തുടര്‍ച്ചയായ വിവാദങ്ങള്‍; എസ്.എഫ്.ഐയെ നേര്‍വഴിക്ക് നടത്താനാകാതെ സി.പി.എം.


സ്വന്തം ലേഖകന്‍

2 min read
Read later
Print
Share

Photo: Mathrubhumi

തിരുവനന്തപുരം: പാർട്ടിയിൽ തെറ്റുതിരുത്തൽരേഖ വന്നെങ്കിലും അതിനൊന്നും പുല്ലുവിലകല്പിക്കാതെ എസ്.എഫ്.ഐ. മുന്നോട്ടുപോവുന്നത് സി.പി.എമ്മിനു തലവേദനയാവുന്നു. എസ് എഫ്.ഐ. സംസ്ഥാന സെക്രട്ടറി ആരോപണവിധേയനായ മാർക്ക്‌വിവാദത്തിൽ പരീക്ഷ എഴുതിയിട്ടില്ലെന്ന വിശദീകരണത്തിൽ പിടിച്ചുനിൽക്കാം. എന്നാൽ, മഹാരാജാസിലെ മുൻ എസ്.എഫ്.ഐ. പ്രവർത്തക ഗസ്റ്റ് അധ്യാപികയാവാൻ വ്യാജരേഖ ചമച്ചതിൽ വെട്ടിലാണ് സംഘടന.

വിദ്യാർഥിനേതാക്കളുടെ മദ്യപാനം, ആൾമാറാട്ടം എന്നിവക്കുപുറമേ ഇപ്പോൾ മാർക്ക് തിരുത്തലും വ്യാജരേഖ ചമയ്ക്കലുംവരെ എത്തിനിൽക്കുന്നതാണ് വിവാദങ്ങൾ. ഭരണത്തിന്റെ തണലിൽ എന്തുമാവാമെന്ന മട്ടിൽ എസ്.എഫ്.ഐ. നീങ്ങുമ്പോൾ വിദ്യാർഥിനേതാക്കളെ കയറൂരി വിട്ടിരിക്കുകയാണോ എന്നതാണ് പാർട്ടിക്കുള്ളിലെ ചോദ്യം.

തട്ടിപ്പും സാമൂഹികവിരുദ്ധ പ്രവർത്തനങ്ങളുമൊക്കെ എസ്.എഫ്.ഐ. നേതാക്കളിൽ ആരോപിക്കപ്പെടുമ്പോൾ പാർട്ടി തിരുത്താൻ തയ്യാറാവാത്തതിന്റെ ഫലമാണ് ആവർത്തിച്ചുള്ള വിവാദങ്ങളെന്ന വിമർശനം സി.പി.എമ്മിലുണ്ട്.

സർക്കാരും പാർട്ടിയും ഒരുപോലെ പ്രതിരോധത്തിലാവുന്നതിനാൽ, കർശനമായ തിരുത്തൽ നടപടികൾക്ക് സി.പി.എം. മുൻകൈയെടുക്കും. പാർട്ടി ഘടകങ്ങളിലും ബഹുജനസംഘടനകളിലുമൊക്കെ വ്യാപകമായിട്ടുള്ള തെറ്റായ പ്രവണതകൾക്കെതിരേ തിരുത്തൽനടപടികൾ തുടരുമ്പോഴാണ് തുടർച്ചയായി എസ്.എഫ്.ഐ. നേതാക്കൾ ഉൾപ്പെട്ട പ്രശ്നങ്ങൾ ഉണ്ടാകുന്നത്.

താൻ എഴുതാത്ത പരീക്ഷയുടെ പേരിലാണ് തിരിമറിയെന്നാണ് ആർഷോയുടെ വാദം. വകുപ്പ് മേധാവിയുടെ നേതൃത്വത്തിൽ നടന്ന ഗൂഢാലോചനയാണ് ഇതിനു പിന്നിലെന്നും ആർഷോ സി.പി.എം. നേതൃത്വത്തെ അറിയിച്ചു. ഇതു മുഖവിലയ്‌ക്കെടുത്താണ് എസ്.എഫ്.ഐ.യെ സംരക്ഷിച്ച് പ്രസ്താവന നടത്താൻ സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തയ്യാറായത്. മഹാരാജാസിലെ പ്രിൻസിപ്പലിന്റെ നിലപാടും ആർഷോയ്ക്ക് ആശ്വാസമായി.

തിരുവനന്തപുരം കാട്ടാക്കട ക്രിസ്ത്യൻ കോളേജിൽ എസ്.എഫ്.ഐ. നേതാവ് വിശാഖ് വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിൽ ആൾമാറാട്ടം നടത്തിയതിന്റെ നാണക്കേട് മാറുംമുമ്പേയാണ് ഇപ്പോഴത്തെ വിവാദം.

എസ്.എഫ്.ഐ. തിരുവനന്തപുരം ജില്ലാ പ്രസിഡന്റും സെക്രട്ടറിയും മദ്യപിച്ചു നൃത്തംചെയ്ത സംഭവം നടന്നിട്ട് ആറുമാസമായിട്ടില്ല. ഇതിന്റെ ദൃശ്യങ്ങളടക്കം പ്രചരിച്ചപ്പോൾ പിടിച്ചു നിൽക്കാനാവാതെ ഇരുവരെയും ഭാരവാഹിസ്ഥാനങ്ങളിൽനിന്ന്‌ നീക്കേണ്ടിവന്നു.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ എസ്.എഫ്.ഐ. നേതാക്കൾ പി.എസ്.സി. പരീക്ഷാത്തട്ടിപ്പ് നടത്തിയതാണ് ഒന്നാംപിണറായി സർക്കാരിന്റെ കാലത്ത് സി.പി.എമ്മിനെ പിടിച്ചുലച്ച സംഭവം. ഇവർക്കെതിരേയും നടപടിയെടുക്കാൻ നേതൃത്വം നിർബന്ധിതരായി.

എസ്.എഫ്.ഐ. നേതാക്കൾ മാനസികമായി പീഡിപ്പിച്ചെന്ന പേരിൽ വിദ്യാർഥിനി ആത്മഹത്യയ്ക്കു ശ്രമിച്ചതും യൂണിവേഴ്‌സിറ്റി കോളേജിലായിരുന്നു. ഈ വിദ്യാർഥിനി പിന്നീട് കോളേജ് മാറിപ്പോയി.

Content Highlights: as controversies continues sfi became headache for cpm

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..