മാസംതോറും സർചാർജിന് അനുമതി; വൈദ്യുതിബിൽ കുതിക്കും


1 min read
Read later
Print
Share

kseb

തിരുവനന്തപുരം: വൈദ്യുതിക്ക് മാസംതോറും സ്വമേധയാ സർചാർജ് ഈടാക്കാൻ വൈദ്യുതി ബോർഡിന് റെഗുലേറ്ററി കമ്മിഷന്റെ അനുമതി. കേന്ദ്രസർക്കാരിന്റെ നിർദേശമനുസരിച്ച് ഇതിനുള്ള ചട്ടങ്ങൾ കമ്മിഷൻ അന്തിമമാക്കി. യൂണിറ്റിന് പരമാവധി 10 പൈസയാണ് ബോർഡിന് ഈടാക്കാവുന്നത്.

കരടുചട്ടങ്ങളിൽ 20 പൈസയാണ് നിർദേശിച്ചിരുന്നത്. ബോർഡ് ആവശ്യപ്പെട്ടത് 40 പൈസയും. ഇതാണ് 10 പൈസയായി കമ്മിഷൻ പരിമിതപ്പെടുത്തിയത്. ജൂൺ ഒന്നിന് നിലവിൽവരും.

വൈദ്യുതി ഉത്പാദനത്തിനുള്ള ഇന്ധനത്തിന്റെ വിലകൂടുന്നതുകാരണമുണ്ടാകുന്ന അധികച്ചെലവാണ് സർചാർജിലൂടെ ഈടാക്കുന്നത്. നിലവിൽ മൂന്നുമാസത്തിലൊരിക്കൽ ബോർഡ് നൽകുന്ന അപേക്ഷയിൽ ഉപഭോക്താക്കളുടെ വാദം കേട്ടശേഷമാണ് കമ്മിഷൻ സർചാർജ് തീരുമാനിച്ചിരുന്നത്.

ജൂൺ ഒന്നുമുതൽ പത്തുപൈസയിൽ കൂടാത്ത സർചാർജ് മാസംതോറും ഈടാക്കാൻ ബോർഡിന് സ്വമേധയാ തീരുമാനിക്കാം. ഇത് ഉപഭോക്താവിന്റെ ഭാരം കൂട്ടും.

ഇതല്ലാതെത്തന്നെ ജൂൺ പകുതിയോടെ വൈദ്യുതിനിരക്ക് കൂടാനിരിക്കുകയാണ്. യൂണിറ്റിന് 41 പൈസ കൂട്ടണമെന്നാണ് ബോർഡ് ആവശ്യപ്പെട്ടത്. കമ്മിഷൻ തീരുമാനമെടുത്തിട്ടില്ല.

പത്തുപൈസ നിയന്ത്രണം എല്ലായ്‌പ്പോഴും ബാധകമാവില്ല

പുതിയചട്ടം നിലവിൽവന്നാലും പരമാവധി 10 പൈസ എന്ന നിയന്ത്രണം ആദ്യ ഒമ്പതുമാസം ബാധകമാവില്ല. പഴയചട്ടങ്ങളുടെ അടിസ്ഥാനത്തിൽ ഒമ്പതുമാസത്തെ സർചാർജ് അനുവദിക്കാൻ ബോർഡ് നേരത്തേ കമ്മിഷന് അപേക്ഷ നൽകിയിട്ടുണ്ട്.

ആദ്യത്തെ മൂന്നുമാസം 30 പൈസയും അടുത്ത മൂന്നുമാസം 14 പൈസയും അതിനടുത്ത മൂന്നുമാസം 16 പൈസയും വേണമെന്നാണ് ബോർഡ് ആവശ്യപ്പെട്ടത്. ഈ അപേക്ഷകളിൽ കമ്മിഷൻ തീരുമാനമെടുത്തിട്ടില്ല. ചട്ടം മാറ്റിയതിനു മുമ്പുള്ള അപേക്ഷയായതിനാൽ പഴയചട്ടം അനുസരിച്ചുതന്നെ കമ്മിഷന് ഇത് അനുവദിക്കേണ്ടിവരും. ബോർഡ് സ്വമേധയാ ചുമത്തുന്ന പത്തുപൈസയ്ക്കൊപ്പം അതും ഈടാക്കും.

അതിനുശേഷം മാസം എത്രരൂപ അധികച്ചെലവുണ്ടായാലും പത്തുപൈസയേ സ്വമേധയാ ഈടാക്കാവൂ. അതിൽക്കൂടുതലുള്ളത് നീട്ടിവെക്കണം. ഇത് ഈടാക്കാൻ മൂന്നുമാസത്തിലൊരിക്കൽ ബോർഡിന് കമ്മിഷനെ സമീപിക്കാം. രണ്ടുമാസത്തെ ബിൽ കാലയളവിൽ ഓരോ മാസവും വ്യത്യസ്തനിരക്കിൽ സർചാർജ് വന്നാൽ രണ്ടുമാസത്തെ ശരാശരിയാണ് ഈടാക്കുക.

Content Highlights: Allowance for monthly surcharge Electricity bill will go up

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..