ജഡ്ജിമാർക്ക് നൽകാനെന്ന പേരിൽ സൈബി ജോസ് വാങ്ങിയത് ലക്ഷങ്ങൾ


വി.എസ്. സിജു

ഹൈക്കോടതി വിജിലൻസ് രജിസ്ട്രാറുടെ കണ്ടെത്തലുകൾ ഞെട്ടിക്കുന്നത്

.

കൊച്ചി: ഹൈക്കോടതി ജഡ്ജിമാർക്ക് കൈക്കൂലി നൽകാനെന്ന പേരിൽ അഭിഭാഷകനായ സൈബി ജോസ് കിടങ്ങൂർ കക്ഷികളിൽനിന്ന് വൻതോതിൽ പണംവാങ്ങിയെന്ന് ഹൈക്കോടതി വിജിലൻസ് രജിസ്ട്രാറുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്. ഇക്കാര്യത്തിൽ പ്രഥമദൃഷ്ട്യാ തെളിവുണ്ട്. സൈബി ജോസിനെതിരേ കോടതിയലക്ഷ്യ നടപടിയടക്കം ശുപാർശചെയ്താണ് വിജിലൻസ് രജിസ്ട്രാർ കെ.വി. ജയകുമാർ ചീഫ് ജസ്റ്റിസിന് റിപ്പോർട്ടുനൽകിയത്.

സൈബി ജോസിനെതിരേ അന്വേഷണമാവശ്യപ്പെട്ട് ഹൈക്കോടതി രജിസ്ട്രാർ ജനറൽ സംസ്ഥാന പോലീസ് മേധാവിക്ക്‌ കത്തുനൽകിയിട്ടുണ്ട്. ഇക്കാര്യം ‘മാതൃഭൂമി’ ജനുവരി 15-ന് റിപ്പോർട്ടുചെയ്തിരുന്നു.

കൊച്ചി പോലീസ് കമ്മിഷണറുടെ നേതൃത്വത്തിലാണ് അന്വേഷണം. എന്നാൽ, ഇതുവരെ പോലീസിന് സൈബി ജോസിനെ ചോദ്യംചെയ്യാൻ പോലുമായിട്ടില്ല.

ഹൈക്കോടതി ജഡ്ജിമാർക്ക് കൈക്കൂലി നൽകാനെന്ന പേരിൽ സൈബി സിനിമാപ്രവർത്തകരടക്കമുള്ള കക്ഷികളിൽനിന്ന് വലിയതുക വാങ്ങിയെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

സൈബിയ്‌ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് ബാർ കൗൺസിലിനോട് നിർദേശിക്കുന്നതും കോടതിയലക്ഷ്യ നടപടി സ്വീകരിക്കുന്നതും പരിഗണിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡന്റാണ് സൈബി ജോസ് കിടങ്ങൂർ.

അഭിഭാഷകർ പറയുന്നു സൈബി പണംവാങ്ങിയിട്ടുണ്ട്

ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ, ജസ്റ്റിസ് എ. മുഹമ്മദ് മുഷ്‌താഖ്, ജസ്റ്റിസ് എ.എ. സിയാദ് റഹ്‌മാൻ എന്നിവർക്ക് കൈക്കൂലി നൽകാനെന്ന പേരിൽ സൈബി കക്ഷികളിൽനിന്ന് പണം വാങ്ങിയെന്നുള്ള നാലു അഭിഭാഷകരുടെ മൊഴിയും റിപ്പോർട്ടിലുണ്ട്. ജസ്റ്റിസ് കുഞ്ഞികൃഷ്ണനു നൽകാനെന്നു പറഞ്ഞ് 25 ലക്ഷംരൂപയും ജസ്റ്റിസ് മുഹമ്മദ് മുഷ്‌താഖിന് നൽകാനെന്ന പേരിൽ രണ്ടുലക്ഷംരൂപയും ജസ്റ്റിസ് സിയാദ് റഹ്‌മാനു നൽകാനെന്നപേരിൽ 50 ലക്ഷംരൂപയും സൈബി വാങ്ങിയത് അറിയാമെന്നാണ് അഭിഭാഷകർ മൊഴിനൽകിയത്.

ജസ്റ്റിസ് കുഞ്ഞികൃഷ്ണന് നൽകാനെന്ന പേരിൽ ലൈംഗിക പീഡനക്കേസിൽ പ്രതിയായ സിനിമാനിർമാതാവിൽനിന്ന് 25 ലക്ഷംരൂപ വാങ്ങിയെന്ന ആരോപണത്തെത്തുടർന്നാണ് സൈബിയുടെപേരിൽ വിജിലൻസ് രജിസ്ട്രാറുടെ അന്വേഷണം നടക്കുന്നത്.

Content Highlights: advocate saibi jose bribe case

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..