ബ്രഹ്മപുരം: ആരോപണങ്ങള്‍ UDFലേക്ക് തിരിച്ചുവിടാന്‍ CPM; തമ്മിലടി ഒഴിവാക്കാന്‍ കോണ്‍ഗ്രസ്‌


By കെ. പത്മജൻ

2 min read
Read later
Print
Share

കോൺഗ്രസ് നേതാക്കൾ തമ്മിലുള്ള പടലപ്പിണക്കം മുതലാക്കാനും സി.പി.എം. ശ്രമിക്കുന്നുണ്ട്

പ്രതീകാത്മക ചിത്രം | മാതൃഭൂമി

കൊച്ചി:ബ്രഹ്മപുരം തീപ്പിടിത്തത്തിന്റെ പശ്ചാത്തലത്തിൽ തങ്ങൾക്കെതിരേ ഉയരുന്ന ആരോപണങ്ങൾക്ക് കവചം തീർക്കാൻ സി.പി.എം. രംഗത്തിറങ്ങി. കോർപ്പറേഷൻ ഭരണത്തിനെതിരേ ഉയരുന്ന ആരോപണങ്ങൾ, മുൻപ് ഭരിച്ചിരുന്നവരിലേക്ക് തിരിച്ചുവിടാൻ അവർ തന്ത്രങ്ങൾ മെനയുകയാണ്. കോൺഗ്രസ് ക്യാമ്പിലാകട്ടെ, നേതാക്കൾ തമ്മിലുള്ള വാക്പോര് തടയാൻ നേതൃത്വം ഇടപെടേണ്ട അവസ്ഥയാണ്. ബ്രഹ്മപുരത്തെ ഉപ-കരാറിന്റെ പേരിൽ മുൻ മേയർ ടോണി ചമ്മണിയും കെ.പി.സി.സി. മുൻ ജനറൽ സെക്രട്ടറി എൻ. വേണുഗോപാലും തമ്മിൽ നടക്കുന്ന പരോക്ഷ പോര് അവസാനിപ്പിച്ചില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോകുമെന്നാണ് കോൺഗ്രസ് നേതൃത്വം കരുതുന്നത്.

ബ്രഹ്മപുരത്ത് സി.ബി.ഐ. അന്വേഷണം എന്ന ആവശ്യവുമായി യു.ഡി.എഫും ബി.ജെ.പി.യും രംഗത്തുണ്ട്. മുൻകാല പ്രാബല്യത്തോടെ കാര്യങ്ങൾ പരിശോധിച്ച് കുറ്റം യു.ഡി.എഫിന്റെ തലയിൽ വെയ്ക്കാനാണ് സി.പി.എം. കരുക്കൾ നീക്കുന്നത്. മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനായി ആദ്യം കരാറിൽ ഏർപ്പെട്ട ജി.ജെ. എക്കോ പവർ കമ്പനിയുമായുള്ള യു.ഡി.എഫ്. കാലത്തെ ഇടപാടുകൾ ഉയർത്തിക്കാട്ടി ആരോപണങ്ങൾക്ക് മറുപടി പറയുകയാണ് സി.പി.എം. ഇപ്പോൾ കരാറിലുള്ള സോൺട കമ്പനിയുമായി മുഖ്യമന്ത്രി ഉൾപ്പെടെ സി.പി.എമ്മിലെ മുതിർന്ന നേതാക്കൾക്കുള്ള ബന്ധമാണ് യു.ഡി.എഫ്. ഉയർത്തിക്കൊണ്ടുവരുന്നത്.

കോൺഗ്രസ് നേതാക്കൾ തമ്മിലുള്ള പടലപ്പിണക്കം മുതലാക്കാനും സി.പി.എം. ശ്രമിക്കുന്നുണ്ട്. ജി.ജെ. എക്കോ പവറുമായി ടോണി ചമ്മണിക്ക് ബന്ധമുണ്ടെന്ന് സൂചിപ്പിക്കുന്ന തരത്തിൽ പ്രസ്താവനകൾ നടത്തിയത് കോൺഗ്രസ് നേതാവ് എൻ. വേണുഗോപാലാണ്. അതിന് ചുവടുപിടിച്ച് ആരോപണം ഏറ്റെടുത്തിരിക്കുകയാണ് സി.പി.എം.

സർക്കാരിനെതിരേയും കൊച്ചി കോർപ്പറേഷന് എതിരേയും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻതന്നെ ശക്തമായ ആരോപണങ്ങളുമായി രംഗത്തുണ്ട്. മേയറുടെ രാജി ആവശ്യപ്പെട്ട് സമരം ശക്തമാക്കാനാണ് യു.ഡി.എഫിന്റെ തീരുമാനം. എന്നാൽ, കൗൺസിൽ യോഗങ്ങളിൽ എന്ത് നിലപാട് സ്വീകരിക്കുമെന്നതിൽ യു.ഡി.എഫിൽ ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. ശനിയാഴ്ച കൗൺസിൽ യോഗം ചേരുമ്പോഴും തിങ്കളാഴ്ച കൊച്ചി നഗരസഭ ബജറ്റ് അവതരിപ്പിക്കുമ്പോഴും എന്ത് നിലപാട് എടുക്കണമെന്നതിൽ മുന്നണിയിൽ വ്യക്തതയില്ല.

കോർപ്പറേഷൻ ഓഫീസ് മാർച്ചിലൂടെ ശനിയാഴ്ച പ്രക്ഷോഭം വീണ്ടും ശക്തമാക്കാനാണ് യു.ഡി.എഫ്. തീരുമാനം. യു.ഡി.എഫിന്റെ സമരത്തിന് അതേ മാർഗത്തിൽ തടയിടാനാണ് ഇടതുപക്ഷവും ശ്രമിക്കുന്നത്. പ്രതിപക്ഷത്തെ തുറന്നുകാട്ടാൻ ചൊവ്വാഴ്ച കോർപ്പറേഷൻ ഓഫീസിലേക്ക് തന്നെയാണ് അവരും മാർച്ച് സംഘടിപ്പിക്കുന്നത്.

Content Highlights: brahmapuram plant fire udf cpm ldf congress kochi corporation criticism

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..