Oommen Chandy | Mathrubhumi file photo
തിരുവനന്തപുരം: സോളാർ തട്ടിപ്പ് കേസിലെ മുഖ്യപ്രതി ഉന്നയിച്ച ലൈംഗികപീഡന, കൈക്കൂലി ആരോപണക്കേസുകളിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് സി.ബി.ഐ.യുടെ ക്ലീൻ ചിറ്റ്. സാഹചര്യത്തെളിവുകൾക്കും യുവതി ഹാജരാക്കിയ രേഖകൾക്കും ഉമ്മൻചാണ്ടി കുറ്റംചെയ്തതായി സ്ഥാപിക്കാൻ കഴിഞ്ഞില്ലെന്ന് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ സി.ബി.ഐ. പ്രത്യേക അന്വേഷണസംഘം സമർപ്പിച്ച അന്തിമറിപ്പോർട്ടിൽ പറയുന്നു.
സമാനപരാതിയിൽ ലൈംഗികാരോപണം നേരിട്ട ബി.ജെ.പി. ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടിക്കെതിരേയുള്ള കേസിലും തെളിവില്ലെന്ന് സി.ബി.ഐ. കണ്ടെത്തി. താനും മുൻ ഭർത്താവ് ബിജു രാധാകൃഷ്ണനുമായുള്ള കുടുംബപ്രശ്നം സംസാരിക്കാൻ ക്ലിഫ് ഹൗസിൽ വിളിച്ചുവരുത്തി ശാരീരികമായി ഉപദ്രവിച്ചുവെന്നായിരുന്നു പരാതി.
ഉമ്മൻചാണ്ടി മന്ത്രിസഭയിലെ ഒരു മന്ത്രിയുമായി ഉണ്ടായിരുന്ന ബന്ധത്തിലെ പ്രശ്നങ്ങൾ സംസാരിക്കാനാണ് യുവതി ക്ലിഫ് ഹൗസിൽ പോയിരുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. 2012 സെപ്റ്റംബർ 19-നായിരുന്നു സംഭവം. ഇക്കാര്യത്തിന് പി.സി. ജോർജ് സാക്ഷിയാണെന്നും യുവതി ആരോപിച്ചിരുന്നു.
മൊഴികളിൽ വൈരുധ്യം
യുവതിയുടെ ഡ്രൈവർമാരായ ശ്രീജിത്, സന്ദീപ്, ഉമ്മൻചാണ്ടിയുടെ സഹായി ടെന്നി ജോപ്പൻ, പി.സി. ജോർജ് എന്നിവരുടെ രഹസ്യമൊഴി പരിശോധിച്ചപ്പോൾ യുവതിയുടെ മൊഴിയുമായി ഏറെ വൈരുധ്യമുള്ളതായി സി.ബി.ഐ. കണ്ടെത്തി.
പി.സി. ജോർജ് ദൃക്‌സാക്ഷിയാണെന്ന് യുവതി മുൻപ് അന്വേഷണം നടത്തിയ ഒരു സംഘത്തോടും വെളിപ്പെടുത്തിയിരുന്നില്ല. ആദ്യമായി സി.ബി.ഐ.യോടാണ് പറഞ്ഞത്. തെളിവായി ഹാജരാക്കിയ ഫോൺ സംഭാഷണത്തിന്റെ പെൻഡ്രൈവ് ഒട്ടേറെത്തവണ പകർപ്പെടുത്തതാണെന്നും നിയമപരമായി സാധുതയില്ലാത്തതാണെന്നും സി.ബി.ഐ. പറയുന്നു.
തെളിവില്ലാത്ത ആരോപണങ്ങൾ
സംസ്ഥാനത്ത് സൗരോർജനയം നടപ്പാക്കുന്നതിനും സോളാർ പദ്ധതികൾക്ക് കേന്ദ്രാനുമതി ലഭ്യമാക്കാനും ഉമ്മൻചാണ്ടിക്കുവേണ്ടി രണ്ടുകോടി രൂപ അദ്ദേഹത്തിന്റെ സഹായി ആവശ്യപ്പെട്ടു. താൻ ഡൽഹിയിലെത്തി ഉമ്മൻചാണ്ടിയുടെ ഡൽഹിയിലെ സഹായി തോമസ് കുരുവിളയെ 1.9 കോടി ഏൽപ്പിച്ചു -എന്നിങ്ങനെയായിരുന്നു യുവതിയുടെ മറ്റൊരു ആരോപണം. ഇതും കളവാണെന്നാണ് സി.ബി.ഐ. കണ്ടെത്തിയത്.
പണം കൈമാറിയതിന്റെ ഒരു രേഖയും ഹാജരാക്കാൻ യുവതിക്ക് കഴിഞ്ഞില്ല. ലൈംഗിക ആരോപണത്തിനും കൈക്കൂലി ആരോപണത്തിനും അടിസ്ഥാനമില്ലാത്തതിനാൽ കേസ് അവസാനിപ്പിക്കാൻ അനുവദിക്കണമെന്നാണ് സി.ബി.ഐ. ആവശ്യം.
ആരോപണത്തിന്റെ അടിസ്ഥാനത്തിൽ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിനും വഞ്ചനക്കുറ്റത്തിനുമാണ് സി.ബി.ഐ. ഉമ്മൻചാണ്ടിയെ ഒന്നാം പ്രതിയാക്കിയും തോമസ് കുരുവിളയെ രണ്ടാം പ്രതിയാക്കിയും കേസെടുത്തിരുന്നത്.
ആരോപണം നേരിട്ട ആറുപേർക്കും ആശ്വാസം
ബി.ജെ.പി. ദേശീയ വൈസ് പ്രസിഡന്റ് അബ്ദുള്ളക്കുട്ടി, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ, ഹൈബി ഈഡൻ എം.പി., ഉമ്മൻചാണ്ടി മന്ത്രിസഭയിലെ മുൻമന്ത്രിമാരായ അടൂർ പ്രകാശ്, എ.പി. അനിൽകുമാർ എന്നിവരായിരുന്നു കേസിലെ മറ്റുപ്രതികൾ.
ആറു പ്രതികൾക്കും വെവ്വേറെ കുറ്റപത്രമാണ് സി.ബി.െഎ. സമർപ്പിച്ചത്. ഇവയിലൊന്നും ആരോപണങ്ങൾ തെളിയിക്കാൻ കഴിയാത്തതിനാൽ കേസ് അവസാനിപ്പിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് സി.ബി.ഐ. അന്വേഷണസംഘം കോടതിയിൽ റിപ്പോർട്ട് നൽകിയത്.
അബ്ദുള്ളക്കുട്ടി സർക്കാർഉടമസ്ഥതയിലുള്ള മസ്കോട്ട് ഹോട്ടലിൽെവച്ച് പീഡിപ്പിച്ചെന്നായിരുന്നു പരാതി. പീഡനവിവരം പരാതിക്കാരി റിസപ്ഷനിൽപ്പോലും പറഞ്ഞിരുന്നില്ലെന്ന് സി.ബി.ഐ. സംഘം കണ്ടെത്തി.
Content Highlights: cbi gives clean chit to oommen chandy on solar case
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..