Amit Shah | Photo: Sabu Scaria
തൃശ്ശൂർ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ ഞായറാഴ്ചത്തെ തൃശ്ശൂർ സന്ദർശനം പാർലമെന്റ് തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കത്തിന്റെ കേരളത്തിലെ തുടക്കമാകും. അമിത്ഷാ പങ്കെടുക്കുന്നത് തൃശ്ശൂർ പാർലമെന്റ് മണ്ഡലം നേതൃയോഗത്തിലാണ്. തുടർന്നുള്ള ദിവസങ്ങളിൽ നിരവധി ദേശീയ നേതാക്കൾ കേരളത്തിലെത്തുമെന്നും ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് പത്രസമ്മേളനത്തിൽ അറിയിച്ചു. ഓരോ പാർലമെന്റ് മണ്ഡലത്തിലും തിരഞ്ഞെടുപ്പ് മാനേജ് മെന്റ് കമ്മിറ്റിയായി. എല്ലാ മണ്ഡലങ്ങളിലും യോഗങ്ങൾ വിളിക്കും. കേരളത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവദേക്കർ എല്ലായിടത്തും സന്ദർശനം നടത്തുമെന്നും രമേശ് പറഞ്ഞു.
അരലക്ഷം പേരുടെ പൊതുയോഗം
അമിത്ഷായെത്തുമ്പോൾ ബി.ജെ.പി. പദ്ധതിയിടുന്നത് അരലക്ഷം പേരുടെ പൊതുയോഗം. വൈകീട്ട് നാലിന് തേക്കിൻകാട് മൈതാനിയിലാണ് പൊതുയോഗം. നെടുമ്പാശ്ശേരിയിൽനിന്ന് ഹെലികോപ്റ്ററിൽ ശോഭാസിറ്റി ഹെലിപ്പാഡിൽ ഒന്നരയോടെ എത്തുന്ന അമിത്ഷാ മൂന്നു പരിപാടികളിലാണ് പങ്കെടുക്കുക. രണ്ടിന് ശക്തൻതമ്പുരാൻ സ്മാരകത്തിൽ പുഷ്പാർച്ചന. ശക്തൻതമ്പുരാനെ ഇരുമുന്നണികളും വിസ്മരിക്കുകയാണെന്നും ഉചിതസ്മാരകം ഉണ്ടായില്ലെന്നും പരിപാടി വിശദീകരിച്ച എം.ടി. രമേശ് ആരോപിച്ചു.
മൂന്നുമണിക്ക് ജോയ്‌സ് പാലസിലാണ് നേതൃയോഗം. ഇതിനുശേഷം വടക്കുന്നാഥക്ഷേത്രത്തിൽ ദർശനം നടത്തും. അതിനുശേഷമാണ് പൊതുയോഗം. പൊതുയോഗത്തിനുശേഷം കാർമാർഗം നെടുമ്പാശ്ശേരിയിലെത്തുന്ന അമിത്ഷാ ഡൽഹിയിലേക്ക് തിരിച്ചുപോകും. പത്രസമ്മേളനത്തിൽ അഡ്വ. കെ.ആർ. ഹരി, ജസ്റ്റിൻ ജേക്കബ്, എൻ.ആർ. റോഷൻ എന്നിവരും പങ്കെടുത്തു.
മുഖ്യമന്ത്രി കണ്ണുരുട്ടിയാൽ പ്രതിപക്ഷം പേടിക്കും, ജനം പേടിക്കില്ല- എം.ടി. രമേശ്
മുഖ്യമന്ത്രി കണ്ണുരുട്ടിയാൽ പ്രതിപക്ഷം പേടിക്കുമെങ്കിലും ജനങ്ങൾ പേടിക്കില്ലെന്ന് എം.ടി. രമേശ്. അമിത്ഷായുടെ സന്ദർശനവുമായി ബന്ധപ്പെട്ടു നടത്തിയ പത്രസമ്മേളനത്തിൽ പങ്കെടുക്കുകയായിരുന്നു ഇദ്ദേഹം. സ്വപ്‌നയുടെ ആരോപണങ്ങളെ നിയമപരമായി നേരിടും എന്ന പ്രസ്താവന ഗീർവാണമാണ്. മുമ്പും സി.പി.എം. നേതാക്കൾക്കെതിരേ സ്വപ്‌ന ആരോപണമുന്നയിച്ചിരുന്നു വക്കീൽനോട്ടീസ് അയയ്ക്കാൻപോലും തയ്യാറായില്ല. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരേ ആരോപണമുന്നയിച്ചിട്ടും നിയമനടപടി സ്വീകരിച്ചില്ല. തടിയൂരാൻ ഏതറ്റംവരെയും പോകുമെന്നതിന് തെളിവാണ് ഇടനിലക്കാരൻ എത്തിയതെന്നും എം.ടി. രമേശ് കൂട്ടിച്ചേർത്തു.
Content Highlights: amith shah kerala visit
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..