ഉദുമ : നിയന്ത്രണംവിട്ട കാർ റോഡരികിലെ പള്ളിക്കിണറ്റിലേക്ക് വീണു. എതിർദിശയിൽ വന്ന സ്കൂട്ടറിൽ തട്ടിയ കാർ ചുറ്റുമതിൽ തകർത്ത് കിണറ്റിൽ വീഴുകയായിരുന്നു.
കാറിലുണ്ടായിരുന്ന നാലുപേരെയും നാട്ടുകാരും അഗ്നിരക്ഷാസേനയും പോലീസും ചേർന്ന് രക്ഷപ്പെടുത്തി. കാർ ഒടിച്ചിരുന്ന ഉദുമ ഈച്ചിലിങ്കാലിലെ അബ്ദുൾ നാസർ (48), മക്കളായ മിഥിലാജ് (13), അജ്മൽ (ഒൻപത്), വാഹിദ് (ആറ്) എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. പള്ളിക്കര പൂച്ചക്കാട് ഹൈദ്രോസ് ജുമാമസ്ജിദിന് മുൻപിൽ പൊതുമരാമത്ത് റോഡരികിലുള്ള ഏഴ് മീറ്റോളം താഴ്ചയുള്ള കിണറ്റിലാണ് കാർ വീണത്. ഉദുമയിൽനിന്ന് ചേറ്റുകുണ്ടിലേക്ക് വരികയായിരുന്നു കാർ. പൂച്ചക്കാട് എത്തിയപ്പോൾ എതിർദിശയിൽനിന്നുവന്ന സ്കൂട്ടറുമായി കാർ ഇടിച്ചു. ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ട കാർ കിണറിന്റെ ചുറ്റുമതിൽ തകർത്ത് അകത്തേക്ക് വീഴുകയായിരുന്നു.
അപകടം കണ്ടുനിന്ന പൂച്ചക്കാട് കിഴക്കേക്കരയിലെ രാമചന്ദ്രൻ, അയ്യപ്പൻ, ഷമീർ കല്ലിങ്കാൽ എന്നിവർ ഉടൻതന്നെ കയറിൽ തൂങ്ങി കണറ്റിലിറങ്ങി. കാറിന്റെ ചില്ലുകൾ തകർത്ത് ആദ്യം കുട്ടികളെ രക്ഷപ്പെടുത്തി. കാഞ്ഞങ്ങാട് അഗ്നിരക്ഷാസേനയെത്തി മുതിർന്നയാളെയും പുറത്തെടുത്തു. നാലുപേർക്കും നിസ്സാരപരിക്കുണ്ട്. സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന കല്ലൂരാവിയിലെ സാഫില (31), അൻസിൽ (ഒൻപത്), അസ്മില (13), എന്നിവർക്കും പരിക്കുണ്ട്. പരിക്കേറ്റവർ മൻസൂർ ആസ്പത്രിയിൽ ചികിത്സയിലാണ്. അയ്യപ്പനെയും രാമചന്ദ്രനെയും ഷമീർ കല്ലിങ്കലിനെയും ബുധനാഴ്ച പൂച്ചക്കാട് പൗരാവലി ആദരിക്കും.
Content Highlights: car fell into well after losing control in Kasarkode Uduma
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..