കൊല്ലം ഉളിയക്കോവിൽ ആരോഗ്യ വകുപ്പിന്റെ മെഡിക്കൽ സർവീസ് ഗോഡൗണിലുണ്ടായ തീപിടുത്തം (ഫയൽ ചിത്രം)
കൊച്ചി: തീപിടിക്കുമെന്ന ആശങ്കയിൽ കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ (കെ.എം.എസ്.സി.എൽ.) വിലക്കിയ ബ്ലീച്ചിങ് പൗഡർശേഖരത്തിൽ ഭൂരിഭാഗവും സംസ്ഥാനത്തെ ആശുപത്രികളിലെത്തി. വിലക്കിന് തൊട്ടുമുമ്പാണ് ജില്ലാസംഭരണശാലകളിൽനിന്ന് ആശുപത്രികളിലേക്ക് ബ്ലീച്ചിങ് പൗഡറുകൾ എത്തിച്ചത്. അഗ്നിരക്ഷാസംവിധാനങ്ങൾപോലും ആവശ്യത്തിനില്ലാത്ത ആശുപത്രികളിൽ ഇത് സൂക്ഷിക്കുന്നതിൽ ആശങ്ക ഉയർന്നുകഴിഞ്ഞു.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നിവിടങ്ങളിലെ മരുന്നുസംഭരണശാലകളിലെ തീപ്പിടിത്തത്തിനുപിന്നാലെയാണ് കാരുണ്യ കമ്യൂണിറ്റി ഫാർമസികൾവഴി വിതരണംചെയ്ത 59 ബാച്ച് ബ്ലീച്ചിങ് പൗഡറിന്റെ വിതരണം വിലക്കിയത്. 10,000 മുതൽ 20,000 കിലോവരെയുള്ളതാണ് ഒരു ബാച്ച്.
ഒരുവർഷത്തെ ഉപയോഗത്തിനുള്ള ബ്ലീച്ചിങ് പൗഡറിന്റെ 50 ശതമാനത്തോളം ഒറ്റത്തവണയായി ആശുപത്രികളിലേക്കു വിതരണംചെയ്തുകഴിഞ്ഞു. ആരോഗ്യസ്ഥാപനങ്ങൾ ആവശ്യപ്പെട്ട മരുന്നുകൾ പലതും വാഹനമില്ലെന്നകാരണത്താൽ കെ.എം.എസ്.സി.എൽ. സമയത്ത് എത്തിക്കാറില്ല. ഇതുമൂലം ഇടയ്ക്കിടെ മരുന്നുക്ഷാമവും അനുഭവപ്പെടുന്നുണ്ട്. മരുന്നില്ലെങ്കിലും ബ്ലീച്ചിങ് പൗഡർ ആവശ്യത്തിലേറെ എത്തുന്നതെങ്ങനെയെന്നാണ് ചോദ്യം.
കേരള കമ്പനിയെ ഒഴിവാക്കിയതെന്തിന്
കൊച്ചി ആസ്ഥാനമായ കുന്നത്ത് കെമിക്കൽസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് സ്ഥിരമായി കെ.എം.എസ്.സി.എലിന് ബ്ലീച്ചിങ് പൗഡർ വിതരണംചെയ്തിരുന്നത്. ഇവരെ ഒഴിവാക്കിയാണ് ലഖ്നൗവിലെ ബാങ്കെ ബെഹാരി കെമിക്കൽസിൽനിന്ന് ബ്ലീച്ചിങ് പൗഡർ വാങ്ങാൻ തുടങ്ങിയത്.
ബ്ലീച്ചിങ് പൗഡറിന്റെ വിതരണം മരവിപ്പിച്ചുകൊണ്ടുള്ള കെ.എം.എസ്.സി.എലിന്റെ മെമ്മോയിൽ ബാങ്കെ ബെഹാരിയുടെ ബ്ലീച്ചിങ് പൗഡറാണെന്ന് എടുത്തുപറയുന്നുണ്ട്. ‘കൺസിസ്റ്റൻസി സ്റ്റഡി’ക്കുവേണ്ടി എന്നതാണ് കാരണമായി പറഞ്ഞിരിക്കുന്നത്. ഉത്പന്നത്തിന്റെ രാസഘടനയിൽ വ്യത്യാസമുണ്ടായിരിക്കാൻ ഇടയുണ്ടെന്ന സംശയത്തിലാണിത്.
മഴക്കാല മുന്നൊരുക്കം പ്രതിസന്ധിയിലാകും
സംസ്ഥാനത്ത് ബ്ലീച്ചിങ് പൗഡറിന് ക്ഷാമം നേരിട്ടാൽ മഴക്കാല മുന്നൊരുക്കം പ്രതിസന്ധിയിലാകും. ശുചീകരണത്തിനായി ആരോഗ്യവകുപ്പ് പ്രധാനമായും വിതരണംചെയ്യുന്നത് ബ്ലീച്ചിങ് പൗഡറാണ്.
സ്വയം കത്തില്ല
ബ്ലീച്ചിങ്പൗഡർ സ്വയം കത്തുന്നതോ മറ്റുവസ്തുക്കളെ കത്താൻ സഹായിക്കുന്നതോ ആയ ഒരു രാസവസ്തുവല്ല. എന്നാൽ, ബ്ലീച്ചിങ് പൗഡർ ഈർപ്പംതട്ടി ചൂടായി ക്ലോറിൻ ബഹിർഗമിച്ചാൽ അടച്ചിട്ട അന്തരീക്ഷത്തിൽ ജ്വലനത്തെ സഹായിക്കുന്ന മറ്റുവസ്തുക്കളുമായി പ്രതിപ്രവർത്തിക്കുമ്പോൾ തീപ്പിടിത്തമുണ്ടാകാം. -ഡോ. എം.പി. സുകുമാരൻ നായർ, ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് മുൻ മാനേജിങ് ഡയറക്ടർ


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..