പുനലൂരില്‍ സംഘര്‍ഷത്തിനിടെ കുത്തേറ്റ BJP പ്രവര്‍ത്തകന്‍ മരിച്ചു; CPM പ്രവര്‍ത്തകരെ അറസ്റ്റുചെയ്തു


1 min read
Read later
Print
Share

സുമേഷ്‌

പുനലൂർ: നഗരസഭയിലെ കക്കോട്ട് കഴിഞ്ഞ ശനിയാഴ്ച അർധരാത്രിയുണ്ടായ സംഘർഷത്തിൽ കുത്തേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രാദേശിക ബി.ജെ.പി. പ്രവർത്തകൻ മരിച്ചു. കക്കോട് സന്തോഷ് ഭവനിൽ സുമേഷ് (44) ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു മരണം. നെഞ്ചിലും വയറ്റിലും ആഴത്തിൽ കുത്തേറ്റിരുന്ന സുമേഷിനെ ശനിയാഴ്ചയും കഴിഞ്ഞദിവസവുമായി രണ്ട് ശസ്ത്രക്രിയകൾക്ക് വിധേയനാക്കിയിരുന്നെങ്കിലും രക്ഷിക്കാനായില്ല.

സംഘർഷവുമായി ബന്ധപ്പെട്ട് സി.പി.എം. പ്രതിനിധിയും വാർഡ് കൗൺസിലറുമായ അരവിന്ദാക്ഷൻ, സി.പി.എം. പ്രവർത്തകരായ നിതിൻ, സജികുമാർ എന്നിവർക്കെതിരേയാണ് പോലീസ് കേസെടുത്തിരുന്നത്. സംഘർഷത്തിൽ മൂന്നുപേർക്കും വെട്ടേറ്റിരുന്നു. ഇതിൽ പുനലൂർ താലൂക്ക് ആശുപത്രിയിൽ പോലീസ് നിരീക്ഷണത്തിൽ കഴിഞ്ഞുവന്നിരുന്ന നിതിനെയും സജികുമാറിനെയും വെള്ളിയാഴ്ച രാത്രി അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്തു. അരവിന്ദാക്ഷൻ സാരമായ പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. അരവിന്ദാക്ഷനെയും അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു.

കക്കോട് പബ്ലിക് ലൈബ്രറിയുടെ വാർഷികാഘോഷം നടക്കുന്നതിനിടെ അരവിന്ദാക്ഷന് മർദനമേറ്റതുമായി ബന്ധപ്പെട്ടാണ് സംഘർഷമുണ്ടായത്. മർദിച്ചതായി ആരോപിക്കപ്പെടുന്ന സ്ഥലവാസിയും സുമേഷിന്റെ സുഹൃത്തുമായ ബിജു ഒളിവിലാണ്. മർദനത്തെച്ചൊല്ലി അന്നേദിവസം അർധരാത്രിയിൽ ഉണ്ടായ സംഘർഷത്തിലാണ് വെട്ടും കുത്തും നടന്നത്. വ്യക്തിവൈരാഗ്യമാണ് സംഘർഷത്തിലേക്ക് നയിച്ചതെന്നും സംഭവത്തിൽ രാഷ്ട്രീയമില്ലെന്നും പോലീസ് വ്യക്തമാക്കിയിരുന്നു. സുമേഷ് മരിച്ച സാഹചര്യത്തിൽ കക്കോട്ട് പോലീസ് ക്യാമ്പ് ചെയ്യുകയാണ്.

മെഡിക്കൽ കോളേജ് ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന സുമേഷിന്റെ മൃതദേഹം ഞായറാഴ്ച രാവിലെ പരിശോധന നടത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കും. തുടർന്ന് കക്കോട്ടെ വീട്ടുവളപ്പിൽ സംസ്കരിക്കും. കഴിഞ്ഞ നഗരസഭാ തിരഞ്ഞെടുപ്പിൽ കക്കോട് വാർഡിൽ എൻ.ഡി.എ. സ്ഥാനാർഥിയായി മത്സരിച്ചിരുന്ന സുമേഷ് നിലവിൽ പാർട്ടിയുടെ ബൂത്ത് കമ്മിറ്റിയുടെ ചുമതലക്കാരനാണ്. ഭാര്യ: സീത. മക്കൾ: അമൽ, അമൃത.

Content Highlights: bjp member death, punalur, cpm leaders

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..