’ഇന്ദുലേഖ’യിലെ നായകൻ അന്തരിച്ചു; ഏറ്റെടുക്കാൻ ആളില്ലാതെ മൃതദേഹം മോർച്ചറിയിൽ


രാജ് മോഹൻ

തിരുവനന്തപുരം: 1967-ൽ പുറത്തിറങ്ങിയ ഇന്ദുലേഖ സിനിമയിലെ നായകൻ രാജ്മോഹൻ (88) അന്തരിച്ചു. ഏറ്റെടുക്കാനാളില്ലാതെ മൃതദേഹം തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ മോർച്ചറിയിൽ. ഒ.ചന്തുമേനോന്റെ നോവലിനെ ആധാരമാക്കി കലാനിലയം കൃഷ്ണൻനായർ സംവിധാനം ചെയ്ത ’ഇന്ദുലേഖ’ സിനിമയിൽ മാധവൻ എന്ന നായകവേഷമായിരുന്നു രാജ്‌മോഹന്റേത്. അനാഥാലയത്തിലായിരുന്നു രാജ്മോഹന്റെ അവസാനകാലം.

കലാനിലയം കൃഷ്ണൻ നായരുടെ മരുമകൻ കൂടിയായിരുന്നു രാജ്മോഹൻ. കൃഷ്ണൻ നായർ തന്റെ ആദ്യ സിനിമയിലെ നായകനുവേണ്ടി പത്ര പരസ്യം ഉൾപ്പെടെ നൽകിയെങ്കിലും ഒടുവിൽ തന്റെ മകളുടെ ഭർത്താവായ രാജ്‌മോഹനെ നായകനാക്കുകയായിരുന്നു. കലാനിലയം തിയേറ്റേഴ്‌സാണു സിനിമ നിർമിച്ചത്. 1967 ഫെബ്രുവരിയിൽ ചിത്രം തിയേറ്ററുകളിലെത്തി. രാജ്‌മോഹൻ പിന്നീട് വിവാഹബന്ധം ഉപേക്ഷിച്ച് മാറി താമസിക്കുകയായിരുന്നു.ഇന്ദുലേഖയിലെ ശ്രദ്ധേയമായ വേഷത്തിന് പിന്നാലെ ഒട്ടേറെ സിനിമകളിൽ രാജ്‌മോഹൻ മുഖം കാണിച്ചിരുന്നു. എന്നാൽ വിവാഹബന്ധം വേർപെടുത്തിയതോടെ സിനിമയിൽ നിന്ന് അകന്നു. സിനിമാ അഭിനയത്തിൽ നിന്ന് പൂർണമായും വിട്ടുനിന്നു. തിരുവനന്തപുരം ഇൗഞ്ചയ്ക്കൽ സ്വദേശിയായ ഇദ്ദേഹം പരിചരിക്കാൻ ആളില്ലാതെ ഏറെക്കാലം ഒറ്റപ്പെട്ട് ജീവിക്കുകയായിരുന്നു. പിന്നീട് അദ്ദേഹം പുലയനാർകോട്ടയിലുള്ള സർക്കാർ അനാഥാലയത്തിൽ അന്തേവാസിയായി മാറി.

വർഷങ്ങളായി ഇവിടെയായിരുന്നു താമസം. കഴിഞ്ഞ നാലാം തീയതിയാണ് ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഞായറാഴ്ചയായിരുന്നു അന്ത്യം. അപ്പോൾ മുതൽ മൃതദേഹം ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തിങ്കളാഴ്ച വൈകീട്ടു വരെയും മൃതദേഹം ഏറ്റെടുക്കാൻ ആരുമെത്തിയില്ല.

എം.എ., എൽഎൽ.ബി. ബിരുദധാരിയായിരുന്നു രാജ്മോഹൻ. സിനിമ വിട്ടതിനുശേഷം ട്യൂഷനെടുത്താണ് ജീവിച്ചിരുന്നത്. എന്തെങ്കിലും സമ്പാദ്യമോ സർക്കാരിന്റെ വാർധക്യകാല പെൻഷന് അപേക്ഷിക്കാൻ ഒരു തിരിച്ചറിയൽ രേഖ പോലുമോ ഇദ്ദേഹത്തിനുണ്ടായിരുന്നില്ലെന്ന് അനാഥാലയ അധികൃതർ പറഞ്ഞു. അവസാനകാലത്ത് സീരിയലിൽ ചെറിയ വേഷമെങ്കിലും കിട്ടിയാൽ അഭിനയിക്കാമായിരുന്നുവെന്ന് ഇദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.

ഭൗതികശരീരം ഏറ്റുവാങ്ങുമെന്ന്

ചലച്ചിത്ര അക്കാദമി

തിരുവനന്തപുരം: ഏറ്റെടുക്കാൻ ആളില്ലാതെ ’ഇന്ദുലേഖ’ സിനിമയിലെ നായകൻ രാജ്മോഹന്റെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന വാർത്ത ശ്രദ്ധയിൽപ്പെട്ട സംസ്ഥാന ചലച്ചിത്ര അക്കാദമി മൃതദേഹം ഏറ്റുവാങ്ങാൻ മുന്നോട്ടുവന്നു. സാംസ്‌കാരിക വകുപ്പിന്റെ ചുമതലയുള്ള മന്ത്രി വി.എൻ. വാസവന്റെ നിർദേശപ്രകാരമാണിത്.

ഭൗതികശരീരം ഏറ്റുവാങ്ങാനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കുമെന്ന് സംസ്ഥാന ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ് അറിയിച്ചു. അദ്ദേഹത്തിന്റെ ദുരിതാവസ്ഥ കണ്ട് മുൻസർക്കാരിന്റെ കാലത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ, നിർമാതാവ് ജി.സുരേഷ് കുമാർ എന്നിവർ ഇദ്ദേഹത്തെ സന്ദർശിക്കുകയും പെൻഷൻ അനുവദിക്കുകയും ചെയ്തിരുന്നു. അക്കാദമി ചികിൽസാ സഹായവും നൽകിയിരുന്നു.

Content Highlights: Actor Rajmohan dead, Body in mortuary as no one came to accept

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..