കേരളത്തിലെ ആദ്യ അശോകചക്ര ജേതാവ് ആൽബി ഡിക്രൂസ് അന്തരിച്ചു


2 min read
Read later
Print
Share

കരസേന ആദരവ് നൽകും

ആൽബി ഡിക്രൂസ്

തിരുവനന്തപുരം: കേരളത്തിൽനിന്നു ആദ്യമായി അശോകചക്ര ഏറ്റുവാങ്ങിയ സൈനികൻ ആൽബി ഡിക്രൂസ് (87) ചെറിയതുറ സമൃദ്ധിയിൽ അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് വിശ്രമത്തിലായിരുന്നു. ചൊവ്വാഴ്ച രാവിലെ 7.30-നാണ് മരിച്ചത്. സംസ്‌കാരച്ചടങ്ങുകൾ ബുധനാഴ്ച രാവിലെ 10-ന് ചെറിയതുറ അസംപ്ഷൻസ് ദേവാലയത്തിൽ നടക്കും. അതിന് മുൻപ് കരസേനാ വിഭാഗം അദ്ദേഹത്തോടുള്ള ആദരവ് പ്രകടിപ്പിച്ച് അഭിവാദ്യം അർപ്പിക്കും.

അസം റൈഫിൾസിൽ കമ്യൂണിക്കേഷൻ വിഭാഗത്തിലായിരുന്നു ജോലി ചെയ്തിരുന്നത്. 1960-ൽ സ്വതന്ത്ര നാഗാലാൻഡ് ആവശ്യപ്പെട്ട, നാഗ ഒളിപ്പോരാളികളുമായി നടന്ന ആഭ്യന്തരയുദ്ധത്തിൽ കാട്ടിയ അസാമാന്യ ധീരത പരിഗണിച്ചാണ് രാജ്യം അശോകചക്ര നൽകി അദ്ദേഹത്തെ ആദരിച്ചത്. അസമിന്റെ അതിർത്തി കാക്കുന്ന മേഖലയിൽ സേവനം അനുഷ്ഠിക്കുമ്പോഴാണ് ആൽബി നാഗ കലാപകാരികളുമായുള്ള പോരാട്ടത്തിൽ പങ്കെടുത്തത്. 1962 ഏപ്രിൽ 30-ന് ഡൽഹിയിൽ നടന്ന ചടങ്ങിൽ അന്നത്തെ പ്രസിഡന്റ് ഡോ. രാജേന്ദ്രപ്രസാദാണ് ലാൻസ് നായിക്‌ ആയിരുന്ന ആൽബിക്ക് അശോകചക്ര സമ്മാനിച്ചത്. പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവും ചടങ്ങിൽ അദ്ദേഹത്തെ അഭിനന്ദിച്ചു. 1975-ൽ സൈന്യത്തിൽനിന്ന് ഹവിൽദാറായി വിരമിച്ചശേഷം ആൽബി ദുബായിൽ വാർത്താവിനിമയ സംവിധാനങ്ങളുടെ വില്പനശാലയിൽ ഉദ്യോഗസ്ഥനായി. പിന്നീട് ചെറിയതുറയിലേക്കു മടങ്ങി കുടുംബവീട്ടിൽ താമസിക്കുകയായിരുന്നു. ഭാര്യ: മെറ്റിൽഡ. മക്കൾ: ഗ്ലാ‍ഡിസ്റ്റൺ, ശോഭ, പരേതനായ ഇഗ്‌നേഷ്യസ്. മരുമക്കൾ: ഹേസൽ, വർഗീസ്, റൂബിനെറ്റ്.

ധീരതയുടെ കർമജീവിതം

തിരുവനന്തപുരം: രാജ്യത്തിനുവേണ്ടി നാഗാ ഓളിപ്പോരാളികളുടെ തോക്കിനും അമ്പിനും മുന്നിൽ പതറാതെ പോരാടിയ ധീരതയുടെ കർമജീവിതമായിരുന്നു ആൽബി ഡിക്രൂസിന്റേത്. അതിനു ലഭിച്ച അംഗീകാരം കേരളത്തിലെ ആദ്യ അശോകചക്ര ജേതാവെന്ന ബഹുമതിയിലേക്ക് അദ്ദേഹത്തെ ഉയർത്തി.

