‘സർക്കാർ ഒപ്പമില്ല’; അക്രമിക്കപ്പെട്ട നടി ഗുരുതര ആരോപണവുമായി ഹൈക്കോടതിയിൽ


1 min read
Read later
Print
Share

File Photo

കൊച്ചി: സർക്കാരിനും വിചാരണക്കോടതി ജഡ്ജിക്കുമെതിരേ ഗുരുതര ആരോപണവുമായി ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയിൽ ഹർജി നൽകി. നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം പാതിവഴിയിൽ അവസാനിപ്പിക്കാനും പാതിവെന്ത അന്തിമ റിപ്പോർട്ട് സമർപ്പിക്കാനും രാഷ്ട്രീയ ഉന്നതർ അന്വേഷണ സംഘത്തെ ഭീഷണിപ്പെടുത്തുന്നതായി ഹർജിയിൽ ആരോപിക്കുന്നു.

കോടതിയിലുള്ള മെമ്മറി കാർഡിന്റെ ഹാഷ് വാല്യുവിൽ മാറ്റംവന്നതായി ഫൊറൻസിക് ലാബിൽനിന്നുള്ള റിപ്പോർട്ട് ലഭിച്ചിട്ടും ഇക്കാര്യത്തിൽ വിചാരണക്കോടതി ജഡ്ജി ഒരു അന്വേഷണവും നടത്തിയില്ല. ഹൈക്കോടതിയുടെ മേൽനോട്ടമില്ലെങ്കിൽ തുടരന്വേഷണം ശരിയായവിധം നടക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടിയുടെ ഹർജി. തുടരന്വേഷണ റിപ്പോർട്ട് മേയ് 31-നകം നൽകാൻ അന്വേഷണസംഘം നീക്കം നടത്തുന്നതിനിടെയാണ് ഹർജി. ചൊവ്വാഴ്ച ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ച് പരിഗണിക്കും. ഈ ബെഞ്ച് മാറ്റണമെന്നാവശ്യപ്പെട്ട് നടിയുടെ അഭിഭാഷക ഹൈക്കോടതി രജിസ്ട്രാർക്ക് അപേക്ഷ നൽകിയിട്ടുണ്ട്.

ആദ്യഘട്ടത്തിൽ സർക്കാർ പിന്തുണ നൽകി

ആദ്യഘട്ടത്തിൽ ശരിയായ വിധമുള്ള അന്വേഷണത്തിന് എല്ലാ പിന്തുണയും സർക്കാർ നൽകിയിരുന്നു. സത്യസന്ധരായ ഉദ്യോഗസ്ഥരെ അന്വേഷണത്തിന് നിയോഗിക്കുകയും അതിനെ രാഷ്ട്രീയമായി ഉപയോഗിക്കുകയുംചെയ്തു. എട്ടാം പ്രതിയായ ദിലീപ് നേരിട്ടും അല്ലാതെയും ഭരണകക്ഷിയിലെ ചില നേതാക്കളെ സ്വാധീനിച്ചതോടെയാണ് തുടരന്വേഷണത്തിൽ ഇടപെടൽ ഉണ്ടാകുന്നതും അന്വേഷണം നേരത്തേ അവസാനിപ്പിക്കാൻ ശ്രമിക്കുന്നതും. പ്രതിയും ഭരണകക്ഷിയും തമ്മിലുള്ള അവിശുദ്ധ ബന്ധമാണ് ഇതിൽ പ്രകടമാകുന്നത്.

അന്വേഷണം ഉണ്ടാകില്ലെന്ന് അഭിഭാഷകർക്ക് ഉറപ്പുകിട്ടി

ദിലീപിന്റെ അഭിഭാഷകർ കേസിലെ തെളിവ് നശിപ്പിക്കാൻ ഇടപെടുകയും സാക്ഷികളെ സ്വാധീനിക്കുകയും ചെയ്തതിന്റെ തെളിവുകൾ പുറത്തുവന്നിട്ടുണ്ട്. അഭിഭാഷകരുടെ പങ്കിനെകുറിച്ച് അന്വേഷിക്കാൻ അന്വേഷണ ഉദ്യോഗസ്ഥർ ശ്രമിച്ചെങ്കിലും മുതിർന്ന അഭിഭാഷകനും കൂട്ടാളികൾക്കും ഭരണകക്ഷിയിലുള്ള സ്വാധീനത്തെ തുടർന്ന് ഇത് വിജയിച്ചില്ല. തുടരന്വേഷണം തങ്ങളിലേക്ക് എത്തില്ലെന്ന ഉറപ്പ് അഭിഭാഷകർക്ക് രാഷ്ട്രീയനേതൃത്വം നൽകിയതായാണ് അറിയാൻ കഴിഞ്ഞത്.

മെമ്മറി കാർഡ് നിയമവിരുദ്ധമായി പരിശോധിക്കുകയും കേടുവരുത്തുകയും ഉള്ളടക്കം കൈമാറ്റംചെയ്യുകയും ചെയ്തത് സംബന്ധിച്ച് ഒരു അന്വേഷണവും നടക്കാത്തതിലും ഇടപെടൽ ഉണ്ടെന്നും ഹർജിയിൽ പറയുന്നു.

Content Highlights: Actress attack case: Survivor alleges foul play, approaches HC

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..