എ.എം.വി.ഐ. പരീക്ഷയിലെ പകുതിയോളം ചോദ്യങ്ങളും ഓൺലൈൻ കോച്ചിങ് സൈറ്റിലെ ‘ഈച്ചക്കോപ്പി’ എന്ന് ആരോപണം


എച്ച്. ഹരികൃഷ്ണന്‍

1 min read
Read later
Print
Share

ആരോപണവുമായി ഉദ്യോഗാർഥികൾ പി.എസ്.സി.യെ സമീപിക്കും

പ്രതീകാത്മകചിത്രം | Mathrubhumi archives

കോട്ടയം: മോട്ടോർ വാഹനവകുപ്പിന്റെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പരീക്ഷയിലെ പകുതിയോളം ചോദ്യങ്ങൾ സ്വകാര്യ ഓൺലൈൻ പരിശീലനസൈറ്റിൽനിന്ന് അതേപടി പകർത്തിയതെന്ന് ആരോപണം. ഇതിൽ ഒന്നിലധികം ശരിയുത്തരങ്ങളുള്ള ചോദ്യങ്ങളും നിലവാരമില്ലാത്ത ചോദ്യങ്ങളും ഉൾപ്പെട്ടിട്ടുണ്ടെന്നും ഉദ്യോഗാർഥികൾ ആരോപിക്കുന്നു. ചോദ്യങ്ങളിൽ ഭൂരിഭാഗവും ഒരേ ഗൈഡിൽനിന്ന് പകർത്തിയെന്ന ആരോപണത്തെത്തുടർന്ന്, വ്യവസായപരിശീലന വകുപ്പിന്റെ പ്ലംബർ പരീക്ഷ പി.എസ്.സി. റദ്ദാക്കിയതിനുപിന്നാലെയാണ് പുതിയ ആരോപണം.

30 ഒഴിവിലേക്കായി മേയ് 26-ന് നടത്തിയ ടെക്‌നിക്കൽ പരീക്ഷ, പതിനായിരത്തോളം ഉദ്യോഗാർഥികൾ എഴുതിയിരുന്നു. ഓട്ടോമൊബൈൽ, മെക്കാനിക്കൽ ഡിപ്ലോമ, എൻജിനീയറിങ് ബിരുദം എന്നിവയാണ് യോഗ്യത.

ആകെ നൂറ് ചോദ്യമാണുണ്ടായിരുന്നത്. ഇതിലെ 80 ടെക്നിക്കൽ ചോദ്യത്തിൽ മുപ്പതെണ്ണം ഒരു സ്വകാര്യ ഓൺലൈൻ കോച്ചിങ് സൈറ്റിൽനിന്ന് അതേപടി പകർത്തിയതാണ്. ഇതേപോലെ രണ്ടോ മൂന്നോ വെബ്‌സൈറ്റുകളിൽനിന്നുള്ള ചോദ്യങ്ങളും ഉണ്ടായിരുന്നെന്നും ഉദ്യോഗാർഥികൾ ചൂണ്ടിക്കാട്ടി.

സ്വകാര്യ പ്രസിദ്ധീകരണങ്ങളിലെയോ ഗൈഡുകളിലെയോ റാങ്ക് ഫയലുകളിലെയോ ചോദ്യോത്തരങ്ങൾ പരീക്ഷയ്ക്ക് ഉപയോഗിക്കരുതെന്നും റഫറൻസ് പുസ്തകത്തിൽനിന്ന് ചോദ്യങ്ങൾ അതേപടി നൽകരുതെന്നും കൺട്രോളർ ഓഫ് എക്സാമിനേഷൻസ് നിർദേശിച്ചിരുന്നു.

നെഗറ്റീവ് മാർക്കുള്ള പരീക്ഷയിൽ ചെറിയ മാർക്കുവ്യത്യാസംപോലും റാങ്ക് ലിസ്റ്റിൽ വളരെ പിന്നിലേക്കുപോകാൻ കാരണമാകും.

പരീക്ഷ കഴിഞ്ഞിറങ്ങിയ ഉദ്യോഗാർഥികൾ അവിടെത്തന്നെ ഇക്കാര്യം ചർച്ചചെയ്തു. പരീക്ഷ നിരാശപ്പെടുത്തിയെന്ന് കോച്ചിങ് സെന്ററുകളും സാമൂഹികമാധ്യമത്തിലെ പരിശീലനക്കൂട്ടായ്മകളും അഭിപ്രായപ്പെട്ടു. വിഷയവുമായി ബന്ധമില്ലാത്തവർപോലും റാങ്ക് ലിസ്റ്റിൽ ഇടംപിടിക്കാൻ ഇതിടയാക്കുമെന്നും ആരോപണമുയരുന്നുണ്ട്. പി.എസ്.സി. ചെയർമാനും എക്സാമിനേഷൻ കൺട്രോളർക്കും വിജിലൻസിനും പരാതി നൽകാനൊരുങ്ങുകയാണ് ഉദ്യോഗാർഥികൾ. 2015-ലാണ് അവസാനത്തെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പരീക്ഷ നടന്നത്.

Content Highlights: amvi exam, psc exam, copied questions

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..