പ്രതിയാര് ? എ.കെ.ജി. സെന്റർ ആക്രമണത്തിൽ അടിയന്തരപ്രമേയം


ഇരുചക്രവാഹനത്തിൽ എത്തിയയാൾ എ.കെ.ജി. സെന്ററിനു നേരെ സ്‌ഫോടകവസ്തു എറിഞ്ഞ്‌ മടങ്ങുന്നതിന്റെ സി.സി.ടി.വി. ദൃശ്യം

തിരുവനന്തപുരം: ഭരണപക്ഷത്തെ ഒന്നാംപാർട്ടിയുടെ സംസ്ഥാനകമ്മിറ്റി ഓഫീസ് ആക്രമണം നിയമസഭയിൽ അടിയന്തരപ്രമേയമാക്കി പ്രതിപക്ഷം. എ.കെ.ജി. സെന്ററിലേക്ക് സ്ഫോടകവസ്തു വലിച്ചെറിഞ്ഞ സംഭവമാണ് പ്രതിപക്ഷം സഭയിൽ അടിയന്തരപ്രമേയ ചർച്ചയാക്കിയത്. അക്രമത്തെക്കുറിച്ച് സഭ നിർത്തിവെച്ച് ചർച്ചചെയ്യാൻ പ്രതിപക്ഷം നോട്ടീസ് നൽകിയത് രാഷ്ട്രീയലക്ഷ്യത്തോടെയാണ്. തന്ത്രം തിരിച്ചറിഞ്ഞ്, ചർച്ചയ്ക്കു തയ്യാറാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. സമീപകാലത്തുണ്ടായ പാർട്ടി ഓഫീസ് ആക്രമണങ്ങളുടെ കണക്ക് നിരത്തുന്നതായിരുന്നു ഇരുപക്ഷത്തെയും വാദങ്ങൾ.

പി.സി. വിഷ്ണുനാഥാണ് വിഷയം അവതരിപ്പിച്ചത്. പോലീസിനെ സർക്കാർ രാഷ്ട്രീയവത്കരിക്കുന്നുവെന്ന ആരോപണം ശക്തിപ്പെടുത്താനും പ്രതിപക്ഷം ശ്രമിച്ചു. ഇരുപക്ഷത്തെയും വാദങ്ങൾ രാഷ്ട്രീയ വാഗ്വാദങ്ങളായിരുന്നു. കേസ് അന്വേഷണത്തിലാണെന്നും യാഥാർഥപ്രതികളെ പിടിക്കുമെന്നും മുഖ്യമന്ത്രി വിശദീകരണം നൽകി. ഇതോടെ പ്രമേയം സഭ തള്ളി. പാർട്ടി അറിഞ്ഞുകൊണ്ടാണ് ആക്രമണം നടന്നതെന്നു ബോധ്യപ്പെടുത്തുന്നതാണ് മുഖ്യമന്ത്രിയുടെ പ്രതികരണമെന്ന് കുറ്റപ്പെടുത്തി പ്രതിപക്ഷം ഇറങ്ങിപ്പോയി.

അഞ്ച് ചോദ്യങ്ങൾ ഉന്നയിച്ച് വിഷ്ണുനാഥ്

1. പോലീസ് കാവലിലുള്ള എ.കെ.ജി. സെന്ററിനു നേരെ എങ്ങനെ ആക്രമണം നടന്നു?

2. എട്ടു പോലീസുകാർ കാവലുണ്ടായിട്ടും അക്രമിയെ പിടിക്കാൻ പിന്തുടരാൻപോലും തയ്യാറാകാതിരുന്നത് എന്തുകൊണ്ട്?

3. പോലീസ് വലയത്തിലുള്ള പ്രദേശത്തുനിന്ന് അക്രമി രക്ഷപ്പെട്ടപ്പോൾ വയർലെസ് സന്ദേശം നൽകാൻ തയ്യാറാകാതിരുന്നത് എന്തുകൊണ്ട്?

4. സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിക്കാൻ താമസം വരുത്തിയത് എന്തിന്?

5. നാല് പോലീസ് സ്റ്റേഷനുകളുടെ വലയത്തിനുള്ളിലുള്ള സ്ഥലത്ത് സ്ഫോടനം നടത്തി അക്രമി രക്ഷപ്പെട്ടത് എങ്ങനെ?

പ്രതികളെ പിടിക്കും -മുഖ്യമന്ത്രി

എ.കെ.ജി. സെന്ററിന് പോലീസ് സുരക്ഷയുണ്ടായിരുന്നു. ആസൂത്രിതമായി നടത്തിയ ആക്രമണമാണ്. ഒറ്റദിവസംകൊണ്ട് നടന്നതാകില്ല. പലദിവസങ്ങളായുള്ള ആസൂത്രണമുണ്ടാകും. ഒരു വാഹനം വന്ന് തിരിച്ചുപോകുന്നതായി സി.സി.ടി.വി. ദൃശ്യങ്ങളിലുണ്ട്. രണ്ടാമതും വന്നാണ് എറിയുന്നത്. പോലീസ് സാന്നിധ്യമില്ലെന്ന് ഉറപ്പാക്കിയതാണിത്. ഇക്കാര്യത്തിൽ വീഴ്ചവന്നിട്ടുണ്ടോ എന്നു പരിശോധിക്കാം.

ഏതെങ്കിലും ആളെ പിടികൂടുകയല്ല, കൃത്യമായ ആളെ പിടിക്കുകയാണു ചെയ്യുന്നത്. അതിനുള്ള പരിശോധനയാണു നടക്കുന്നത്. ഈ സംഭവത്തിനുപിന്നിൽ പ്രവർത്തിച്ചവർ പ്രതികളെ മറച്ചുവെച്ചിട്ടുണ്ടാകണം. അവരുടെ സംരക്ഷണയിലാകും. എങ്കിലും പ്രതികളെ പിടിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Content Highlights: Attack on CPM HQ AKG Centre Turns Into Political Slugfest in Kerala Assembly

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..