ശംഖുംമുഖം കടപ്പുറത്ത് ഫുട്‌ബോൾ കളിച്ചു നടന്ന യുവാവ്, 1959-ലാണ് 22-ാം വയസ്സിൽ അസം റൈഫിൾസിൽ ചേരുന്നത്. അച്ഛൻ ഡൊമിനിക് ഡിക്രൂസ്, തിരുവിതാംകൂർ രാജകുടുംബത്തിനു സ്വന്തമായിരുന്ന മൂന്നു കപ്പലുകളിലൊന്നിന്റെ അമരക്കാരനായിരുന്നു. ചരക്കിറക്കി മടങ്ങുന്ന കപ്പൽ ശംഖുംമുഖം കൊട്ടാരത്തിന് അകലെയാണ് നങ്കൂരമിടുന്നത്. ഒരു ദിവസം ആൽബി കടൽ നീന്തി കപ്പലിലെത്തുകയും തിരിച്ചുവരികയും ചെയ്തു. കരയിൽ ഇതു കണ്ടുനിന്ന മേജർ ദേവപാലൻ(ചലച്ചിത്ര താരങ്ങളായിരുന്ന ലളിത, പദ്മിനി, രാഗിണിമാരുടെ സഹോദരൻ) ആൽബിയോട്‌ പട്ടാളത്തിൽ ചേരാൻ താത്പര്യമുണ്ടോയെന്നു തിരക്കി. അതേയെന്ന് അദ്ദേഹം അറിയിച്ചു. പിറ്റേന്ന് വട്ടിയൂർക്കാവിലെ മേജറുടെ വസതിയിൽെവച്ചായിരുന്നു തിരഞ്ഞെടുപ്പ്.

1960-ലായിരുന്നു നാഗന്മാരുടെ ഗറില്ലാ ആക്രമണം. ലാൻസ് നായിക്കായിരുന്ന ആൽബിക്ക് ആക്രമണം നടന്ന പോസ്റ്റിലെ സിഗ്നൽ കമ്യൂണിക്കേഷന്റെ ചുമതലയുണ്ടായിരുന്നു. വയർലെസ് സെറ്റ്‌ വഴി യുദ്ധവിവരങ്ങൾ പട്ടാള ആസ്ഥാനത്ത് അറിയിക്കുകയായിരുന്നു ജോലി. പട്ടാളക്യാമ്പിനെ നാഗാ ഒളിപ്പോരാളികൾ വളഞ്ഞിരുന്നു. ആക്രമണം തുടങ്ങി ആദ്യ ദിവസം വയർലെസിന്റെ ബാറ്ററി പ്രവർത്തിപ്പിക്കാനുള്ള പെട്രോൾ തീർന്നു. പുറത്തെ ബങ്കറിൽനിന്നു കൊണ്ടുവരാൻ ചുമതലപ്പെട്ട ജവാൻമാർ ഭയപ്പെട്ടു. തന്റേതല്ലാത്ത ദൗത്യം സ്വയമേറ്റെടുത്ത ആൽബി, ഇരുട്ടിന്റെ മറവുപറ്റി ഒറ്റയ്ക്കു പോയി ഇന്ധന ബാരൽ ചുമന്നുകൊണ്ടുവന്നു. രണ്ടാം ദിവസം സേനയുടെ വിമാനത്തിൽ ആയുധങ്ങളെത്തി. ആകാശത്തുനിന്നു നിലത്തിട്ട രണ്ടു പെട്ടി ആയുധങ്ങളിൽ ഒരെണ്ണം ക്യാമ്പിനു പുറത്താണ് വീണത്. ആയുധങ്ങൾ നാഗാ പോരാളികൾക്കു ലഭിച്ചാൽ അവർ പട്ടാള ക്യാമ്പ് ചുട്ടെരിക്കും. ആൽബിയല്ലാതെ മറ്റൊരാൾ ഈ ഓപ്പറേഷനു തയ്യാറല്ലായിരുന്നു. ഒറ്റയ്ക്കെടുത്താൽ പൊങ്ങാവുന്നതിലുമധികം ഭാരമുള്ള പെട്ടി ആൽബി കഷ്ടപ്പെട്ട് ക്യാമ്പിലെത്തിച്ചു.

തുടർന്നുള്ള ആക്രമണങ്ങളിൽ 10 ഭടന്മാർ കൊല്ലപ്പെട്ടു. ക്യാമ്പിൽ ഏഴുപേരുള്ളപ്പോൾ ഇന്ത്യൻ സേന സ്ഥലത്തെത്തി. ചൈനയുടെ പിന്തുണയോടെ സ്വതന്ത്ര നാഗാലാൻഡ് എന്ന നാഗന്മാരുടെ ആവശ്യത്തിനു തടയിടാൻ ആൽബിയും സംഘവും കാട്ടിയ ധീരതയെ ഇന്ത്യൻ സേന അംഗീകരിച്ചു. ഒരു ബ്രിഗേഡിയറുടെ നിർദേശപ്രകാരമാണ് ആൽബിയെ അശോകചക്രയ്ക്കു പരിഗണിച്ചത്. 24-ാം വയസ്സിൽ ഈ ബഹുമതി കിട്ടിയ ചുരുക്കം ഭടന്മാരിലൊരാളാണ് അദ്ദേഹം. കേരളത്തിലെ ലത്തീൻ സമുദായത്തിൽനിന്നുള്ള ഏകനും.

Content Highlights: Albi D cruz Kerala's first Ashoka Chakra winner

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..