭിപ്രായമുണ്ട്. അതിനെ ബലപ്പെടുത്തുന്ന ചർച്ചകൾ പാടില്ലെന്ന മുന്നറിയിപ്പിന്റെ ഭാഗമായിക്കൂടിയാണ് ഈ നടപടി. പാർട്ടിയുടെ ജില്ലാഭാരവാഹികൾമാത്രമുള്ള ഗ്രൂപ്പിലാണ് വിമർശനമുന്നയിച്ചതെന്നും നേതൃത്വത്തെ അധിക്ഷേപിച്ചില്ലെന്നുമാണ് യഹ്യാഖാനെ അനുകൂലിക്കുന്നവർ ഉന്നയിക്കുന്ന വിമർശനം. വിശദീകരണംപോലും ചോദിക്കാതെ ഏകപക്ഷീയമായാണ് നടപടിയെടുത്തതെന്നും വിമർശനമുണ്ട്.

സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രിമുത്തുക്കോയ തങ്ങൾക്കെതിരേ ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടതിന് നേരത്തേ യഹ്യാഖാനെതിരേ നടപടിയെടുത്തിരുന്നു.

Content Highlights: action against yahya khan thalakkal thalakkal for criticizing sadikali thangal kunjalikutty

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..