പ്രതീകാത്മക ചിത്രം| ഫോട്ടോ: മാതൃഭൂമി
തിരുവനന്തപുരം: പുതിയ അധ്യയനവർഷം ഈയാഴ്ച തുടങ്ങാനിരിക്കേ സർക്കാർകോളേജുകളിലെ സ്ഥിരം പ്രിൻസിപ്പൽ നിയമനം അട്ടിമറിക്കാൻ വീണ്ടും സമിതിയെവെച്ച് സർക്കാർ. പ്രിൻസിപ്പൽമാരുടെ സ്ഥാനക്കയറ്റവും തിരഞ്ഞെടുക്കലുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിക്കാനെന്ന പേരിലാണ് പുതിയസമിതി. ഭരണപക്ഷസംഘടനയിലുള്ളവർക്ക് നിയമനത്തിനുവഴിയൊരുക്കാനാണ് പി.എസ്.സി. അംഗീകരിച്ച പട്ടിക വൈകിക്കുന്നതെന്ന് ആക്ഷേപം നിലനിൽക്കേയാണ് ഈ തീരുമാനം.
ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ചെയർപേഴ്‌സണായാണ് പുതിയസമിതി. എല്ലാ പരാതികളും പരിശോധിക്കാനാണ് നിർദേശം. ആവശ്യമെങ്കിൽ പരാതിക്കാരുമായി മുഖാമുഖം നടത്തണമെന്നും നിർദേശിച്ചു. കോളേജ് വിദ്യാഭ്യാസ ഡയറക്ടർ, അഡീഷണൽ സെക്രട്ടറി (എഫ്. സെക്‌ഷൻ), സംസ്കൃത സർവകലാശാല മുൻ വി.സി. പ്രൊഫ. ജെ. പ്രസാദ്, എം.ജി. സർവകലാശാലാ മുൻ പി.വി.സി. ഡോ. സി.ടി. അരവിന്ദ്കുമാർ, കണ്ണൂർ സർവകലാശാല പി.വി.സി. ഡോ. സാബു എ., കേരള സർവകലാശാല രജിസ്ട്രാർ പ്രൊഫ. കെ.എസ്. അനിൽകുമാർ എന്നിവരാണ് സമിതിയംഗങ്ങൾ. 14 വിഷയങ്ങൾക്കായി രണ്ടുവീതം വിഷയവിദഗ്ധരെയും തീരുമാനിച്ചിട്ടുണ്ട്.
66 കോളേജുകളിൽ നിലവിൽ സ്ഥിരം പ്രിൻസിപ്പൽമാരില്ല. മുതിർന്ന അധ്യാപകർക്കാണ് ചുമതല. പ്രിൻസിപ്പൽസ്ഥാനത്തേക്ക് 110 അപേക്ഷകരിൽനിന്ന് 43 പേരുടെ പട്ടിക കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയിലുള്ള സെലക്‌ഷൻ കമ്മിറ്റി തയ്യാറാക്കിയിട്ട് ഏറെക്കാലമായി. എന്നാൽ, സി.പി.എം. അനുകൂലസംഘടനയുടെ നേതാക്കൾ കരടുപട്ടികയിൽ ഉൾപ്പെട്ടിരുന്നില്ല. അതിനാൽ, പട്ടിക സർക്കാർ അംഗീകരിച്ചില്ലെന്ന് തുടക്കംമുതൽ ആക്ഷേപമുയർന്നിരുന്നു.
പരാതികളുണ്ടെങ്കിൽ അറിയിക്കാൻ സമയം നൽകി ജനുവരിയിൽ നിയമനപ്പട്ടിക സർക്കാർ വീണ്ടും പ്രസിദ്ധീകരിച്ചു. പി.എസ്.സി. അംഗീകരിച്ച പട്ടികയിൽ പരാതിബോധിപ്പിക്കാൻ നിയമനം ലഭിക്കാത്തവർക്ക് അവസരംനൽകി സർക്കാർ ഉത്തരവിറക്കുന്ന പതിവില്ല. അധ്യാപകേതരതസ്തികയിലെ ഡെപ്യൂട്ടേഷൻ കാലയളവുകൂടി അധ്യാപനപരിചയമായി കണക്കാക്കാൻ സർക്കാർ ഉത്തരവിറക്കിയതും അട്ടിമറിസാധ്യതയിലേക്കു വിരൽചൂണ്ടി.
യു.ജി.സി. നിഷ്കർഷിച്ച ജേണലുകളിൽ പ്രബന്ധം പ്രസിദ്ധീകരിക്കാത്തവരെ ആദ്യപട്ടികയിൽനിന്നൊഴിവാക്കിയിരുന്നു. എന്നാൽ, കോളേജുകളിൽ പ്രസിദ്ധീകരിക്കുന്ന ജേണലുകളിൽ പ്രസിദ്ധീകരിച്ച പ്രബന്ധങ്ങളും പരിഗണിക്കാൻ സർക്കാർ അവസരമൊരുക്കി. ഇത്തരം പരാതികൾക്കും അവസരമൊരുക്കിയാണ് ജനുവരിയിൽ കരടുപട്ടിക പ്രസിദ്ധീകരിച്ചത്. ഈ പരാതികൾ പരിഗണിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് വീണ്ടുമൊരു സമിതിയെ നിയോഗിക്കുന്നത്.
Content Highlights: Appointment of Government College Principal
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..