സി. ദിവാകരൻ | Photo: Mathrubhumi
തിരുവനന്തപുരം: സോളാർ കേസിൽ ഒത്തുതീർപ്പുകളും ഗൂഢാലോചനകളും നടന്നെന്ന മുതിർന്ന സി.പി.ഐ. നേതാവ് സി. ദിവാകരന്റെ വെളിപ്പെടുത്തൽ എൽ.ഡി.എഫിനെ കുഴയ്ക്കുന്നു. ദിവാകരന്റെ വെളിപ്പെടുത്തലിനെ പിൻപറ്റി സോളാർ കമ്മിഷനെതിരേ അന്വേഷണം ആവശ്യപ്പെട്ട് യു.ഡി.എഫ്. രംഗത്തെത്തിയിട്ടുണ്ട്.
ഒത്തുതീർപ്പുകളെക്കുറിച്ചും കമ്മിഷൻ റിപ്പോർട്ട് തയ്യാറാക്കിയതിനെക്കുറിച്ചും ആത്മകഥയിൽ കുറച്ചും അതിലേറെ പരസ്യമായി പറഞ്ഞുമാണ് ദിവാകരൻ വിവാദത്തിന് വഴിവെച്ചത്. ഇതിനെ മുഖവിലയ്ക്കെടുക്കാതെ അവഗണിക്കുന്ന സമീപനമാണ് ഇടതുനേതാക്കൾ സ്വീകരിച്ചതെങ്കിലും, യു.ഡി.എഫ്. ഏറ്റുപിടിച്ചത് സി.പി.ഐ.യെ അസ്വസ്ഥമാക്കുന്നുണ്ട്.
സി.പി.ഐ.യുടെ നിയന്ത്രണത്തിലുള്ള, ആത്മകഥ പ്രസിദ്ധീകരിച്ച പ്രഭാത് ബുക്ക് ഹൗസിന്റെ ഡയറക്ടറാണ് ദിവാകരൻ. പ്രായപരിധി കഴിഞ്ഞതിനെത്തുടർന്ന് പാർട്ടിസ്ഥാനങ്ങളിൽനിന്ന് അദ്ദേഹം മാറിയിരുന്നു. പാർട്ടിക്കും മുന്നണിക്കും പ്രതിസന്ധിയുണ്ടാക്കുന്നവിധം പെരുമാറിയതിനാൽ പ്രഭാതിന്റെ ചുമതലയിൽനിന്ന് മാറ്റണമെന്ന അഭിപ്രായം സി.പി.ഐ.നേതാക്കളിൽ ശക്തമാണ്. ചൊവ്വാഴ്ച സി.പി.ഐ. സംസ്ഥാന നിർവാഹക സമിതി യോഗം ചേരുന്നുണ്ട്.
പുസ്തകപ്രകാശന ചടങ്ങിൽത്തന്നെ ഇതിന്റെ ഉള്ളടക്കത്തിന്റെ ഉത്തരവാദിത്വം ദിവാകരന് മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും വ്യക്തമാക്കിയിട്ടുണ്ട്. ഒത്തുതീർപ്പ് ആരോപണം പുസ്തകം പുറത്തിറങ്ങിയ ഉടൻ സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എ.കെ. ബാലൻ തള്ളിയെങ്കിലും കാര്യങ്ങളെക്കുറിച്ച് ദിവാകരനോടുതന്നെ ചോദിക്കണമെന്നു പറഞ്ഞ് ഒഴിഞ്ഞു. ഇതിനുപിന്നാലെ, പുസ്തകത്തിൽ പറഞ്ഞതിനെക്കാൾ ഉപരിയായി ആരോപണങ്ങളുടെ മുനകൂർപ്പിച്ച് ദിവാകരൻ രംഗത്തുവന്നതാണ് സി.പി.ഐ.യെ ചൊടിപ്പിച്ചത്.
ആത്മകഥ പ്രസിദ്ധീകരണത്തോടെ രാഷ്ട്രീയ രംഗത്തുനിന്ന് മാറുമെന്ന സൂചന ദിവാകരൻ നൽകിയിട്ടുണ്ട്. ദിവാകരനെ തള്ളി അദ്ദേഹം ഉന്നയിച്ച ആരോപണങ്ങളുടെ ബാധ്യതയിൽനിന്ന് പാർട്ടിയെ മുക്തമാക്കാനാകും സി.പി.ഐ.യുടെ ശ്രമം.
Content Highlights: c divakaran auto biography remarks ldf solar case


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..