ആരിഫ് മുഹമ്മദ് ഖാൻ | ഫോട്ടോ: മാതൃഭൂമി
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയാ വർഗീസിന്റെ നിയമനയോഗ്യതയ്ക്കെതിരേ വീണ്ടും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അസോസിയേറ്റ് പ്രൊഫസർ നിയമനത്തിന് അഭിമുഖത്തിന് ക്ഷണിക്കാൻപോലും യോഗ്യതയില്ലാത്തയാളാണ് ആ ഉദ്യോഗാർഥിയെന്നും ‘മാതൃഭൂമി ന്യൂസി’ന് നൽകിയ അഭിമുഖത്തിൽ ഗവർണർ പറഞ്ഞു.
അവർക്ക് അവശ്യംവേണ്ട അധ്യാപനപരിചയവുമില്ല. സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി രാജ്ഭവനിലെത്തി ‘യോഗ്യത നോക്കണ്ട, സർവകലാശാലയിൽ നിയമനംനടത്തിയാൽ മതി’യെന്ന് പറയുകയാണെങ്കിൽ ഇപ്പോഴത്തെ തീരുമാനം പുനഃപരിശോധിക്കാൻ ശ്രമിക്കാമെന്നും ഗവർണർ പറഞ്ഞു.
മുഖ്യമന്ത്രി, അദ്ദേഹത്തിന്റെ താത്പര്യത്തിനുവിരുദ്ധമായി പ്രവർത്തിക്കാൻ നിർബന്ധിതനാകുന്നുവെന്നാണ് താൻ മനസ്സിലാക്കുന്നതെന്നും ഇക്കാര്യത്തിൽ അദ്ദേഹത്തോട് സഹതാപമുണ്ടെന്നും മറ്റൊരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഗവർണർ പറഞ്ഞു. മുഖ്യമന്ത്രിയെക്കുറിച്ച് വ്യക്തിപരമായ പരാതികളൊന്നുമില്ല. എന്നോടുസംസാരിക്കാനായി അദ്ദേഹം മറ്റുള്ളവരെ ചുമതലപ്പെടുത്തുന്നത് അത്ര സുഖമായി തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
സർവകലാശാലകളുടെ സ്വയംഭരണാവകാശം ഉയർത്തിപ്പിടിക്കാനും ഉദ്യോഗസ്ഥ ഇടപെടലുകൾ ഒഴിവാക്കാനുമാണ് ഗവർണറെ ചാൻസലറാക്കിയിരിക്കുന്നത്. ഇവിടെ വൈസ് ചാൻസലർമാർ മുഖ്യമന്ത്രിയെ കാണാൻപോകുന്നു. അദ്ദേഹത്തിന്റെ ഓഫീസിലെ താഴേത്തട്ടിലുള്ള ഉദ്യോഗസ്ഥരുടെ ഉത്തരവുകൾപോലും പാലിക്കേണ്ടിവരുന്നുവെന്ന ദയനീയസ്ഥിതിയാണ് ഇവിടെയുള്ളത്.
ഗവർണറുടെ അധികാരം ഭരണഘടന നൽകുന്നതാണ്. ഭരണഘടനയിൽ മാറ്റംവരുത്താൻ സംസ്ഥാനങ്ങൾക്ക് അധികാരമില്ലെന്നും ഗവർണർ പറഞ്ഞു.
Content Highlights: Arif Mohammad Khan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..