‘ആരാടാ’ എന്നുചോദിച്ചവരോട് ആര്യാടന്‍ നെഞ്ചുവിരിച്ചുപറഞ്ഞു ‘ഞാനാടാ’..


ഫഹ്‌മി റഹ്‌മാനി

ആര്യാടൻ മുഹമ്മദ് | ഫോട്ടോ: എസ് ശ്രീകേഷ്

രാഷ്ട്രീയം ഒത്തുതീർപ്പുകളുടെ കളരിയാണെന്നും രാഷ്ട്രീയക്കാർ നീക്കുപോക്കുകളുടെ പയറ്റുകാരാണെന്നും വിമർശനമുയരുമ്പോഴെല്ലാം കേരളം ഓർക്കേണ്ട ഒരു നേതാവുണ്ട്; ആര്യാടൻ മുഹമ്മദ്. വ്യക്തിപരമായ നഷ്ടങ്ങളും പോർവിളികളും വകവെയ്ക്കാതെ തികഞ്ഞ മതേതരവാദിയായി നിലകൊണ്ട കോൺഗ്രസുകാരൻ.

‘ആരാടാ’ എന്നുചോദിച്ചവരോട് ‘ഞാനാടാ’ എന്ന് നെഞ്ചുവിരിച്ചു പറഞ്ഞയാളാണ് ആര്യാടൻ. എതിർചേരിയിലുള്ള സി.പി.എമ്മിനോട് മാത്രമല്ല, സ്വന്തം മുന്നണിയിലുള്ള മുസ്‌ലിംലീഗിനോടും അതേ ശൈലിയായിരുന്നു. പാണക്കാട് തങ്ങൾ കുടുംബത്തെയും അദ്ദേഹം വിമർശിക്കാൻ മടിച്ചില്ല. 2001-ൽ കത്തിപ്പടർന്ന ആര്യാടൻ-ലീഗ് വാക്‌പോര് കേരള രാഷ്ട്രീയത്തിൽ വലിയ ഞെട്ടലും വിവാദങ്ങളുമുണ്ടാക്കി. ആര്യാടന്റെ നിലപാടിൽ വിയോജിപ്പുള്ളവരും അദ്ദേഹത്തിന്റെ ചങ്കൂറ്റത്തിൽ ആശ്ചര്യപ്പെട്ടു.വർഗീയതയ്ക്കെതിരേ ന്യൂനപക്ഷ, ഭൂരിപക്ഷ വേർതിരിവില്ലാതെ നിലയുറപ്പിച്ചു. സ്വന്തം സമുദായത്തിൽ വ്യതിചലനങ്ങളുണ്ടാവുന്നതായി തോന്നിയപ്പോഴെല്ലാം കരുത്തോടെ പ്രതിരോധിച്ചു. മതേതര കാഴ്ചപ്പാടിൽ വിള്ളലുണ്ടായിക്കൂടെന്ന് നിരന്തരം ബോധ്യപ്പെടുത്തി. മതേതരവാദി എന്നതിനേക്കാൾ മതേതര പോരാളി എന്ന വിളിപ്പേരാകും ആര്യാടന് കൂടുതൽ ചേരുക. നിലമ്പൂർ തേക്കിനോളം കാതലുണ്ടായിരുന്ന ആ ‘ആര്യാടനിസം’ അണികളിലേക്ക് കൈമാറ്റംചെയ്യാനും അദ്ദേഹത്തിന് കഴിഞ്ഞു.

ഇരു മുന്നണികളിൽ മന്ത്രി

സ്കൂൾ പഠനകാലംമുതൽ മരണംവരെ അടിയുറച്ച കോൺഗ്രസുകാരനായിരുന്നു ആര്യാടൻ. ഇടക്കാലത്ത് ഇടതുമുന്നണിയിലും പ്രവർത്തിച്ചു. ഇരുമുന്നണികളിലും മത്സരിച്ച് എം.എൽ.എയും മന്ത്രിയുമായി. എ.കെ. ആന്റണിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് ഇടതുമുന്നണിയിലായ കാലത്താണ് ആര്യാടനും ഇടതുപക്ഷക്കാരനായത്. ആന്റണിയുടെ വിശ്വസ്തതനായ ആര്യാടൻ പിന്നീട് അദ്ദേഹത്തിനൊപ്പംതന്നെ കോൺഗ്രസിൽ തിരിച്ചെത്തി മുൻനിരനേതാവായി.

