അഞ്ജുശ്രീ| Photo: Mathrubhumi news screengrab
തിരുവനന്തപുരം/കാസർകോട്: കാസർകോട്ട് കോളേജ് വിദ്യാർഥി അഞ്ജുശ്രീ പാർവതിയുടെ മരണത്തിൽ ഭക്ഷ്യവിഷബാധ സ്ഥിരീകരിക്കാതെ ഭക്ഷ്യസുരക്ഷാവകുപ്പിന്റെ പ്രാഥമിക റിപ്പോർട്ട്. ഭക്ഷ്യവിഷബാധയാണ് മരണകാരണമായതെന്ന സൂചനയൊന്നും കമ്മിഷണർ ആരോഗ്യവകുപ്പിന് നൽകിയ പ്രാഥമിക റിപ്പോർട്ടിലില്ല.
ഓൺലൈനായി ഓർഡർചെയ്ത് ഹോട്ടലിൽനിന്ന് വരുത്തിയ ഭക്ഷണം കഴിച്ചതുമൂലമുണ്ടായ വിഷബാധയാണ് മരണകാരണമായതെന്നാണ് കഴിഞ്ഞദിവസം പുറത്തുവന്ന വിവരം.
അഞ്ജുശ്രീ ഭക്ഷണം വാങ്ങിയ ഹോട്ടലിൽനിന്ന് 120 പേർ കുഴിമന്തി കഴിച്ചിരുന്നു. ഇവർക്കാർക്കും അസ്വസ്ഥതകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഭക്ഷ്യസുരക്ഷാവകുപ്പ് ചൂണ്ടിക്കാട്ടുന്നു.
ഹോട്ടലിൽനിന്ന് പെൺകുട്ടി ഭക്ഷണം വാങ്ങി കഴിച്ചിട്ട് ദിവസങ്ങളായിരുന്നു. കഴിച്ച ഭക്ഷണത്തിന്റെ സാംപിൾ ശേഖരിക്കാനുമായിട്ടില്ല. അതിനാൽ, ഭക്ഷണത്തിൽനിന്നാണ് വിഷബാധയുണ്ടായതെന്ന് തെളിയിക്കുക ബുദ്ധിമുട്ടാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ഡിസംബർ 31-നാണ് പെൺകുട്ടി ഭക്ഷണം വരുത്തിയത്. മരണം നടന്നത് ജനുവരി ഏഴിന് പുലർച്ചെയായിരുന്നു.
മരണകാരണമറിയാൻ രാസപരിശോധനാഫലം വരണമെന്ന് കാസർകോട് ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയും ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണർ വൈ.ജെ. സുബിമോളും പറഞ്ഞു. ഭക്ഷണം തയ്യാറാക്കിയ ഹോട്ടൽ, വിതരണംചെയ്ത ഓൺലൈൻ ഏജൻസി, അഞ്ജുശ്രീയെ ചികിത്സിച്ച ഡോക്ടർമാർ, പോസ്റ്റ്‌മോർട്ടം നടത്തിയ സർജൻ എന്നിവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഭക്ഷ്യസുരക്ഷാവിഭാഗം റിപ്പോർട്ട് തയ്യാറാക്കിയത്.
അഞ്ജുശ്രീയുടെ ആന്തരികാവയവങ്ങളുടെ സാംപിൾ തിങ്കളാഴ്ച കോഴിക്കോട്ടെയും തിരുവനന്തപുരത്തെയും ഫൊറൻസിക് ലാബോറട്ടറികളിൽ പരിശോധനയ്ക്കെത്തിക്കും. മൊഴികളിലെ വൈരുദ്ധ്യവും ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങൾ അഞ്ജുശ്രീയുടെ ശരീരത്തിൽ പ്രകടമാകാത്തതും അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു.
Content Highlights: Anjushree Parvathy's death Food poisoning not confirmed
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..