പ്രതീകാത്മകചിത്രം | Photo: Mathrubhumi
തിരുവനന്തപുരം: നിരക്കുവർധനയിലൂടെ ജനങ്ങളെ ഷോക്കടിപ്പിച്ച വൈദ്യുതി ബോർഡിന് ശമ്പളപരിഷ്കരണത്തിന്റെപേരിൽ സി.എ.ജി.യുടെ വക ഷോക്ക്. 6500 കോടിരൂപ സഞ്ചിതനഷ്ടത്തിൽ നിൽക്കുന്നഘട്ടത്തിൽ, ശമ്പളവും പെൻഷനും പരിഷ്‌കരിക്കാൻ തീരുമാനിച്ച ഡയറക്ടർ ബോർഡ് അംഗങ്ങൾക്കെതിരേ അച്ചടക്കനടപടിയെടുക്കാൻ കൺേട്രാളർ ആൻഡ് ഓഡിറ്റർ ജനറൽ ശുപാർശചെയ്തു.
സർക്കാരിന്റെ അനുമതിതേടാതെ 2021-ലാണ് ബോർഡ് ശന്പളപരിഷ്കരണം നടപ്പാക്കിയത്. ഇതിലൂടെ വർഷം 734.4 കോടി രൂപയുടെ അധികബാധ്യത ബോർഡിനുണ്ടായി. സർക്കാർ ജീവനക്കാരെക്കാൾ അഞ്ചുശതമാനം കൂടുതൽ ക്ഷാമബത്തയും അനുവദിച്ചു. ശമ്പള-പെൻഷൻ വിഹിതം റവന്യൂവരുമാനത്തിന്റെ 26.77 ശതമാനമായിരുന്നത് ഈ പരിഷ്‌കരണത്തിലൂടെ 46.59 ശതമാനമായി.
അധികബാധ്യത കണക്കൂകൂട്ടി സർക്കാർ നൽകുന്ന ധനസഹായത്തിൽനിന്ന് തിരിച്ചുപിടിക്കാനും സി.എ.ജി. നിർദേശിച്ചു.
സർക്കാരിന്റെ അനുമതിതേടാതെ 2016-ൽ ശമ്പളപരിഷ്‌കരണം നടപ്പാക്കിയതിനെ സി.എ.ജി. മുമ്പും പലതവണ വിമർശിച്ചിരുന്നു. സർക്കാരിന്റെ അനുമതിയോടെ മാത്രമേ പൊതുമേഖലാസ്ഥാപനങ്ങളിൽ ശമ്പളപരിഷ്‌കരണം നടപ്പാക്കാവൂവെന്ന് 2021 ജനുവരിയിൽ സംസ്ഥാനം ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് നിർദേശം നൽകുകയുണ്ടായി. ഡയറക്ടർ ബോർഡ് ഇതു വീണ്ടും ലംഘിച്ചിട്ടും തടയാത്തത് ഊർജവകുപ്പിന്റെ വീഴ്ചയാണെന്നും സി.എ.ജി. കുറ്റപ്പെടുത്തി.
ശന്പളഭാരവും ജനം പേറണം
ബോർഡിലെ ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും ശന്പളം വർധിപ്പിച്ചതിന്റെ ഭാരവും പേറുന്നത് ഉപഭോക്താക്കൾ.
സി.എ.ജി. റിപ്പോർട്ടിൽ അക്കാര്യം പറയുന്നുണ്ട്. ബോർഡ് വിൽക്കുന്ന 23,499.59 ദശലക്ഷം യൂണിറ്റ് വൈദ്യുതി അടിസ്ഥാനമാക്കിയാൽ അതുണ്ടാക്കുന്ന മാറ്റം ഇങ്ങനെ:
പരിഷ്കരണത്തിലൂടെ ബോർഡിനുണ്ടാകുന്ന 734.4 കോടി രൂപയുടെ അധികബാധ്യതയിൽ 543 കോടി രൂപ ശന്പളയിനത്തിലാണ്-ഒരോ യൂണിറ്റിലും 31 പൈസയുടെ സ്വാധീനമാണ് ഇതുണ്ടാക്കുക
ശന്പളപരിഷ്കരണത്തിന് 2018 ജൂലായ് മുതൽ മുൻകാല പ്രാബല്യം നൽകിയിട്ടുള്ളതിനാൽ കുടിശ്ശിക ഇനത്തിൽ 1317.66 കോടി അധികം കണ്ടെത്തണം-ഇൗ അധികബാധ്യത ഒരോ യൂണിറ്റിലുമുണ്ടാക്കുക 56 പൈസയുടെ സ്വധീനം
പരിഷ്കരണത്തിലൂടെ ജീവനക്കാരുടെ വിരമിക്കൽ ആനുകൂല്യത്തിൽ 15,184 കോടി രൂപയുടെ അധികബാധ്യതയുമുണ്ടായി -യൂണിറ്റിൽ 6.46 രൂപയുടെ സ്വാധീനം
ക്ഷാമബത്തയിലും ഒരുപടി മുന്നിൽ
സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ക്ഷാമബത്തയിൽ ഏർപ്പെടുത്തിയ നിയന്ത്രണം വൈദ്യുതി ബോർഡ് ജീവനക്കാർക്ക് ബാധകമല്ല. 2020 ജൂലായ് വരെയുള്ള ഏഴു ശതമാനം ക്ഷാമബത്തയാണ് സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്നത്. എന്നാൽ, വൈദ്യുതി ബോർഡിൽ 2022 ജനുവരിയിൽ അഞ്ചുശതമാനം ക്ഷാമബത്തകൂടി അനുവദിച്ചു. ഇതോടെ 2021 ജൂലായ് വരെയുള്ള 19 ശതമാനം ക്ഷാമബത്ത വൈദ്യുതി ബോർഡിൽ ലഭിക്കുന്നുണ്ട്. സർക്കാരിന്റെ അനുമതിയില്ലാതെയാണ് ഇതും അനുവദിച്ചത്.
Content Highlights: cag shock for kseb


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..