അനിലിനെതിരേ കോൺഗ്രസ് നേതാക്കൾ ഒറ്റക്കെട്ട്; പുറത്തേക്കുള്ള വാതില്‍ സ്വയംതുറന്നു, ഇനിയെങ്ങോട്ട്?


അനിൽ ആൻറണി | ഫോട്ടോ: മനീഷ് ചേമഞ്ചേരി

തിരുവനന്തപുരം: എ.കെ. ആന്റണിയോടുള്ള താത്പര്യം മകൻ അനിൽ ആന്റണിയോട് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പ്രകടിപ്പിച്ചില്ല. സംഘപരിവാറിനെതിരേ വർഗീയതയുടെ മുദ്രയായി കോൺഗ്രസ് ഉയർത്തിക്കാണിക്കുന്ന ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ഡോക്യുമെന്ററിയെ അനിൽ എതിർക്കുന്നത് ന്യായീകരിക്കാൻ കോൺഗ്രസ് നേതാക്കൾക്ക് പറ്റുകയുമില്ല.

പാർട്ടിയുടെ പൊതുവായ സമീപനത്തിൽ നിന്ന് വ്യത്യസ്തമായ അഭിപ്രായം പറഞ്ഞ് ശ്രദ്ധേയനാകാനുള്ള ശ്രമമായാണ് മുതിർന്ന കോൺഗ്രസ് നേതാക്കൾ ഇതിനെ ആദ്യം കണ്ടത്. എന്നാൽ, അനിൽ തുടർന്ന് മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട് കോൺഗ്രസിനെതിരായ വിമർശനങ്ങൾ ഉന്നയിച്ചതോടെ ഡോക്യുമെന്ററി ഒരുനിമിത്തം മാത്രമാണെന്ന് വെളിപ്പെട്ടു. നേരിട്ട് സംസാരിച്ച് വ്യക്തതവരുത്താൻ കോൺഗ്രസിലെ ചില സുഹൃത്തുക്കൾ ശ്രമിച്ചെങ്കിലും അദേഹത്തെ ഫോണിൽ ലഭിച്ചതുമില്ല.

തിരുവനന്തപുരം എൻജിനിയറിങ് കോളേജിലും അമേരിക്കയിലും പഠിച്ച അനിൽ വൈകിയാണ് രാഷ്ട്രീയത്തിലേക്ക് എത്തിയത്. പാർട്ടിയുടെ സാമൂഹികമാധ്യമവിഭാഗത്തിലായിരുന്നു നിയമനം. അനിലും അന്തരിച്ച അഹമ്മദ് പട്ടേലിന്റെ മകനുമടക്കം രാഹുലിന്റെ ടീമിൽ ഇടംപിടിച്ചു. എന്നാൽ, ഈ സംഘത്തിന് സമീപകാലത്ത് രാഹുലുമായുള്ള ബന്ധത്തിൽ വിള്ളൽവീണതായാണ് സൂചന.

കോൺഗ്രസിലെ യോഗ്യത പാദസേവയാണെന്നും ഇവരുടെ നേതാവായിരിക്കുന്ന രാഹുലിനോട് സഹതാപമാണെന്നും മറ്റും പറഞ്ഞ് അനിൽ സ്വയംപുറത്തേക്കുള്ള വാതിൽ തുറക്കുകയാണെന്നാണ് വിലയിരുത്തൽ.

അനിൽ പാർട്ടിപദവികൾ രാജിവെച്ച് അകലം പാലിച്ചത് നന്നായെന്ന ചിന്തയാണ് നേതാക്കൾക്കുള്ളത്. പാർട്ടി അധികാരശ്രേണിയിൽ എങ്ങുമില്ലെങ്കിലും ആന്റണിയുടെ മകൻ എന്ന മേൽവിലാസം അനിലിനെ ആക്രമിക്കാൻ കോൺഗ്രസ് നേതാക്കൾക്ക് പരിമിതിയാണ്. അതുപോലെ പാർട്ടിക്കെതിരായ നിലപാട് സ്വന്തംവീട്ടിൽ നിന്നുണ്ടാകുന്നത് ആന്റണിക്കുണ്ടാക്കുന്ന പ്രയാസങ്ങൾ ചില്ലറയല്ല.

പിണറായി പ്രവചിച്ച പ്രമുഖൻ ആര് ?

കോൺഗ്രസിൽനിന്ന് ഒരു പ്രമുഖൻ താമസിയാതെ ബി.ജെ.പി.യിൽ പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ജനുവരി 15-ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, അനിൽ അത്തരത്തിൽ പരിഗണിക്കേണ്ട പ്രമുഖനല്ലെന്നും അത് മറ്റുചിലരെ ഉന്നംവെച്ചുള്ള വാക്കുകളായിരുന്നെന്നുമാണ് മുഖ്യമന്ത്രിയോട് അടുപ്പമുള്ളവർ പറയുന്നത്.

രാജി സ്വാഗതംചെയ്യുന്നു- വി.ഡി. സതീശൻ

‌ചെറുതോണി: കോൺഗ്രസിന്റെ നയപരിപാടികൾക്ക് വിരുദ്ധമായ നിലപാട് സ്വീകരിച്ച അനിൽ ആന്റണിയുടെ രാജിപ്രഖ്യാപനത്തെ സ്വാഗതംചെയ്യുന്നതായി പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. പാർട്ടിയുടെ നയത്തിന് വിരുദ്ധമായ സമീപനം സ്വീകരിച്ചയാൾ പാർട്ടിയിൽ തുടരുന്നത് ശരിയല്ല. വ്യത്യസ്ത അഭിപ്രായങ്ങൾ ഉള്ളവർക്ക് മറ്റുവഴികൾ തേടാം.

പാർട്ടിനയം കെ.പി.സി.സി. അധ്യക്ഷൻ വ്യക്തമാക്കിയിട്ടുണ്ട്. അതറിയാവുന്ന ആളാണ് അനിൽ ആന്റണി. അദ്ദേഹത്തിന്റെ സ്വന്തം അഭിപ്രായം പാർട്ടിക്ക് പുറത്തുനിന്ന് പറയാം. പാർട്ടി വിടുന്നുവെന്നത് അദ്ദേഹത്തിന്റെ സ്വന്തം തീരുമാനമാണ്. ഡോക്യുമെന്ററി സംബന്ധിച്ച അഭിപ്രായത്തിൽ അദ്ദേഹം ഉറച്ചുനിൽക്കുകയാണെങ്കിൽ പാർട്ടി അത് ഗൗരവതരമായി പരിശോധിക്കും -സതീശൻ പറഞ്ഞു.

Content Highlights: anil antony quits congress

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..