ലോക കേരളസഭയിൽ അനിത പുല്ലയിൽ എത്തിയതെങ്ങനെ?; തലവേദന തീരാതെ സർക്കാർ


അനിത പുല്ലയിലിനെ നിയമസഭാ സമുച്ചയത്തിൽ നിന്ന് പുറത്തേക്ക് കൊണ്ടു പോകുന്നു | Screengrab: മാതൃഭൂമി ന്യൂസ്

തിരുവനന്തപുരം: ലോക കേരളസഭ പ്രതിപക്ഷം ബഹിഷ്കരിച്ചതിന്റെ വാദപ്രതിവാദങ്ങളടങ്ങും മുമ്പേ, മോൺസൻ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പുകേസിൽ ഇടനിലക്കാരിയായ അനിത പുല്ലയിൽ സമ്മേളനദിവസങ്ങളിൽ നിയമസഭാമന്ദിരത്തിൽ പ്രവേശിച്ച വിവാദം സർക്കാരിനു തലവേദനയാവുന്നു.

ഒരു പ്രതിനിധിയുടെ ക്ഷണക്കത്തുമായിട്ടാണ് അവർ സഭയ്ക്കുള്ളിൽ പ്രവേശിച്ചതെന്നു വ്യക്തമായിട്ടും ഈ പ്രവാസിയെ കണ്ടെത്താൻ സാധിച്ചിട്ടില്ല. രണ്ടുദിവസവും അവരുടെ സാന്നിധ്യം നിയമസഭാ മന്ദിരത്തിലുണ്ടായിരുന്നതിനാൽ സർക്കാരുമായി ബന്ധമുള്ള ആരുടെയെങ്കിലും അറിവോടെയാണോ വന്നതെന്നും അന്വേഷിച്ചുവരുന്നു. സിനിമാനിർമാതാവായ ഒരു പ്രവാസിമലയാളിയുമായി ഇവർക്കു സൗഹൃദമുണ്ടെന്നും അയാൾക്കൊപ്പമാണ് എത്തിയതെന്നും പറയപ്പെടുന്നു. ഇതിൽ ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ല.

പ്രതിനിധികൾക്കൊപ്പം അനിത മൊബൈലിൽ ചിത്രങ്ങളെടുത്തു. വെള്ളിയാഴ്ച നടന്ന ഓപ്പൺഫോറത്തിലും അവർ പങ്കെടുത്തു. ശനിയാഴ്ചയും നിയമസഭാസമുച്ചയത്തിൽ പ്രവേശിച്ച അവർ ഏറെനേരം സഭാ ടി.വി.യുടെ ഓഫീസിലുണ്ടായിരുന്നു. അനിതയുടെ സാന്നിധ്യം വാർത്തയായപ്പോഴാണ് നിയമസഭയിലെ വാച്ച് ആൻഡ് വാർഡ് അവരെ പുറത്താക്കിയത്.

ഇറ്റലിയിൽനിന്നുള്ള പ്രതിനിധിയായി അനിതാ പുല്ലയിൽ കഴിഞ്ഞ ലോകകേരളസഭയിലുണ്ടായിരുന്നു. എന്നാൽ, പ്രതിനിധികൾക്കും മാധ്യമങ്ങൾക്കും മാത്രമായി പ്രവേശനം നിയന്ത്രിച്ചിരുന്ന ഇത്തവണത്തെ ലോക കേരളസഭയിൽ അവർ എങ്ങനെയെത്തിയെന്നതിന് അന്വേഷണം നടക്കുന്നുവെന്നല്ലാതെ മറ്റു മറുപടികളില്ല.

നിയമസഭാ സമുച്ചയത്തിൽ കയറിയെങ്കിലും ലോക കേരളസഭ നടക്കുന്ന ഹാളിൽ അവർ പ്രവേശിച്ചിട്ടില്ലെന്നാണ് നോർക്കയുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും ആവർത്തിച്ചുള്ള വാദം.

അന്വേഷണം നടക്കുന്നു

വിവാദസംഭവം വിശദമായി പരിശോധിച്ചുവരുന്നു. അതിനായി അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ മറ്റൊന്നും പറയാനാവില്ല.

-എം.ബി. രാജേഷ്, സ്പീക്കർ

ക്ഷണിക്കാത്തവരെ പങ്കെടുപ്പിച്ചിട്ടില്ല

ലോക കേരളസഭയിൽ അംഗമല്ലാത്ത ആരും പ്രവേശിച്ചിട്ടില്ല. അത്തരം പ്രചാരണം വസ്തുതാവിരുദ്ധമാണ്. വാർത്തകളിൽ പരാമർശിക്കപ്പെടുന്ന വനിത ഇത്തവണത്തെ സഭാംഗങ്ങളുടെയോ ക്ഷണിതാക്കളുടെയോ പട്ടികയിൽ ഇല്ല. സഭയ്ക്കു പുറത്ത് സംഘിപ്പിച്ച സെമിനാറുകളിലും ഓപ്പൺഫോറത്തിലും പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടായിരുന്നു.

-പി. ശ്രീരാമകൃഷ്ണൻ, വൈസ് ചെയർമാൻ, നോർക്ക റൂട്ട്‌സ്

എത്തിയത് ഓപ്പൺഫോറത്തിലെ ക്ഷണക്കത്തുമായി

അനിതാ പുല്ലയിൽ ലോക കേരളസഭയ്ക്ക് എത്തിയത് ഓപ്പൺ ഫോറത്തിൽ പങ്കെടുക്കാനുള്ള ക്ഷണക്കത്തുമായെന്ന് കണ്ടെത്തി. സി.സി.ടി.വി. ദൃശ്യങ്ങളിലാണ് ഓപ്പൺഫോറത്തിൽ പങ്കെടുക്കാൻ വിതരണം ചെയ്ത ക്ഷണക്കത്തുമായി അനിത പുല്ലയിൽ എത്തിയതെന്ന് വ്യക്തമായത്. നിയമസഭാ സ്പീക്കർ എം.ബി. രാജേഷിന്റെ നിർദേശത്തെത്തുടർന്ന് നിയമസഭാ ചീഫ് മാർഷലാണ് അന്വേഷണം നടത്തിയത്. നിയമസഭാമന്ദിരത്തിൽ അവർ എങ്ങനെ എത്തിയെന്നതിൽ ഇന്റലിജൻസ് വിഭാഗവും വിവരം ശേഖരിക്കുന്നുണ്ട്.

Content Highlights: anitha pullayil

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..