Photo: Mathrubhumi
കൊല്ലം: സി.ഐ.ടി.യു. നേതാവ് കോഴവാങ്ങിയെന്ന് ആരോപണം ഉയർന്നതോടെ കെ.എം.എൽ.എല്ലിലെ (കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ്) നിയമനം വിവാദത്തിൽ. കെ.എം.എം.എൽ. കാന്റീനിൽ വിഭവങ്ങൾ വിതരണംചെയ്യാനും പാത്രങ്ങൾ കഴുകാനുമുള്ള ‘ജൂനിയർ വെയ്റ്റർ കം വെയർ വാഷർ’ തസ്തികയിലേക്ക് നടത്താനിരിക്കുന്ന സ്ഥിരം നിയമനമാണ് വിവാദത്തിലായത്.
സി.ഐ.ടി.യു. നേതാവിന് പണം നൽകുന്നതിന്റെ വീഡിയോ ദൃശ്യങ്ങളുമായി ഉദ്യോഗാർഥിയുടെ അച്ഛൻ കമ്പനിയിലെ ഉന്നതരെയും രാഷ്ട്രീയനേതൃത്വത്തെയും സമീപിച്ചതോടെ വ്യാഴം, വെള്ളി ദിവസങ്ങളിൽ നടത്താനിരുന്ന അഭിമുഖം റദ്ദാക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി സി.പി.എം. പ്രാദേശികനേതൃത്വം വ്യവസായമന്ത്രി അടക്കമുള്ളവരെ സമീപിക്കാൻ തീരുമാനിച്ചതായാണ് വിവരം. വാങ്ങിയ പണം പലിശസഹിതം തിരികെനൽകി പരാതി ഒത്തുതീർപ്പാക്കാനും ശ്രമമുണ്ട്.
എട്ടാം ക്ലാസ് അടിസ്ഥാനയോഗ്യത നിശ്ചയിച്ച് വിളിച്ച വെയ്റ്റർ കം വെയർ വാഷർ തസ്തികയിലേക്ക് ഉന്നത ബിരുദങ്ങളുള്ളവരെ നിയമിച്ച് സ്ഥാനക്കയറ്റം നൽകാനുള്ള പദ്ധതിയാണ് പുറത്തുവരുന്നത്. ജോലിയിൽ പ്രവേശിച്ചയുടൻതന്നെ ഇവരെയെല്ലാം മാർക്കറ്റിങ്, മെയ്‌ന്റനൻസ്, പേർസണൽ ആൻഡ് അഡ്മിനിസ്ട്രേഷൻ തുടങ്ങിയ സെക്‌ഷനുകളിൽ ഒഴിച്ചിട്ടിരിക്കുന്ന ജൂനിയർ ഓഫീസർ തസ്തികയിലേക്ക് മാറ്റാനായിരുന്നു നീക്കം. അപേക്ഷകരിൽ എൻജിനിയറിങ് ബിരുദധാരികൾ വരെയുണ്ട്.
സ്കിൽ ടെസ്റ്റ് നടത്തി 75 പേരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കിയാണ് അഭിമുഖത്തിന് ക്ഷണിച്ചിരിക്കുന്നത്. സി.പി.എം. ഏരിയ നേതാവിന്റെ മകൾ അടക്കമുള്ളവർ ചുരുക്കപ്പട്ടികയിലില്ല. ഇത് പാർട്ടി തലത്തിൽ ചർച്ചയായിട്ടുണ്ട്.
കാന്റീനിൽ ഓവർടൈം കൂടുതലാണെന്നും അതിനാൽ അടിയന്തരമായി നിയമനം നടത്തണമെന്നും കാട്ടി സി.ഐ.ടി.യു. നേതാവും സംഘവും വ്യവസായവകുപ്പിനെ തെറ്റിദ്ധരിപ്പിച്ചാണ് ‘ജൂനിയർ വെയ്റ്റർ കം വെയർ വാഷർ’ തസ്തികയിൽ നിയമനം നടത്താനുള്ള അനുമതി നേടിയതെന്ന് ആരോപണമുണ്ട്. സൂപ്പർവൈസർ ജോലി ഒഴികെയുള്ള കാന്റീനിലെ എല്ലാ ജോലികളും ദിവസവേതന ജീവനക്കാരായ ഡയറക്ട് കോൺട്രാക്ട് വർക്കേഴ്സ് (മുൻ ലപ്പാ തൊഴിലാളികൾ) ആണ് ചെയ്യുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..