കേരള ഹൈക്കോടതി
കൊച്ചി: നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡിന്റെ ഹാഷ് വാല്യുവിൽ എങ്ങനെ മാറ്റംവന്നു എന്നറിയാനായുള്ള പരിശോധന കേന്ദ്ര ഫോറൻസിക് ലബോറട്ടറിയിൽ നടത്താനാകുമോ എന്ന് ഹൈക്കോടതി. ദിലീപിന്റെ അഭിഭാഷകൻ ഉന്നയിച്ച ആരോപണം കണക്കിലെടുത്താണ് കോടതി ഇക്കാര്യം ആരാഞ്ഞത്. എന്നാൽ, ഇത്തരമൊരു കീഴ്‌വഴക്കം തെറ്റായ സന്ദേശമായിരിക്കും നൽകുകയെന്ന വാദം ഉന്നയിച്ച് പ്രോസിക്യൂഷൻ ഇതിനെ എതിർത്തു. അതിജീവിതയുടെ അഭിഭാഷകയും ഈ നിർദേശത്തെ എതിർത്തു. എന്നാൽ, ഇക്കാര്യത്തിൽ സർക്കാരിന്റെ നിലപാട് അറിയിക്കാൻ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് നിർദേശിച്ചു. ഹർജിയിൽ വ്യാഴാഴ്ച വാദം തുടരും.
മെമ്മറി കാർഡ് കേന്ദ്ര ലബോറട്ടറിയിൽ പരിശോധനയ്ക്ക് അയയ്ക്കുന്നത് ക്രമസമാധാന ചുമതല കേന്ദ്രത്തിന് കൊടുക്കുന്നതിന് തുല്യമാണെന്നും പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി.എ. ഷാജി വാദിച്ചു. അന്വേഷണം സി.ബി.ഐ.യെ ഏൽപ്പിക്കുന്നതിന് സമമാണിത്. ദിലീപിന്റെ അഭിഭാഷകൻ ഉന്നയിക്കുന്ന ആരോപണം കണക്കിലെടുത്തുള്ള നിർദേശം അന്വേഷണത്തെ പ്രതിഭാഗം നയിക്കുന്നതിന് തുല്യമായിരിക്കും. അന്വേഷണത്തിൽ പ്രതിഭാഗത്തിന് റോളില്ലെന്നും വാദിച്ചു.
മെമ്മറി കാർഡിന്റെ ഹാഷ് വാല്യുവിൽ മാറ്റമു ള്ളതായ ഫോറൻസിക് ഡയറക്ടറുടെ റിപ്പോർട്ട് വിചാരണക്കോടതി അറിയിച്ചില്ലെന്ന പ്രോസിക്യൂഷന്റെ നിലപാട് തെറ്റാണെന്ന് കോടതി ചൂണ്ടിക്കാട്ടി. എല്ലാ രേഖകളും പരിശോധിച്ച് വിവരം പ്രോസിക്യൂഷനെ അറിയിക്കേണ്ട ബാധ്യത കോടതിക്കില്ല. അത്തരമൊരു ചട്ടവുമില്ല.
കോടതിയിലുള്ള മെമ്മറി കാർഡിന്റെ ഹാഷ് വാല്യുവിൽ എന്നാണ് മാറ്റം വന്നതെന്ന റിപ്പോർട്ട് നിലവിലുണ്ട്. പിന്നെ എന്തിനാണ് വീണ്ടും പരിശോധനയ്ക്ക് അയയ്ക്കുന്നത്. പ്രോസിക്യൂഷൻ അന്വേഷണ സംഘത്തിന്റെ മൗത്ത് പീസായി മാറുകയല്ല വേണ്ടത്.
കോടതിയിലിരിക്കേ മെമ്മറി കാർഡിൽ കൃത്രിമം നടത്തിയിട്ടുണ്ടെങ്കിലും അന്വേഷണം നടത്താനാകില്ല. ക്ലോൺഡ് കോപ്പി എടുക്കാനായി നൽകിയപ്പോൾ എന്തിനാണ് ഹാഷ് വാല്യുവിൽ മാറ്റം ഉണ്ടോ എന്നത് പരിശോധിച്ചതെന്നും കോടതി ചോദിച്ചു.
അത് സ്വാഭാവികമായ നടപടിയായിരുന്നുവെന്നും അതിന്റെ റിപ്പോർട്ട് കോടതിയിലേക്കാണ് അയച്ചതെന്നും പ്രോസിക്യൂഷൻ അറിയിച്ചു.
ഹാഷ് വാല്യു ആര് മാറ്റി എന്നറിയാനല്ല പരിശോധന വേണമെന്ന് ആവശ്യപ്പെടുന്നതെന്നും വ്യക്തമാക്കി. ഹാഷ് വാല്യു മാറ്റിയതിന്റെ പരിണതഫലമാണ് അറിയേണ്ടത്. അത് വിചാരണ വേളയിൽ ആവശ്യമാണ്. മറ്റ് വിഷയങ്ങളൊക്ക ദിലീപാണ് ഉന്നയിക്കുന്നതെന്നും വാദിച്ചു.
വിചാരണക്കോടതിയിലുള്ള മെമ്മറി കാർഡ് ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കണമെന്നാവശ്യപ്പെടുന്ന പ്രോസിക്യൂഷന്റെ ഹർജിയും തുടരന്വേഷണം അട്ടിമറിക്കുന്നുവെന്ന് ആരോപിക്കുന്ന അതിജീവിതയുടെ ഹർജിയുമാണ് കോടതി പരിഗണിക്കുന്നത്.
Content Highlights: actress molestation case
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..