വിദ്യാർഥിനിയുടെ ആത്മഹത്യ: പ്രിൻസിപ്പൽ സെക്രട്ടറി അന്വേഷിക്കും, മന്ത്രിമാർ ഇന്ന് കാഞ്ഞിരപ്പള്ളിയിൽ


2 min read
Read later
Print
Share

അധ്യാപകരെ കോളേജ് ഗേറ്റിനുമുന്നിൽ തടഞ്ഞുവച്ചിരിക്കുന്നു.

തിരുവനന്തപുരം: അമൽജ്യോതി കോളേജിൽ വിദ്യാർഥിനി ജീവനൊടുക്കിയ സംഭവം ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി അന്വേഷിക്കുമെന്ന് മന്ത്രി ആർ.ബിന്ദു അറിയിച്ചു. വിദ്യാർഥികൾ ഉന്നയിക്കുന്ന ആവശ്യങ്ങൾക്കു പരിഹാരംകാണാൻ മാനേജ്മെന്റ്, വിദ്യാർഥി പ്രതിനിധികളുമായി മന്ത്രിമാരായ ബിന്ദുവും വി.എൻ.വാസവനും ചർച്ചനടത്തും. ബുധനാഴ്ച രാവിലെ പത്തിന് കാഞ്ഞിരപ്പള്ളി ടി.ബി.യിലാണ് ചർച്ച.

അതേസമയം, അധ്യാപകർ പക്വമായ രീതിയിൽ കുട്ടികളെ കൈകാര്യം ചെയ്യണമെന്ന് മന്ത്രി ബിന്ദു അഭിപ്രായപ്പെട്ടു. സ്വാഭാവികമായ വൈകാരികതയുടെ ഭാഗമാണ് കുട്ടികളുടെ പ്രതിഷേധം. കോളേജിലെത്തുന്ന വിദ്യാർഥികൾ പ്രായപൂർത്തിയായവരാണ്. അതു സ്ഥാപനങ്ങൾ മനസ്സിലാക്കുന്നില്ല.

അധ്യാപകരും ഹോസ്റ്റൽജീവനക്കാരും അടക്കമുള്ളവർ കുട്ടികളോട് മാന്യമായി പെരുമാറണം. ആരോഗ്യകരമായ സൗഹൃദത്തിനുള്ള വാതിൽപോലും കൊട്ടിയടയ്ക്കുന്നു. അങ്ങനെ സദാചാര പോലീസിങ് നടക്കുന്നു. വ്യക്തിസ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റമാണ് ഇതൊക്കെ. അധ്യാപകർ കുട്ടികളെ പക്വമായി കൈകാര്യംചെയ്യാൻ പഠിക്കേണ്ടതുണ്ട്. അതാണ് അമൽജ്യോതി കോളേജിലെ സംഭവങ്ങൾ സൂചിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ചില സ്വാശ്രയ കോളേജുകൾ വിദ്യാർഥികൾക്കുമേൽ അമിതനിയന്ത്രണം അടിച്ചേൽപ്പിക്കുന്നു. ഇത് അംഗീകരിക്കാനാവില്ല. വിദ്യാർഥികളുടെ അവകാശപ്രഖ്യാപനരേഖ ഉന്നതവിദ്യാഭ്യാസവകുപ്പ് തയ്യാറാക്കിവരുകയാണെന്നും അത് ഉടൻ പുറത്തിറക്കുമെന്നും മന്ത്രി അറിയിച്ചു.

ചീഫ് വിപ്പിനെയും അധ്യാപകരെയും തടഞ്ഞുവെച്ചു

കാഞ്ഞിരപ്പള്ളി: കോളേജ് ഹോസ്റ്റലിൽ വിദ്യാർഥിനി തൂങ്ങിമരിച്ച സംഭവത്തിൽ രണ്ടാംദിവസവും അമൽജ്യോതി കോളേജ് കാമ്പസിൽ പ്രതിഷേധം. കോളേജ് അധികൃതരും വിദ്യാർഥികളും തമ്മിൽ നടത്തിയ ചർച്ച പരാജയപ്പെട്ടു. വിദ്യാർഥികളും അധ്യാപകരുമായി പലതവണ വാക്കേറ്റമുണ്ടായി. വൈകീട്ട്‌ ജനപ്രതിനിധികളെയും അധ്യാപകരെയും കുട്ടികൾ ഗേറ്റ് പൂട്ടി തടഞ്ഞുവെച്ചു. പോലീസ് മർദനമുണ്ടായെന്ന് കുട്ടികൾ പരാതിപ്പെട്ടു.

