അരിക്കൊമ്പൻ
തെന്മല(കൊല്ലം): ചിന്നക്കനാലിൽ ഏറെക്കാലം ഭീതിപരത്തിയ അരിക്കൊമ്പനെ കമ്പത്തുനിന്ന് ഒടുവിൽ ഇരുനൂറോളം കിലോമീറ്റർ അകലെ തിരുനെൽവേലി ജില്ലയിലെ കളക്കാട് മുണ്ടൻതുറൈ കടുവാസങ്കേതത്തിൽ എത്തിച്ചു. പശ്ചിമഘട്ടത്തിൽ അഗസ്ത്യമലയ്ക്കു മറുവശത്ത് ’പാവപ്പെട്ടവന്റെ ഊട്ടി’ എന്നു വിളിപ്പേരുള്ള തമിഴ്‌നാട്ടിലെ സുഖവാസകേന്ദ്രമായ മാഞ്ചോലയ്ക്കുസമീപം ആനയെ തുറന്നുവിടാനാണ് വനംവകുപ്പ് തീരുമാനിച്ചിരിക്കുന്നത്. മാഞ്ചോല തേയില എസ്റ്റേറ്റും വനംവകുപ്പിന്റെ നേതൃത്വത്തിലുള്ള വിനോദസഞ്ചാരകേന്ദ്രങ്ങളും ഇവിടെയുണ്ട്. തേയില എസ്റ്റേറ്റിലെ തൊഴിലാളികൾക്ക് അരിക്കൊമ്പൻ ഭീഷണിയാകുമെന്നു ചൂണ്ടിക്കാട്ടി തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം നാട്ടുകാർ പ്രതിഷേധിച്ചെങ്കിലും അതിനെയെല്ലാം മറികടന്ന് വനംവകുപ്പ് തീരുമാനമെടുക്കുകയായിരുന്നു.
താണ്ടിയത് ഇരുനൂറുകിലോമീറ്ററോളം
കമ്പം, തേനി, മധുര, വിരുദുനഗർ, തിരുനെൽവേലി, കല്ലടകുറിച്ചി വഴി വൈകീട്ട് അഞ്ചോടെയാണ് അരിക്കൊമ്പനെ കളക്കാട് മുണ്ടൻതുറൈ കടുവാസങ്കേതത്തിലേക്ക് എത്തിച്ചത്. പാതയോരങ്ങളിലെല്ലാം കാഴ്ചക്കാർ ഏറെയായിരുന്നു. തുമ്പിക്കൈ ലോറിയിൽ ചുറ്റിപ്പിടിച്ചു നിന്ന ആന ക്ഷീണിതനായിരുന്നു. മാഞ്ചോലയ്ക്കു പോകുന്ന ഭാഗത്തെ മണിമുത്താർ ഡാം വനംവകുപ്പ് ചെക്‌പോസ്റ്റ് വരെ മാത്രമേ പൊതുജനങ്ങൾക്കും മാധ്യമങ്ങൾക്കും പ്രവേശനമുണ്ടായിരുന്നുള്ളൂ. ഇവിടെ പോലീസ് സംഘവും വനംവകുപ്പ് ഉദ്യോഗസ്ഥരും ക്യാമ്പ് ചെയ്തിരുന്നു.
കളക്കാട് മുണ്ടൻതുറൈ പേപ്പാറയുടെയും നെയ്യാറിന്റെയും അതിരിൽ
തിരുവനന്തപുരം: അരിക്കൊമ്പനെ തുറന്നുവിട്ട മാഞ്ചോലൈ കാട് ഉൾപ്പെടുന്ന കളക്കാട് മുണ്ടൻതുറൈ കടുവാസങ്കേതം തിരുവനന്തപുരത്തിന്റെ വനാതിർത്തിയിൽ. ജില്ലയിലെ നെയ്യാർ, പേപ്പാറ വന്യജീവി സങ്കേതങ്ങളുമായും കൊല്ലം ജില്ലയിലെ സെന്തുരുണി കാടുമായുമായുമാണ് മുണ്ടൻതുറൈ വനമേഖല അതിർത്തി പങ്കിടുന്നത്. അഗസ്ത്യമല ബയോസ്‌ഫിയർ റിസർവിന്റെ ഭാഗമായ കളക്കാട് മുണ്ടൻതുറൈ കടുവാ സങ്കേതം കന്യാകുമാരി, തിരുനെൽവേലി ജില്ലകളിലാണ് വ്യാപിച്ചുകിടക്കുന്നത്. തമിഴ്‌നാട്ടിലെ രണ്ടാമത്തെ വലിയ കടുവാ സംരക്ഷണമേഖലയുംകൂടിയാണ് ഈ കാടുകൾ.
