എല്ലാ പ്രാഥമിക സഹകരണസംഘങ്ങളുടെയും നിക്ഷേപത്തിന് ഒരേ പലിശ നല്‍കണം; കേരളബാങ്കിന് നിര്‍ദേശം


1 min read
Read later
Print
Share

പ്രതീകാത്മക ചിത്രം | മാതൃഭൂമി

തിരുവനന്തപുരം: എല്ലാ പ്രാഥമിക സഹകരണസംഘങ്ങളുടെയും നിക്ഷേപത്തിന് ഒരേ പലിശ നല്‍കണമെന്ന് കേരളബാങ്കിന് സഹകരണസംഘം രജിസ്ട്രാറുടെ നിര്‍ദേശം. നിക്ഷേപത്തിന് സംഘങ്ങള്‍ പൊതുജനങ്ങള്‍ക്ക് നല്‍കുന്ന പലിശയെക്കാള്‍ കുറഞ്ഞനിരക്ക് കേരളബാങ്ക് സംഘങ്ങള്‍ക്ക് നല്‍കുന്ന രീതിയാണ് തിരുത്തുന്നത്. പലിശനിര്‍ണയത്തിലെ അപാകം പ്രാഥമിക സംഘങ്ങളില്‍ കടുത്ത സാമ്പത്തികപ്രതിസന്ധിയുണ്ടാക്കുമെന്ന് ‘മാതൃഭൂമി’ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പ്രാഥമികസംഘങ്ങളെ രണ്ടുതട്ടിലാക്കി പലിശനല്‍കുന്ന കേരളബാങ്കിന്റെ നിലപാടിനെ പലിശനിര്‍ണയ ഉന്നതതലസമിതിയുടെ കണ്‍വീനര്‍കൂടിയായ രജിസ്ട്രാര്‍ നിശിതമായി വിമര്‍ശിക്കുന്നുണ്ട്. കേരളബാങ്ക് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ക്ക് നല്‍കിയ കത്തിലാണ് പലിശ ഏകീകരിക്കണമെന്നു നിര്‍ദേശിച്ചിട്ടുള്ളത്.

പ്രാഥമിക സഹകരണബാങ്കുകള്‍ ഒഴികെയുള്ള മറ്റു സഹകരണസംഘങ്ങള്‍ക്ക് കേരളബാങ്കില്‍നിന്ന് പലിശസംരക്ഷണം ലഭിക്കാതെവരുന്നത് സഹകരണ മേഖലയില്‍ ഗുരുതരപ്രതിസന്ധിയാണ് ഉണ്ടാക്കിയിട്ടുള്ളതെന്നാണ് രജിസ്ട്രാറുടെ കത്തില്‍ പറയുന്നത്.

പ്രാഥമിക സഹകരണബാങ്കുകള്‍, വായ്‌പേതര സംഘങ്ങള്‍ എന്നിവയെല്ലാമായി 15,564 പ്രാഥമിക സഹകരണസംഘങ്ങളാണുള്ളത്. അംഗങ്ങളില്‍നിന്ന് ഏഴുശതമാനം പലിശനിരക്കില്‍ നിക്ഷേപം സ്വീകരിക്കാന്‍ ഓരോ സംഘത്തിനും അനുമതിയുണ്ട്. സ്വീകരിച്ച നിക്ഷേപത്തില്‍നിന്ന് അവരുടെ ആവശ്യം കഴിഞ്ഞ് അധികംവരുന്ന തുക കേരളബാങ്കില്‍ നിക്ഷേപിക്കണമെന്നാണ് വ്യവസ്ഥ.

ഇതില്‍ പ്രാഥമിക സഹകരണബാങ്കുകളുടെ നിക്ഷേപത്തിന്, അവര്‍ നിക്ഷേപകര്‍ക്ക് നല്‍കുന്ന അതേനിരക്കില്‍ കേരളബാങ്ക് പലിശ നല്‍കും. 1607 സംഘങ്ങള്‍ മാത്രമാണ് ഈ വിഭാഗത്തിലുള്ളത്. ഭൂരിപക്ഷംവരുന്ന വായ്‌പേതരസംഘങ്ങള്‍ക്ക് ഈ പരിഗണനയില്ല. ഇവയ്ക്ക് 6.25 ശതമാനം പലിശയാണ് കേരളബാങ്ക് നല്‍കുന്നത്. നിക്ഷേപംകൊണ്ടുമാത്രം ഓരോ സംഘങ്ങളും 0.75 ശതമാനം നഷ്ടം നേരിടുന്ന സ്ഥിതിയായി. 2021 മാര്‍ച്ചിലെ കണക്കനുസരിച്ച് 8179 കോടിരൂപയാണ് വായ്‌പേതരസംഘങ്ങളുടെ കേരളബാങ്കിലെ നിക്ഷേപം.

മിസലേനിയസ് സഹകരണസംഘം ആക്‌ഷന്‍ കൗണ്‍സില്‍ എന്ന പേരില്‍ കൂട്ടായ്മയുണ്ടാക്കി സഹകാരികള്‍ പ്രതിഷേധം ശക്തമാക്കിയതോടെയാണ് സഹകരണവകുപ്പ് തിരുത്തല്‍ നടപടി സ്വീകരിച്ചത്.

കേരളബാങ്ക് രൂപവത്കരണത്തിനുമുമ്പ് ജില്ലാസഹകരണബാങ്കുകള്‍ എല്ലാ പ്രാഥമിക സഹകരണസംഘങ്ങള്‍ക്കും പലിശസംരക്ഷണം നല്‍കിയിരുന്നുവെന്ന് കേരളബാങ്കിന് നല്‍കിയ രജിസ്ട്രാറുടെ കത്തില്‍ പറയുന്നു. ലാഭക്ഷമതയെ ബാധിക്കുമെന്ന കാരണത്താലാണ് ഈ സംരക്ഷണം പ്രാഥമിക സഹകരണബാങ്കുകള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുന്ന നിലപാട് കേരളബാങ്ക് സ്വീകരിച്ചത്.

Content Highlights: All primary co-operative societies shall pay the same interest on their deposits; Instructions to K

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..