Photo: PTI
കൊച്ചി: വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയിൽ സി.ബി.ഐ. മറുപടി നൽകേണ്ടതില്ലെന്ന് ഹൈക്കോടതി. സിംഗിൾബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് ശരിവെച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാറും ജസ്റ്റിസ് ഷാജി പി. ചാലിയും അടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. കസ്റ്റംസിൽനിന്ന് വിരമിച്ച എസ്. രാജീവ് കുമാർ നൽകിയ അപ്പീൽ തള്ളിയാണ് ഉത്തരവ്.
വിവരാവകാശനിയമത്തിന്റെ രണ്ടാം ഷെഡ്യൂളിലാണ് സി.ബി.ഐ. ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികൾ വരുന്നതെന്നും അതിനാൽ മറുപടി നൽകേണ്ടതില്ലെന്നുമാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. അന്വേഷണത്തെയോ കോടതി നടപടികളെയോ ബാധിക്കുന്ന വിവരങ്ങൾ നൽകേണ്ടതില്ലെന്ന് നിയമം വ്യക്തമാക്കുന്നുണ്ടെന്ന് ഡെപ്യൂട്ടി സോളിസിറ്റർ ജനറൽ എസ്. മനു ചൂണ്ടിക്കാട്ടിയതും കോടതി കണക്കിലെടുത്തു.
കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണറായിരുന്ന ഹർജിക്കാരൻ 2017 മേയ് 31-ന് സർവീസിൽനിന്ന് വിരമിച്ചു. 2012-ൽ തിരുവനന്തപുരം വിമാനത്താവളത്തിൽ ജോലിചെയ്യുമ്പോൾ ശരിയായവിധം ബാഗേജുകൾ പരിശോധിക്കാത്തതിന് സി.ബി.ഐ. രജിസ്റ്റർചെയ്ത കേസിൽ പ്രതിയായിരുന്നു. ഈ കേസ് ചോദ്യംചെയ്തുള്ള ഹർജി ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.
കേസിൽ മറ്റു കസ്റ്റംസ് ഓഫീസർമാർക്കെതിരേയും ആരോപണമുണ്ടായിരുന്നു. എന്നാൽ, സി.ബി.ഐ.യിലെ ഒരു ഓഫീസർ നടത്തിയ ഇടപെടലിനെത്തുടർന്ന് ആരോപണവിധേയരായ രണ്ട് ഓഫീസർമാരെ ഒഴിവാക്കിയെന്നാണ് ആരോപണം. ഇത്തരത്തിൽ ഇടപെടൽ നടത്തിയ ഉദ്യോഗസ്ഥനെതിരേ അന്വേഷണമാവശ്യപ്പെട്ട് ഹർജിക്കാരൻ സി.ബി.ഐ. ഡയറക്ടർക്ക് അപേക്ഷ നൽകി. അന്വേഷണ റിപ്പോർട്ട് ഉദ്യോഗസ്ഥർ ഡയറക്ടർക്ക് കൈമാറുകയും ചെയ്തു. റിപ്പോർട്ടിന്റെ പകർപ്പ് ആവശ്യപ്പെട്ടുള്ള വിവരാവകാശ അപേക്ഷയാണ് സി.ബി.ഐ. നിഷേധിച്ചത്.
Content Highlights: cbi not liable to furnish reply under rti says high court
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..