പ്രതീകാത്മക ചിത്രം/ ഫിലിപ്പ്
തിരുവനന്തപുരം: കാർഷികമേഖലയിൽ അടിസ്ഥാനസൗകര്യവികസനത്തിന് കേന്ദ്രസർക്കാർ രൂപംനൽകിയ വായ്പപ്പദ്ധതി ഒന്നരവർഷം പിന്നിടുമ്പോൾ കേരളത്തിൽ ഇതുവരെ വിതരണംചെയ്തത് 47 കോടി മാത്രം. 2025-26 വരെ 2520 കോടി രൂപയാണ് കേരളത്തിന് നീക്കിവെച്ചത്. ഇതിൽ 87 പദ്ധതികളിലായി 82 കോടിയുടെ വായ്പയ്ക്കാണ് അംഗീകാരം കിട്ടിയത്. വേണ്ടത്ര പ്രചാരണം നൽകാത്തതാണ് അപേക്ഷകർ കുറയാൻ കാരണം. വീഴ്ച മനസ്സിലാക്കി പദ്ധതിക്ക് സംസ്ഥാനസർക്കാർ ഊർജിതമായ പ്രചാരണം നൽകാൻ തീരുമാനിച്ചു.
കാർഷികമേഖലയിൽ ആസ്തികൾ സൃഷ്ടിക്കാനും വിളകൾ സംരക്ഷിക്കുന്നതിനുളള സൗകര്യങ്ങൾ ഉണ്ടാക്കാനും രണ്ടുകോടിരൂപവരെ വായ്പ നൽകുന്ന പദ്ധതിയാണിത്. കേന്ദ്രസർക്കാർതന്നെ ഗാരന്റി നൽകും. ബാങ്കുകൾ ഒമ്പതുശതമാനംവരെയുള്ള പലിശ മാത്രമേ ഈടാക്കാവൂ. അതിൽ മൂന്നുശതമാനം കേന്ദ്രസർക്കാർ നൽകും. ഏഴുവർഷംകൊണ്ടാണ് തിരിച്ചടയ്ക്കേണ്ടത്. കേരളത്തിൽ വാണിജ്യ-ഗ്രാമീണ ബാങ്കുകളിൽനിന്നും കേരള ബാങ്കിൽനിന്നുമാണ് വായ്പ അനുവദിക്കുന്നത്.
2020 ജൂലായിലാണ് പ്രധാനമന്ത്രി പദ്ധതി പ്രഖ്യാപിച്ചത്. രാജ്യത്താകെ ഒരുലക്ഷംകോടിയാണ് നൽകുന്നത്. സംസ്ഥാനങ്ങളിൽനിന്ന് ആദ്യംകിട്ടുന്ന അപേക്ഷകൾക്ക് ആദ്യം വായ്പ അനുവദിക്കുമെന്നതിനാൽ വൈകിയാൽ കേരളത്തിന് അനുവദിച്ചതുമുഴുവൻ പ്രയോജനപ്പെടുത്താൻ കഴിയില്ല. വായ്പ പ്രയോജനപ്പെടുത്തുന്നതിൽ ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങൾ മുന്നിലാണ്. എന്നാൽ, കേരളം ഉൾപ്പടെ ഒട്ടേറെ സംസ്ഥാനങ്ങൾ പിറകിലും. ആകെ അയ്യായിരത്തോളം കോടിയാണ് വിതരണംചെയ്യാനായത്.
കേരളത്തിലെ പുരോഗതി വിലയിരുത്താൻ ജൂൺ 24-ന് കേന്ദ്രസംഘം എത്തുന്നുണ്ട്. കൂടുതൽ അപേക്ഷകരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് കൃഷി വകുപ്പ്.
പദ്ധതികളുണ്ടോ? ഇപ്പോൾ അപേക്ഷിക്കാം
കേന്ദ്രസർക്കാരിന്റെ https//agriinfra.dac.gov.in എന്ന പോർട്ടലില്‍ ഇപ്പോൾ അപേക്ഷിക്കാം. കർഷകർക്കുപുറമേ, കർഷകസംഘങ്ങൾ, കാർഷികോത്പാദക സംഘങ്ങൾ, കൂട്ടുത്തരവാദിത്വസംഘങ്ങൾ, സ്വയംസഹായസംഘങ്ങൾ, തദ്ദേശസ്ഥാപനങ്ങളുടെ കീഴിലുള്ള പൊതു-സ്വകാര്യ പങ്കാളിത്ത സംരംഭങ്ങൾ, സഹകരണസ്ഥാപനങ്ങൾ, മാർക്കറ്റിങ് കോ-ഓപ്പററ്റീവ് സൊസൈറ്റി, മൾട്ടി പർപ്പസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി, നാഷണൽ ഫെഡറേഷൻ ഓഫ് കോ-ഓപ്പറേറ്റീവ്‌സ്, പ്രാഥമിക കാർഷിക സഹകരണസംഘം തുടങ്ങിയവയ്ക്കും അപേക്ഷിക്കാം.
പദ്ധതികൾ
സൂക്ഷ്മകൃഷിക്കുളള അടിസ്ഥാനസൗകര്യങ്ങൾ, വിത്തുത്പാദനം, ടിഷ്യൂകൾച്ചർ നേഴ്‌സറി, ജൈവവളം ഉത്‌പാദനം, വിതരണശൃംഖലകളുടെ അടിസ്ഥാനസൗകര്യം, പാക്കിങ് കേന്ദ്രങ്ങൾ, കാർഷികവിളകളുടെ വൃത്തിയാക്കൽ, ഉണക്കൽ, തരംതിരിക്കൽ, വെയർഹൗസ്, ധാന്യപ്പുരകൾ, കോൾഡ് സ്റ്റോറേജ്, ഇ- മാർക്കറ്റിങ് സൗകര്യമുളള വിതരണശൃംഖല, സോളാർപാനൽ നിർമാണം, റൈസ് ആൻഡ് ഫ്ളോർമിൽ, ഓയിൽ മിൽ, സുഗന്ധവ്യഞ്ജനങ്ങൾ പൊടിക്കൽ, ശർക്കര/പഞ്ചസാര സംസ്കരണം എന്നിവയാണ് നിർദേശിച്ചിട്ടുള്ള പദ്ധതികൾ.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ- തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം- 916235277042, ഇടുക്കി, എറണാകുളം -917010994083, തൃശ്ശൂർ, പാലക്കാട്, മലപ്പുറം-918075480273, വയനാട്, കോഴിക്കോട്- 918921785327, കണ്ണൂർ, കാസർകോട് -918547565214
Content Highlights: Agricultural Infrastructure Development Fund 2,520 crore for kerala
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..