ദിലീപ്| File Photo: PTI
കൊച്ചി: നടിയെ ആക്രമിച്ച ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന്റെ ഹാഷ് വാല്യു എങ്ങനെ മാറിയെന്ന് അറിയേണ്ടതുണ്ടെന്ന് പ്രോസിക്യൂഷൻ. ഹാഷ് വാല്യുവിൽ മാറ്റം ഉണ്ടെങ്കിലും അതിലെ വീഡിയോ ദൃശ്യങ്ങളുടെ ഹാഷ് വാല്യുവിൽ മാറ്റമില്ലെന്നാണ് ഫൊറൻസിക് ഡയറക്ടറുടെ റിപ്പോർട്ട് എന്ന് കോടതി ചൂണ്ടിക്കാട്ടിയതിന് മറുപടിയായാണ് പ്രോസിക്യൂഷൻ ഇക്കാര്യം വ്യക്തമാക്കിയത്.
കാർഡ് ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചാൽ എന്താണ് കുഴപ്പമെന്ന് ദിലീപിന്റെ അഭിഭാഷകനോടും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ചോദിച്ചു. കോടതിയിലുള്ള ദൃശ്യങ്ങളുടെ പകർപ്പ് മറ്റുള്ളവർക്ക് കിട്ടുകയോ കൃത്രിമം വരുത്തുകയോ ചെയ്താൽ തന്റെ ഭാവി എന്തായിരിക്കുമെന്ന് അതിജീവതയ്ക്കുവേണ്ടി അഭിഭാഷക ചോദിച്ചു.
വിചാരണക്കോടതിയിലുള്ള മെമ്മറികാർഡ് ഫൊറൻസിക് പരിശോധനയ്ക്ക് അയക്കണമെന്നാവശ്യപ്പെടുന്ന പ്രോസിക്യൂഷന്റെ ഹർജിയും തുടരന്വേഷണം അട്ടിമറിക്കുന്നുവെന്ന് ആരോപിക്കുന്ന അതിജീവിതയുടെ ഹർജിയുമാണ് കോടതി പരിഗണിക്കുന്നത്. ചൊവ്വാഴ്ച വാദം തുടരും. കേസിൽ ദിലീപും കക്ഷിചേർന്നിട്ടുണ്ട്.
ഹാഷ് വാല്യുവിൽ മാറ്റം ഉണ്ടായതായുള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മെമ്മറികാർഡ് വീണ്ടും ഫൊറൻസിക് പരിശോധനയ്ക്ക് വിധേയമാക്കണമെന്ന ആവശ്യം വിചാരണക്കോടതി നിഷേധിച്ചതിനെത്തുടർന്നാണ് പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിച്ചത്.
കൃത്രിമം നടത്തി എന്നാണോ കേസ്
മെമ്മറികാർഡ് പരിശോധിച്ചു എന്നതിലൂടെ എന്താണ് അർഥമാക്കുന്നതെന്ന് കോടതി ചോദിച്ചു. കൃത്രിമം നടത്തി എന്നതാണോ കേസെന്നും വാദത്തിനിടെ ചോദിച്ചു. അത് പറയാനാകില്ലെന്നും ഇക്കാര്യത്തിൽ വിദഗ്ധ പരിശോധനയാണ് ആവശ്യമെന്നും പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി.എ. ഷാജി വ്യക്തമാക്കി.
ഹാഷ് വാല്യുവിൽ മാറ്റം ഉണ്ടായതായുള്ള റിപ്പോർട്ട് വിചാരണക്കോടതിയിൽ വിചാരണ തുടങ്ങും മുൻപേ കിട്ടിയതാണ്. എന്നാൽ, ഇക്കാര്യം പ്രോസിക്യൂഷനെ അറിയിച്ചില്ല. തുടരന്വേഷണത്തിലാണ് ഇത്തരമൊരു റിപ്പോർട്ടുള്ള വിവരം അറിയുന്നത്.
മെമ്മറികാർഡ് പരിശോധനയ്ക്ക് അയക്കുന്നത് വിചാരണ വൈകാനിടയാക്കില്ലേ എന്ന് കോടതി ചോദിച്ചു. രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ പരിശോധനാ റിപ്പോർട്ട് ലഭിക്കുമെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി.
മെമ്മറികാർഡ് പരിശോധിക്കുന്നതിൽ എന്താണ് തെറ്റ്
കോടതിയിലിരിക്കുന്ന മെമ്മറി കാർഡ് പരിശോധിക്കുന്നതിൽ എന്താണ് തെറ്റെന്നും കോടതി ആരാഞ്ഞു. കോടതിക്ക് കാണാനാകില്ലെന്ന് എങ്ങനെ പറയും. കോടതിയിലാണെങ്കിലും പരിശോധിക്കാൻ കൃത്യമായ നടപടിക്രമങ്ങൾ ഉണ്ടെന്നായിരുന്നു പ്രോസിക്യൂഷന്റെ മറുപടി.
വിചാരണക്കോടതിയെ കുറ്റപ്പെടുത്താൻ അനുവദിക്കില്ല
വിചാരണക്കോടതിയെ കുറ്റപ്പെടുത്തുന്ന നിലപാട് ഉണ്ടായപ്പോൾ അത് അനുവദിക്കാനാകില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. ജുഡീഷ്യൽ ഓഫീസറെ ആക്രമിക്കാൻ അനുവദിക്കാനാകില്ല. അത് ശരിയല്ല. ഹാഷ് വാല്യുവിന്റെ കാര്യത്തിൽ ഫൊറൻസിക് ഡയറക്ടറുടെ റിപ്പോർട്ട് സർക്കാർതന്നെ തള്ളിപ്പറയുന്ന സ്ഥിതിയാണിപ്പോൾ. റിപ്പോർട്ട് അതിജീവിതയുടെ ആശങ്കയും പരിഹരിക്കുന്നതാണ്. പ്രോസിക്യൂഷന്റെ ആവശ്യം അത്ര നിഷ്കളങ്കമല്ലെന്നും കോടതി അഭിപ്രായപ്പെട്ടു.
Content Highlights: actress molestation case
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..