എ.ഐ. ക്യാമറ; പിഴചുമത്തൽ വേഗത്തിലാക്കും; ഇതുവരെ കുടുങ്ങിയത് 56 വി.ഐ.പി. വാഹനങ്ങൾ


2 min read
Read later
Print
Share

പ്രതീകാത്മക ചിത്രം| Photo: Mathrubhumi

തിരുവനന്തപുരം: എ.ഐ. ക്യാമറകൾവഴി കണ്ടെത്തുന്ന നിയമലംഘനങ്ങളിൽ പിഴചുമത്തൽ വേഗത്തിലാക്കാൻ കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിക്കും. മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തിൽനടന്ന അവലോകനയോഗത്തിലാണ് തീരുമാനം. കൂടുതൽ ചെലാനുകൾ അയക്കാനുള്ള നടപടികൾ സ്വീകരിക്കാൻ കെൽട്രോണിന് നിർദേശം നൽകിയതായി മന്ത്രി പറഞ്ഞു. എൻ.ഐ.സി.യുടെ സർവറിലേക്ക് ദൃശ്യങ്ങൾ അയക്കാൻ കൂടുതൽ യൂസർ ഐ.ഡി.യും പാസ്‌വേഡും നൽകാനും ആവശ്യപ്പെടും.

ക്യാമറകൾ പ്രവർത്തിച്ചുതുടങ്ങിയ ജൂൺ അഞ്ചുമുതൽ എട്ടുവരെ 3,57,730 നിയമലംഘനങ്ങൾ കണ്ടെത്തിയതായി മന്ത്രി അറിയിച്ചു. 694 ക്യാമറകൾ പ്രവർത്തിക്കുന്നുണ്ട്. 80,743 കുറ്റകൃത്യങ്ങളാണ് കെൽട്രോൺ പരിശോധിച്ച് മോട്ടോർ വാഹനവകുപ്പിന് കൈമാറിയത്.

ഇതിൽ 10,457 പേർക്ക് പിഴ അടക്കാൻ നോട്ടീസ് അയച്ചു. 19,790 കുറ്റകൃത്യങ്ങൾ അപ്‌ലോഡ് ചെയ്തു. 6153 ചെലാനുകൾ ഹെൽമെറ്റില്ലാതെ ഇരുചക്രവാഹനം ഓടിച്ചതിനാണ്. 56 വി.ഐ.പി. വാഹനങ്ങളാണ് നിയമലംഘനത്തിന് പിടിക്കപ്പെട്ടത്. അതിൽ 10 എണ്ണത്തിന് നോട്ടീസ് അയക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വി.ഐ.പി. വാഹനങ്ങൾക്ക് പ്രത്യേക ഇളവില്ലെന്നും മന്ത്രി വ്യക്തമാക്കി. ജനപ്രതിനിധികളുടെ വാഹനങ്ങളും ഇതിൽ കുടുങ്ങിയിട്ടുണ്ട്.

ക്യാമറ ഓണായി അപകടം കുറഞ്ഞു

ക്യാമറകൾ പ്രവർത്തനസജ്ജമായ നാലുദിവസത്തിനിടെ സംസ്ഥാനത്ത് വാഹനാപകടമരണങ്ങൾ കുറഞ്ഞു. പ്രതിദിനമരണനിരക്ക് കുറയുന്നതായി മന്ത്രി ആന്റണി രാജു പറഞ്ഞു. വാഹനാപകടത്തിൽ കേടുപാടുണ്ടായ ക്യാമറകൾ ഉടൻ പുനഃസ്ഥാപിക്കാൻ നിർദേശം നൽകിയതായും മന്ത്രി പറഞ്ഞു.

ഒരു ചെലാനിൽ ഒന്നിലധികം കുറ്റങ്ങൾ

നിയമലംഘനങ്ങൾക്കുള്ള ഒരു ചെലാനിൽ ഒന്നിലധികം കുറ്റങ്ങൾ ഉൾക്കൊള്ളിക്കുന്നത് എ.ഐ. ക്യാമറ സംവിധാനത്തിലും തുടരും. ഉദാഹരണത്തിന് ഇരുചക്രവാഹനങ്ങളിലെ രണ്ടുപേരും ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ വാഹനയുടമയ്ക്ക് നൽകുന്ന ചെലാനിൽ രണ്ടുപേർക്കും പിഴചുമത്തും.

പിഴചുമത്തിയ നിയമലംഘനങ്ങൾ

സീറ്റ് ബെൽറ്റില്ലാതെ കാറോടിച്ചവർ 4993

മുൻസീറ്റിൽ

സീറ്റ് ബെൽറ്റില്ലാതെ യാത്രചെയ്തവർ 2903

ഹെൽമെറ്റ് ഇല്ലാതെ ഇരുചക്രവാഹനം 6153

പിന്നിൽ ഇരുന്നവർ 715

ഇരുചക്രവാഹനത്തിൽ രണ്ടിലധികം യാത്രക്കാർ 6

മൊബൈൽ ഫോൺ ഉപയോഗം 25

അതിവേഗം 2

ചെലാൻ തയ്യാറാക്കൽ വൈകുന്നതിന് കാരണം

കെൽട്രോണിന്റെയും മോട്ടർവാഹനവകുപ്പിന്റെയും ജീവനക്കാർ ജോലികളിൽ വൈദഗ്ധ്യം നേടിവരുന്നതേയുള്ളൂ. പരിചിതരായാൽ ദിവസം 200 നിയമലംഘനത്തിന്റെ ഫോട്ടോ ചെലാൻ തയ്യാറാക്കാൻ കഴിയും.

ക്യാമറകളുടെ ഭാഗമായ സ്റ്റോറേജ് സംവിധാനത്തിൽനിന്ന് സിം കമ്യൂണിക്കേഷൻ വഴിയാണ് കേന്ദ്ര കൺട്രോൾ റൂമിലേക്ക് ദൃശ്യങ്ങളെത്തുന്നത്. ഓരോ ക്യാമറയ്ക്കും കൊടുത്തിരിക്കുന്ന സമയത്തിനുള്ളിൽ കേന്ദ്ര കൺട്രോൾ റൂമിലേക്ക് ദൃശ്യങ്ങൾ അയക്കേണ്ടതുണ്ട്. 4ജി സംവിധാനമായതിനാൽ ഇതിൽ സമയനഷ്ടം ഉണ്ടാകുന്നുണ്ട്.

Content Highlights: ai camera traffic rule violation fine imposition

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..