മുല്ലപ്പള്ളിയെ തോൽപ്പിച്ചു

നാലുതവണ മന്ത്രിക്കസേരയിലിരുന്നു. ഇടതുമുന്നണിക്കൊപ്പംനിന്ന 1980-ൽ ആദ്യ മന്ത്രിക്കുപ്പായം. അതിന് വഴിയൊരുക്കിയത് നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് വിജയം. തോൽപ്പിച്ചതാകട്ടെ മറ്റൊരു കോൺഗ്രസുകാരൻ മുല്ലപ്പള്ളി രാമചന്ദ്രനെ. നായനാർ മന്ത്രിസഭയിൽ തൊഴിൽ, വനം വകുപ്പുകൾ. പിന്നീട്, 1995-ൽ ആന്റണി മന്ത്രിസഭയിലും ഉമ്മൻചാണ്ടിയുടെ രണ്ട് മന്ത്രസഭകളിലും അംഗമായി. വൈദ്യുതി, ഗതാഗതം, ടൂറിസം, റെയിൽവേ വകുപ്പുകൾകൂടി കൈകാര്യംചെയ്തു. ട്രേഡ് യൂണിയനുകളുടെ സാരഥിയായ ആര്യാടൻ മന്ത്രിയായപ്പോൾ തൊഴിലാളികളെ മറന്നില്ല. തൊഴിൽരഹിത വേതനവും കർഷകത്തൊഴിലാളി പെൻഷനുമടക്കം ക്ഷേമപദ്ധതികൾ നടപ്പാക്കി.

സി.പി.എമ്മും ‘ജയ്’ വിളിച്ചു

‘കൊലപാതകി’ എന്നുവിളിച്ച് ആക്ഷേപിച്ച സി.പി.എമ്മുകാരെക്കൊണ്ട് തനിക്ക് വോട്ടഭ്യർത്ഥന നടത്തിച്ചു ആര്യാടൻ. എം.എൽ.എ. കുഞ്ഞാലി 1969-ൽ വെടിയേറ്റു മരിച്ചപ്പോൾ കൊന്നത് ആര്യാടനെന്ന് മുദ്രാവാക്യം വിളിച്ചുനടന്നു സി.പി.എം. എന്നാൽ, 1980-ലെ തിരഞ്ഞെടുപ്പിൽ ആന്റണി കോൺഗ്രസുമായിച്ചേർന്ന് മത്സരിച്ച സി.പി.എമ്മിന് ആ ‘കൊലപ്പുള്ളി’യെത്തന്നെ നിലമ്പൂരിലെ ഇടത് സ്ഥാനാർഥിയാക്കേണ്ടിവന്നു. കൊല നടത്തിയത് ആര്യാടനല്ലെന്ന് സി.പി.എം. തിരുത്തിയെങ്കിലും കുഞ്ഞാലിയുടെ ഭാര്യ ഇടഞ്ഞുനിന്നു. അവരെ അനുനയിപ്പിക്കാൻ ഇ.എം.എസ്. മുതൽ എം.വി. രാഘവൻ വരെയുള്ള നേതാക്കൾക്ക് രംഗത്തിറങ്ങേണ്ടി വന്നു.

ബനാത്ത്‌വാലക്കെതിരേയും

മുസ്‌ലിംലീഗ് ദേശീയ നേതാവ് ജി.എം. ബനാത്ത് വാലക്കെതിരേയും ആര്യാടൻ മത്സരിച്ചിട്ടുണ്ട്. 1980-ൽ പൊന്നാനി ലോക്‌സഭാ തിരഞ്ഞെടുപ്പിൽ. ജയിക്കാനായില്ലെങ്കിലും ശക്തമായ മത്സരം കാഴ്ചവെച്ചു. 1982-ൽ, മുൻ കോൺഗ്രസുകാരൻ ടി.കെ. ഹംസയ്ക്കെതിരേ നിലമ്പൂരിലും മത്സരിച്ചു.

Content Highlights: aryadan muhammed passed away kerala

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..