അരിക്കൊമ്പൻ ആശങ്കയൊഴിഞ്ഞു; കമ്പം ശാന്തമാകുന്നു
കുമളി: ചിന്നക്കാനാലിൽനിന്ന് പിടികൂടി പെരിയാർ കടുവാ സങ്കേതത്തിൽ തുറന്നുവിട്ട അരിക്കൊമ്പൻ അപ്രതീക്ഷതിമായാണ് കമ്പം നഗരത്തിലേക്കെത്തുന്നത്. കുമളി റോസാപ്പൂക്കണ്ടത്തുനിന്ന് മേയ് 26-നാണ് തമിഴ്‌നാട് ലോവർക്യാമ്പ് പവർഹൗസ് ഭാഗത്തേക്ക് ശാന്തനായി അരിക്കൊമ്പൻ എത്തിയത്. നേരം ഒന്നിരുട്ടി വെളുത്തപ്പോൾ കമ്പം നഗരം കണ്ടത് പരിഭ്രാന്തിയിൽ പാഞ്ഞുനടക്കുന്ന കൊമ്പനെയാണ്. വഴിയരികിൽ നിർത്തിയിട്ട ഓട്ടോറിക്ഷ കൊമ്പിൽ തൂക്കിയെറിഞ്ഞ് അക്ഷരാർഥത്തിൽ കമ്പം കിടുങ്ങി.
പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കുന്നതിനായി നിരോധനാജ്ഞ മേയ് 30 വരെ പ്രഖ്യാപിച്ചു. മയക്കുവെടി വെയ്‌ക്കാൻ തമിഴ്‌നാട് സർക്കാർ ഉത്തരവിട്ടു. ആളുകൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഉദ്യോഗസ്ഥർ പല തവണ പറയുമ്പോഴും കർഷകർ ഉൾപ്പടെയുള്ളവർ പറഞ്ഞറിയിക്കാനാകാത്ത ആശങ്കകൾ ഉള്ളിലൊതുക്കി.
മേയ് 28-ന് കുങ്കിയാനകളുൾപ്പെടെ വൻ സന്നാഹം കൊമ്പനെ പിടികൂടാനെത്തിയപ്പോൾ കുത്തനാച്ചി വനമേഖലയിലേക്ക് കടന്ന അരിക്കൊമ്പൻ പിന്നീട് വനപ്രദേശങ്ങളിലൂടെ വനംവകുപ്പിന്റെയും നാട്ടുകാരുടെയും കണ്ണിൽപ്പെടാതെ യാത്ര തുടർന്നു. ദിവസങ്ങളോളം ഷൺമുഖ നദി അണക്കെട്ടിന് സമീപമുള്ള കാട്ടിൽ കൊമ്പൻ നിലയുറപ്പിച്ചതായി വിവരം ലഭിച്ചിട്ടും കമ്പം നിവാസികൾ ചെവിക്കൊണ്ടില്ല. വനാതിർത്തിയോടുചേർന്ന് താമസിക്കുന്നവർ കൊമ്പന്റെ കാൽപ്പെരുമാറ്റം ശ്രദ്ധിച്ച് നേരം വെളുപ്പിച്ചു. നിരോധനാജ്ഞയിൽ സുരുളി വെള്ളച്ചാട്ടത്തിലെത്തുന്ന വിനോദ സഞ്ചാരികളും കൃഷിയിടങ്ങളിലേക്ക് കൊമ്പന്റെ ഭീഷണികാരണം പോകാൻ കഴിയാതെവന്ന കർഷകരും കൊമ്പനെയും കേരളത്തിലെ വനംവകുപ്പിനെയും പഴിച്ചു. നീണ്ട ഒരാഴ്ചത്തെ കാത്തിരിപ്പിനുശേഷം ചിന്നക്കനാലിനെയും കമ്പത്തെയും വിറപ്പിച്ച ‘അരിസിക്കൊമ്പൻ’ പിടിയിലായതോടെ ആളുകൾ ആവേശത്തിലായി. കൊമ്പനെ ഒരുനോക്കു കാണുന്നതിനായി കമ്പത്തുനിന്ന് ആളുകൾ പൂശാനംപെട്ടിയിലേക്ക് ഒഴുകി. തേനി അതിർത്തി കടക്കുന്നതുവരെ കമ്പം നിവാസികളായ പലരും കൊമ്പനെ പിൻതുടർന്നു. ഇപ്പോൾ നൂറുകണക്കിന് കിലോ മീറ്ററുകൾക്കപ്പുറത്തേക്ക് കൊമ്പൻ പോയി. ഇനിയൊരു മടക്കം കമ്പത്തിന്റെ മണ്ണിലേക്ക് ഉണ്ടാകില്ലെന്നറിയുമ്പോൾ എല്ലാം പഴയ ശാന്തതയിലേക്ക് തിരികെ വരുകയാണ്.
ചിന്നക്കനാലിൽ വ്യാപകമായ നാശനഷ്ടങ്ങൾ വരുത്തിയതിനെ തുടർന്ന് ഏപ്രിൽ 29-നാണ് അരിക്കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടി പെരിയാർ കടുവാ സങ്കേതത്തിലെ മുല്ലക്കുടിയിൽ തുറന്നുവിട്ടത്. കാട്ടിലൂടെ തമിഴ്നാട് മേഘമല ഭാഗത്തേക്ക് പോയ കാട്ടാന പിന്നീട് തിരികെ തേക്കടി ഭാഗത്ത് തിരികയെത്തിയെങ്കിൽ മേയ് 27-ന് കമ്പം ടൗണിലിറങ്ങി ഭീതി പരത്തുകയായിരുന്നു.
Content Highlights: Arikkomban Tamil Nadu forest department


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..