അരിക്കൊമ്പനെ തിരുനൽവേലിയിലേക്ക് കൊണ്ടുപോകുന്നു | Photo - Mathrubhumi
പകൽ നീണ്ട കഠിനയാത്ര. കൊടും ചൂട്. മയക്കാനുള്ള മരുന്ന് നിരന്തരം കുത്തിവെച്ച അവശത. തുമ്പിക്കൈയിലെ വ്രണത്തിന്റെ ദുരിതം. കമ്പത്തുനിന്ന് അങ്ങ് തെക്ക് അംബാസമുദ്രം മണിമുത്താർവരെയുള്ള അരിക്കൊമ്പന്റെ യാത്ര സർവത്ര നാടകീയമായിരുന്നു; അങ്ങേയറ്റം ദുരിതപൂർണവും.
ഞായറാഴ്ച അർധരാത്രിയിൽ കമ്പത്തിനടുത്ത് പൂശാലംപെട്ടിയിലെ കൃഷിയിടത്തിലേക്ക് അരിക്കൊമ്പൻ കടന്നതോടെ രണ്ടാംഘട്ട ഓപ്പറേഷൻ ആരംഭിച്ചു. തമിഴ്‌നാട് വനംവകുപ്പ് അരിക്കൊമ്പനെ മയക്കുവെടിവെച്ച് തളച്ചു. കുട്ടുകാട് മുണ്ടൻതുറൈ കാടുകളിലേക്കാണ് കൊണ്ടുപോകുന്നതെന്ന് ഔദ്യോഗിക അറിയിപ്പുവന്നു.
കമ്പത്തുനിന്ന് കന്യാകുമാരി ദേശീയപാതയിലേക്ക് കടന്നതോടെ കുത്തിക്കയറുന്ന വെയിൽ. അടച്ചിട്ട വാഹനത്തിൽ അരിക്കൊമ്പൻ അനങ്ങാതെ നിന്നു. വിരുദുനഗറും കോവിൽപെട്ടിയും കടന്ന് ഗംഗൈ കൊണ്ടെ എത്തുമ്പോൾ ഉച്ചച്ചൂട് മൂത്തു. ആനയ്ക്ക് പകുതിബോധം തെളിഞ്ഞു. ഗംഗൈകൊണ്ട മാൻപാർക്കിൽ അരിക്കൊമ്പന് താത്കാലിക വിശ്രമസംവിധാനം ഒരുക്കിയിരുന്നു. വെള്ളമൊഴിച്ച് തണുപ്പിക്കാൻ ഫയർഫോഴ്സിനെയും സജ്ജമാക്കി. അവിടെ എത്തുംമുമ്പാണ് തത്കാലം അരിക്കൊമ്പനെ കാട്ടിൽവിടരുതെന്ന് കോടതിവിധി വന്നത്.
തളർന്ന് ലോറിയിൽ ചാരിനിൽക്കുകയായിരുന്നു അരിക്കൊമ്പൻ. പുറത്തേക്കിട്ട തുമ്പിക്കൈയിൽ വലിയ മുറിവ് പഴുത്തുതുടങ്ങിയിട്ടുണ്ട്. വെള്ളം തളിക്കുംമുമ്പേ ആനയെ വേഗംകൊണ്ടുപോവാനുള്ള നിർദേശം വന്നു; ഒരല്പം വിശ്രമത്തിനുപോലും അവസരമില്ലാതെ.
അംബാസമുദ്രത്തിനുസമീപം പശ്ചിമഘട്ടത്തിലെ മണിമുത്താർ അപ്പർ കോതയാറിലേക്ക് കൊണ്ടുപോവാനായിരുന്നു നിർദേശം. മുണ്ടൻതുറൈ കടുവസങ്കേതവും അപ്പർകോതയാറും അധികം അകലെയല്ല. എങ്കിലും നാട്ടുകാരുടെ പ്രതിഷേധമൊഴിവാക്കാൻ സ്ഥലം മാറ്റിപ്പറഞ്ഞതാണെന്ന ശ്രുതി പരന്നു. അതിനിടയിൽ ആനയെ തുറന്നുവിടാനുള്ള കോടതി അനുമതിയും ലഭിച്ചു.
തിരുനെൽവേലി നഗരത്തിൽ എത്തുമ്പോഴേക്കും ആന മയക്കംവിട്ടുതുടങ്ങി. തൊട്ടടുത്തുകൂടി വാഴയിലക്കെട്ടുമായി പോയ പിക്കപ്പ് വാനിലേക്ക് തുമ്പിക്കൈ നീട്ടി ഒരു പാഴ്‌ശ്രമം. ആന ഇളകിത്തുടങ്ങിയതോടെ വീണ്ടും ഒരു ഡോസ് മരുന്നുകൂടി.
അഞ്ചുമണി കഴിഞ്ഞതോടെ വനംവകുപ്പ് ഉദ്യോഗസ്ഥർ ആനയുമായി അപ്പർ കോതയാറിലേക്ക്. സംഘം കാട്ടിലേക്കുപോയശേഷം നാട്ടുകാർ ചെറിയരീതിയിൽ പ്രതിഷേധിച്ചെങ്കിലും തടസ്സങ്ങളൊന്നുമുണ്ടായില്ല.
ചിന്നക്കനാലിൽനിന്ന് പെരിയാർ കടുവസങ്കേതത്തിൽ എത്തിയപ്പോഴുള്ള ആ ഉശിരില്ല അരിക്കൊമ്പനിപ്പോൾ. അവശതകൾ അലട്ടുന്നുണ്ട്. മയക്കുമരുന്ന് പലതവണ കയറിയ ശരീരം, വ്രണപ്പെട്ട തുന്പിക്കെ, ചൂട്, വിശ്രമമില്ലാത്ത ഓട്ടം.
വീണ്ടും കേരളത്തിലേക്കോ ? ഹര്‍ജി ഇന്ന്
ചെന്നൈ: അരിക്കൊമ്പനെ കേരളത്തിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് എറണാകുളം സ്വദേശി റബേക്ക ജോസഫ് സമര്‍പ്പിച്ച ഹര്‍ജിയില്‍ മദ്രാസ് ഹൈക്കോടതി മധുര ബെഞ്ച് ചൊവ്വാഴ്ച വാദംകേള്‍ക്കും
Content Highlights: Arikkomban Tamil Nadu forest department
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..