ചൊവ്വാഴ്ച രാവിലെമുതൽ കോളേജിന് മുൻപിൽ കെ.എസ്.യു., എ.ബി.വി.പി. പ്രവർത്തകരുടെ പ്രതിഷേധമുണ്ടായി. കാഞ്ഞിരപ്പള്ളി-എരുമേലി റോഡിൽ പലവട്ടം ഗതാഗതം സ്തംഭിച്ചു. കോളേജ് ഹോസ്റ്റൽ അടച്ചിട്ടും കാമ്പസ് വിട്ടുപോകാതെ വിദ്യാർഥികൾ ഉള്ളിലും സമരം നടത്തി.

ഉച്ചയ്ക്ക് ആരംഭിച്ച ചർച്ച രണ്ടുമണിക്കൂറോളം നീണ്ടു. ചർച്ചയിൽ ചീഫ് വിപ്പ് ഡോ. എൻ.ജയരാജ്, ഡിവൈ.എസ്.പി. എം.അനിൽകുമാർ, ആറ് വിദ്യാർഥികൾ, മാനേജ്‌മെന്റ് പ്രതിനിധികൾ എന്നിവരാണ് പങ്കെടുത്തത്. മരണത്തിന് കാരണക്കാരായ അധ്യാപകർക്കെതിരേയും ഹോസ്റ്റൽ വാർഡനെതിരേയും നടപടി സ്വീകരിക്കുക, സമരത്തിനിറങ്ങിയ വിദ്യാർഥികൾക്കെതിരേ പ്രതികാര നടപടി ഒഴിവാക്കുക, സ്റ്റുഡൻസ് കൗൺസിൽ പുനസ്സംഘടിപ്പിക്കുക, വെൽനസ് കമ്മിറ്റി രൂപവത്‌കരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കുട്ടികൾ ഉന്നയിച്ചത്. വിദ്യാർഥികൾ കാമ്പസിനുള്ളിൽ പ്രതിഷേധമുയർത്തി. ചർച്ചയ്‌ക്കുശേഷം വന്ന ചീഫ് വിപ്പ് ഡോ. എൻ.ജയരാജിനെ തടഞ്ഞു. ഇതോടെ പോലീസ് ഇടപെട്ടു. പോലീസും വിദ്യാർഥികളും തമ്മിൽ കൈയാങ്കളിയുണ്ടായി. കോളേജ് കവാടങ്ങൾ കുട്ടികൾ അടച്ചു. വൈകീട്ട് ഹോസ്റ്റൽ തുറക്കണമെന്നും ഭക്ഷണം നൽകണമെന്നുള്ള ആവശ്യം അധികൃതർ അംഗീകരിച്ചതോടെയാണ് ഗേറ്റുതുറന്ന് വനിതാ അധ്യാപകരെയടക്കം വിട്ടത്. ഒരുമണിക്കൂറോളം ഗേറ്റ് പൂട്ടിയിട്ടിരുന്നു.

ചർച്ചയിൽ വിദ്യാർഥികൾ ആവശ്യപ്പെട്ട കാര്യങ്ങൾ അംഗീകരിച്ചെന്നും ഇത് സംബന്ധിച്ചുള്ള തീരുമാനങ്ങളിൽ വിദ്യാർഥി പ്രതിനിധികൾ ഒപ്പുവെച്ച് പുറത്തിറങ്ങിയശേഷമാണ് സമരം തുടർന്നതെന്നും കോളേജ് അധികൃതരും കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി.യും അറിയിച്ചു. വിദ്യാർഥികളെ മർദിച്ചിട്ടില്ലെന്നും പോലീസ് അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കോളേജിലെ ഫുഡ് ടെക്‌നോളജി വിഭാഗം രണ്ടാംവർഷ വിദ്യാർഥിനിയായ എറണാകുളം തിരുവാങ്കുളം സ്വദേശി പുതുർക്കപ്പറമ്പിൽ പി.പി.സതീഷിന്റെയും ദയാ സതീഷിന്റെയും മകളായ ശ്രദ്ധ സതീഷിനെ(20) കോളേജ് ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

യുവജന കമ്മിഷൻ സ്വമേധയാ കേസെടുത്തു

സംഭവത്തിൽ കേരള സംസ്ഥാന യുവജന കമ്മിഷൻ സ്വമേധയാ കേസെടുത്തു. സമഗ്രമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ പോലീസ് മേധാവിയോട് യുവജന കമ്മിഷൻ ചെയർമാൻ എം.ഷാജർ ആവശ്യപ്പെട്ടു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

Content Highlights: Amal Jyothi college suicide

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..