പോപ്പുലർ ഫ്രണ്ട് റെയ്ഡ്; സംശയത്തുടക്കം ഹോട്ടൽ ബില്ലിൽ


ടി.ജെ. ശ്രീജിത്ത്

2 min read
Read later
Print
Share

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ കോഴിക്കോട് മീഞ്ചന്തയിലെ സംസ്ഥാനകമ്മിറ്റി ഓഫീസായ യൂണിറ്റി ഹൗസിൽ റെയ്ഡ് നടക്കുമ്പോൾ കേന്ദ്രസേനയ്ക്ക് മുന്നിൽ പ്രതിഷേധിക്കുന്ന പ്രവർത്തകർ |ഫോട്ടോ: സാജൻ വി. നമ്പ്യാർ

കൊച്ചി: പോപ്പുലര്‍ ഫ്രണ്ടിനെതിരേയുള്ള നടപടികളുടെ തുടക്കം വിദേശ ‘ഹോട്ടല്‍ ബില്ലില്‍’ നിന്ന്. 2020-ല്‍ കോവിഡ് ലോക്‌ഡൗണ്‍ സമയത്ത് ഹോട്ടലുകള്‍ അടഞ്ഞുകിടന്നപ്പോള്‍ 29 ലക്ഷംരൂപ താമസത്തിന് ചെലവായെന്ന് കാണിച്ചുള്ള പണമിടപാടില്‍നിന്നാണ് അന്വേഷണ ഏജന്‍സികള്‍ പോപ്പുലര്‍ ഫ്രണ്ടിനെതിരേ സംശയമുനയെറിഞ്ഞത്.

കാമ്പസ് ഫ്രണ്ട് ദേശീയ ജനറല്‍ സെക്രട്ടറി റൗഫ് ഷെരീഫിന്റെ ബാങ്ക് അക്കൗണ്ടുകളാണ് അന്വേഷണ ഏജന്‍സികള്‍ പരിശോധിച്ചത്. രണ്ടരക്കോടി രൂപയോളം മൂന്ന് ബാങ്ക് അക്കൗണ്ടുകളില്‍ കണ്ടെത്തിയതില്‍ 64 ലക്ഷം രൂപയുടെ വിദേശപണമിടപാടുകള്‍ ഉണ്ടായിരുന്നു.

കൊല്ലം അഞ്ചല്‍ സ്വദേശിയായ റൗഫ് ഷെരീഫ്, കാമ്പസ് ഫ്രണ്ട്-പോപ്പുലര്‍ ഫ്രണ്ട് എന്നിവയുടെ സാമ്പത്തിക ഇടപാടുകളുടെ ഇടനിലക്കാരനാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കണ്ടെത്തിയിരുന്നു. ഒരു ബാങ്ക് അക്കൗണ്ടില്‍ 1.35 കോടി രൂപ 2018-2020 കാലയളവില്‍ ഉണ്ടായിരുന്നു. വിദേശത്തുനിന്നും 29.18 ലക്ഷം രൂപയുടെ നിക്ഷേപമുള്‍പ്പെടെയായിരുന്നു ഇത്.

2020 ഏപ്രില്‍-ജൂണ്‍ മാസത്തിലാണ് നൗഫല്‍ ഷെരീഫ്, റമീസ് അലി പ്രഭാത് എന്നിവർ 29 ലക്ഷംരൂപ റൗഫിന്റെ അക്കൗണ്ടിലേക്ക് വിദേശത്തുനിന്ന് നിക്ഷേപിച്ചത്. ബാങ്ക് രേഖകള്‍പ്രകാരം ഈ തുക ഹോട്ടലുകളിലെ താമസത്തിനെന്ന പേരിലാണ് ചേര്‍ത്തിരിക്കുന്നത്. എന്നാല്‍ റൗഫിന്റെ പേരില്‍ ഇന്ത്യയിലോ വിദേശത്തോ ഹോട്ടലുകള്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല. മാത്രമല്ല 2020 ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ കോവിഡ് മൂർധന്യത്തിലായിരുന്നതിനാല്‍ ഭൂരിഭാഗം ഹോട്ടലുകളും അടഞ്ഞുകിടന്ന സമയമായിരുന്നു. ഇതാണ് അന്വേഷണ ഏജന്‍സികള്‍ക്ക് ഈ ഇടപാടില്‍ സംശയംതോന്നാൻ കാരണം.

റൗഫിന്റെ മറ്റൊരു അക്കൗണ്ടില്‍ 2019-20 കാലയളവില്‍ 67 ലക്ഷം രൂപയുണ്ടായിരുന്നതായി കണ്ടെത്തി. ഇതില്‍നിന്ന് മേയിൽ 19.7 ലക്ഷം രൂപ ദോഹയിലേക്ക് അയച്ചിട്ടുണ്ട്. ഓക്ടോബറില്‍ 16 ലക്ഷം രൂപ ദോഹയില്‍നിന്ന് ഈ അക്കൗണ്ടിലേക്ക് വരികയുംചെയ്തു. മൂന്നാമത്തെ അക്കൗണ്ടില്‍ 2020-ല്‍ 20 ലക്ഷം രൂപ ഉണ്ടായിരുന്നതായും ഇ.ഡി. കണ്ടെത്തിയിരുന്നു.

ഈ സാമ്പത്തിക ഇടപാടുകളില്‍ കള്ളപ്പണ ഇടപാടുള്‍പ്പെടെ സംശയിച്ചാണ് അന്വേഷണങ്ങള്‍ക്ക് തുടക്കമിട്ടത്. റൗഫിനെ ഇ.ഡി. അറസ്റ്റും ചെയ്തു. പോപ്പുലര്‍ ഫ്രണ്ടിന്റെ പരിശീലനമുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഈ അക്കൗണ്ടുകളില്‍നിന്നുള്ള പണം ഉപയോഗിച്ചെന്നാണ് അന്വേഷണ ഏജന്‍സികള്‍ സംശയിക്കുന്നത്. എന്‍.ഐ.എ.യുടെ അന്വേഷണവും പിന്നാലെവന്നു. ഇതിന്റെ തുടര്‍ച്ചയായ റെയ്ഡുകളുടെ അവസാനഘട്ടമാണ് രാജ്യവ്യാപകമായി കഴിഞ്ഞദിവസം നടന്ന റെയ്ഡുകളും അറസ്റ്റും.

Content Highlights: Actions against Popular Front started from foreign 'hotel bill'

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..