നികുതിനിശ്ചയിച്ച കെട്ടിടങ്ങൾക്ക് രൂപമാറ്റം; കർശനനടപടിക്ക് സർക്കാർ


1 min read
Read later
Print
Share

Photo: Print

തിരുവനന്തപുരം: കെട്ടിടനികുതി നിശ്ചയിച്ചശേഷം തറവിസ്തീർണത്തിലോ ഉപയോഗക്രമത്തിലോ വരുത്തിയ മാറ്റം മേയ് 15-നകം അറിയിക്കണം. ഇങ്ങനെ അറിയിക്കാത്ത കെട്ടിട ഉടമകളിൽനിന്ന് പിഴ ഈടാക്കും.

കെട്ടിടങ്ങൾക്ക് മാറ്റംവരുത്തിയ വിവരം 30 ദിവസത്തിനകം തദ്ദേശസ്ഥാപന സെക്രട്ടറിയെ രേഖാമൂലം അറിയിച്ചില്ലെങ്കിൽ 1000 രൂപ പിഴയായി ഈടാക്കാമെന്നാണ് വ്യവസ്ഥ. വർധിപ്പിച്ച നികുതി 1000 രൂപയെക്കാൾ അധികമാണെങ്കിൽ ആ തുകയാണ് പിഴയായി നൽകേണ്ടിവരുക. പുതിയ കെട്ടിടം പൂർത്തിയായതും ഉപയോഗിക്കുന്നതും 15 ദിവസത്തിനകം അറിയിച്ചില്ലെങ്കിൽ 500 രൂപയിൽ കവിയാത്ത തുകയാണ് പിഴ. ഇതും മേയ് 15-നകം അറിയിച്ചാൽ പിഴ ഒഴിവാകും. ബജറ്റ് നിർദേശത്തിനുശേഷം തദ്ദേശവകുപ്പ് പുറത്തിറക്കിയ ഉത്തരവിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

ഉടമ, വിവരം അറിയിച്ചാലും ഇല്ലെങ്കിലും കെട്ടിടങ്ങളുടെ വിവരം സ്ഥലപരിശോധന നടത്തി ജൂൺ 30-നകം ശേഖരിക്കും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും നികുതി നിർണയിക്കുക.

ഏകകുടുംബ വാസഗൃഹത്തിന് പ്രത്യേക പരിഗണന നൽകുന്നുണ്ട്. വീടിന്റെ പ്ലിന്ത് നിരപ്പിൽ അല്ലാത്തതും കൂട്ടിച്ചേർത്തതിൽ തുറന്നതോ, ഭിത്തി അല്ലെങ്കിൽ ഗ്രിൽവെച്ച് കെട്ടിത്തിരിക്കാത്തതോ ആയ വരാന്ത, ഷെഡ് എന്നിവയുടെ വിസ്തീർണം കൂട്ടിച്ചേർത്ത അളവിൽ ഉൾപ്പെടുത്തില്ല. വിസ്തീർണം അളന്ന് നികുതിനിശ്ചയിച്ചശേഷം ഓരോ വാർഡിലെയും പത്തുശതമാനം കെട്ടിടങ്ങളിൽ പ്രത്യേക പരിശോധന നടത്തും.

വിവരശേഖരണം നടത്തിയ കെട്ടിടങ്ങളുടെ ഉദ്യോഗസ്ഥതല പരിശോധനയിൽ 25 ശതമാനത്തിലധികം വ്യത്യാസം കണ്ടാൽ ആദ്യംപരിശോധിച്ചയാളുടെ നഷ്ടോത്തരവാദിത്വത്തിൽ വീണ്ടും വിവരം ശേഖരിക്കും. പുനഃപരിശോധനയിൽ അഞ്ചുശതമാനംവരെയുള്ള വ്യത്യാസം അവഗണിക്കും. നികുതിനിർണയത്തിലെ ആക്ഷേപം തീർപ്പാക്കാൻ സമിതിയുമുണ്ടാകും.

കെട്ടിടനികുതി വർധിപ്പിക്കുമ്പോൾ ലൈബ്രറി സെസ് പോലുള്ള സേവന ഉപനികുതികളും പുതുക്കും. ഇതുവരെ ഉപനികുതിയില്ലാത്ത കെട്ടിടങ്ങൾക്കും ഇത് ബാധകമാക്കാമെന്ന് സർക്കാർ വ്യക്തത വരുത്തി. കേന്ദ്രസർക്കാരിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങൾക്ക് നികുതി ബാധകമല്ല. എന്നാൽ, സർവീസ് ചാർജ് ഈടാക്കാമെന്നും ആവർത്തിക്കുന്നു.

പുതിയ നികുതി നിരക്കുകൾ ഏപ്രിൽഒന്നുമുതൽ

: ഏപ്രിൽഒ ന്നുമുതലാണ് പുതിയ നികുതി നിരക്കുകൾ പ്രാബല്യത്തിൽ വരുന്നത്. താമസാവശ്യത്തിനുള്ള 60 ചതുരശ്ര മീറ്റർവരെയുള്ള കെട്ടിടങ്ങളുടെ ഉടമയ്ക്ക് നികുതി ഇളവുണ്ട്.

Content Highlights: Alteration of Taxable Buildings Govt to take strict action

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..