നയപ്രഖ്യാപനം: ഗവർണർ മുമ്പും ഉടക്കി


എം.കെ. സുരേഷ്‌ തിരുവനന്തപുരം

1 min read
Read later
Print
Share

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ | ഫോട്ടോ: മാതൃഭൂമി

തിരുവനന്തപുരം : നിയമസഭയിൽ നയപ്രഖ്യാപനത്തിന് മണിക്കൂറികൾക്കുമുമ്പ് ഗവർണർ സർക്കാരിനോട് ഉടക്കുന്നത് ഇതാദ്യമല്ല. പൗരത്വനിയമഭേദഗതിക്കെതിരേ സർക്കാരെടുത്ത നിലപാടാണ് 2020-ൽ ഗവർണർ ആരിഫ് മുഹമ്മദ്ഖാനെ ചൊടിപ്പിച്ചത്. സർക്കാരിന്റെ പ്രതിഷേധം പ്രസംഗത്തിൽ ഉൾപ്പെടുത്താനാവില്ലെന്ന് ഗവർണർ നിലപാടെടുത്തത് നയപ്രഖ്യാപനത്തിന്റെ തലേരാത്രി സർക്കാരിനെ വെട്ടിലാക്കി.

ഇക്കാര്യം അറിയിച്ച് മുഖ്യമന്ത്രിക്ക് ഗവർണർ കത്തയച്ചപ്പോൾ സർക്കാരും വെറുതേയിരുന്നില്ല. ഗവർണറുടെ വാദങ്ങളെ ഖണ്ഡിച്ച് രാത്രിതന്നെ മുഖ്യമന്ത്രിയുടെ ഓഫീസ് മറുപടി നൽകി. നയപ്രഖ്യാപനത്തിൽ സർക്കാരിന്റെ നയവും പരിപാടിയുമല്ലാതെ അതിന്റെ പരിധിയിൽ അല്ലാത്ത കാര്യങ്ങളെക്കുറിച്ച് അഭിപ്രായങ്ങൾ ഉൾപ്പെടുത്താനാവില്ല എന്നായിരുന്നു കത്തിലൂടെ ഗവർണറുടെ വാദം. പൗരത്വഭേദഗതിനിയമം സംബന്ധിച്ച പ്രസംഗത്തിലെ 18-ാം ഖണ്ഡിക വായിക്കില്ലെന്നു കരുതിയെങ്കിലും ഗവർണർ പിറ്റേന്ന് അതുവായിച്ചു -ഇത് തന്റെ ആഗ്രഹമല്ല, സർക്കാരിന്റെ ആഗ്രഹപ്രകാരമാണെന്നു പറഞ്ഞ്. അതോടെ ആ പ്രശ്നം തീർന്നു.

കേന്ദ്രസർക്കാർ കൊണ്ടുവന്ന കാർഷികനിയമങ്ങൾക്കെതിരേ സർക്കാരിന്റെ പ്രതിഷേധം ഗവർണർക്ക് ഇഷ്ടമായില്ല. കഴിഞ്ഞവർഷത്തെ നയപ്രഖ്യാപനത്തിലെ വിഷയം അതായിരുന്നു. കാർഷിക നയങ്ങൾക്കെതിരേ പ്രമേയം പാസാക്കാൻ പ്രത്യേക നിയമസഭാ സമ്മേളനം ചേരാൻ ഗവർണർ ആദ്യം അനുമതി കൊടുത്തില്ല. തുടർന്ന് ബോധ്യപ്പെടുത്തലായിരുന്നു സർക്കാരിനുമുന്നിലുള്ള വഴി. അത് വിജയിച്ചു. പിന്നീടുവന്ന നയപ്രഖ്യാപനത്തിൽ കാർഷികനയങ്ങൾക്കെതിരായ പരാമർശം ഗവർണർ ഒഴിവാക്കാതെ വായിച്ചതോടെ ആ ഉടക്കും അവസാനിച്ചു.

പല വിഷയങ്ങളിലും ഭരണത്തലവനായ ഗവർണറും സർക്കാരും ഏറ്റുമുട്ടി. കണ്ണൂർ വി.സി. നിയമനത്തെച്ചൊല്ലിയായിരുന്നു അടുത്തിടെയുണ്ടായ തർക്കങ്ങളിലൊന്ന്. ചാൻസലറായി തുടരില്ലെന്നു പലവട്ടം ഗവർണർ ആവർത്തിച്ചു. ഒരുമാസം ഫയലുകൾ ഒപ്പിടാതെ മാറ്റിവെച്ചു. എന്നാൽ, സർക്കാർ അനുനയിപ്പിച്ചതോടെ ഫയലുകൾ നീങ്ങി.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..