ദിലീപും ശരത്തും | Photo: Screengrab
കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ പുനരന്വേഷണവുമായി ബന്ധപ്പെട്ട് ദിലീപിന്റെ സുഹൃത്തും ആലുവയിലെ ഹോട്ടൽ-ട്രാവൽസ് ഉടമയുമായ ശരത് ജി. നായരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കേസിൽ പരാമർശിക്കപ്പെട്ട വി.ഐ.പി. ആയി സംശയിക്കപ്പെടുന്ന ഇയാളെ ഇലക്‌ട്രോണിക് തെളിവുകൾ അടക്കം നശിപ്പിച്ച കുറ്റത്തിനാണ് അറസ്റ്റ് ചെയ്തത്. തുടരന്വേഷണവുമായി ബന്ധപ്പെട്ട ആദ്യ അറസ്റ്റാണിത്. ദിലീപിന് നടിയെ ആക്രമിച്ച ദൃശ്യങ്ങൾ കൈമാറിയ ആറാമൻ വി.ഐ.പി.യാണെന്നും ഇയാളെ കണ്ടാൽ മാത്രമേ തിരിച്ചറിയാനാകൂ എന്നും ബാലചന്ദ്രകുമാർ അറിയിച്ചിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് ഇത് ശരത്താണെന്ന് വ്യക്തമായത്. ശബ്ദ സാമ്പിളും പരിശോധിച്ചിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെ ആലുവ പോലീസ് ക്ലബ്ബിൽ വിളിച്ചുവരുത്തി മണിക്കൂറുകളോളം ചോദ്യംചെയ്ത ശേഷം വൈകീട്ടാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തെളിവ് നശിപ്പിക്കൽ, തെളിവ് ഒളിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപിന്റെ ആലുവയിലെ പത്മസരോവരം വീട്ടിൽ 2018 നവംബർ 15-ന് എത്തിച്ചുവെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. ഇത് വ്യക്തമാക്കുന്ന തെളിവുകൾ ക്രൈംബ്രാഞ്ചിന് ലഭിച്ചതായാണ് സൂചന. ദൃശ്യങ്ങൾ വീട്ടിലെത്തിച്ച ശേഷം നശിപ്പിച്ചത് ഇയാളുടെ നേതൃത്വത്തിലാണെന്നാണ് ക്രൈംബ്രാഞ്ച് നിഗമനം.
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിലെ ആറാംപ്രതിയാണ് ശരത്. സംവിധായകൻ ബാലചന്ദ്രകുമാറിനെ ഒപ്പമിരുത്തിയാണ് ശരത്തിനെ ചോദ്യം ചെയ്തത്. ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങൾ തെറ്റാണെന്നും ദൃശ്യങ്ങൾ കാണുകയോ കൈവശംവെയ്ക്കുകയോ ചെയ്തിട്ടില്ലെന്നും ശരത് ചോദ്യംചെയ്യലിൽ പറഞ്ഞു. ഗൂഢാലോചനയെക്കുറിച്ച് അറിയില്ലെന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരോട് പറഞ്ഞു.
അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ ശരത്തിന് ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിരുന്നു. ഇതിനു പിന്നാലെ ഇയാൾ ഊട്ടിയിലേക്ക് മുങ്ങി. തുടർന്ന് മുൻകൂർജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. ശരത്തിന്റെ വീട്ടിൽ റെയ്ഡ് നടത്തി മൊബൈൽ ഫോണും പാസ്‌പോർട്ടുൾപ്പെടെയും പിടിച്ചെടുത്തിരുന്നു. ദിലീപുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന ശരത് ദിലീപിന്റെ ബിസിനസ് പങ്കാളിയാണെന്നും ക്രൈംബ്രാഞ്ച് സംശയിക്കുന്നുണ്ട്.
അറസ്റ്റിലായ ശരത്തിനെ തിങ്കളാഴ്ച രാത്രി ജാമ്യത്തിൽ വിട്ടയച്ചു. കേസുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നു പുറത്തിറങ്ങിയ ശരത് മാധ്യമങ്ങളോട് പ്രതികരിച്ചു. ബാലചന്ദ്രകുമാർ പറയുന്നതെല്ലാം താൻ അംഗീകരിക്കണമെന്നില്ല. താൻ വ്യക്തമായ കാര്യങ്ങൾ അറിയിച്ചിട്ടുണ്ടെന്നും ശരത് പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..