ദേശീയപാത നിർമാണത്തിൽ കോടികളുടെ അഴിമതി


രണ്ടുവർഷമെടുത്ത അന്വേഷണം പൂർത്തിയാക്കി എട്ടുപേരെ പ്രതിചേർത്ത് എറണാകുളം സി.ബി.ഐ. കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു

Photo: Print

കൊച്ചി: മണ്ണുത്തി-അങ്കമാലി ദേശീയപാത നിർമാണത്തിൽ കോടികളുടെ അഴിമതിയെന്ന് സി.ബി.ഐ.

രണ്ടുവർഷമെടുത്ത അന്വേഷണം പൂർത്തിയാക്കി എട്ടുപേരെ പ്രതിചേർത്ത് എറണാകുളം സി.ബി.ഐ. കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. പാലിയേക്കരയിൽ ടോൾപിരിവ് നടത്തുന്ന ഹൈദരാബാദ് ആസ്ഥാനമായ ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡ് (ജി.ഐ.പി.എൽ.) അങ്കമാലി-മണ്ണുത്തി ദേശീയപാത നിർമാണത്തിലും പരിപാലനത്തിലും ക്രമക്കേട് നടത്തിയെന്ന് സി.ബി.ഐ. പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

നിർമാണത്തിനും പരിപാലനത്തിനുമായി 2002-ലാണ് ടെൻഡർ ക്ഷണിച്ചത്. കെ.എം.സി. കൺസ്ട്രക്ഷൻ ലിമിറ്റഡും എസ്.ആർ.ഇ.ഐ. ഇൻഫ്രാസ്ട്രക്ചർ ഫിനാൻസ് ലിമിറ്റഡും ചേർന്നുള്ള കൺസോർഷ്യത്തിനാണ് കരാർ ലഭിച്ചത്. ദേശീയപാത പരിപാലനത്തിനായി പ്രത്യേക ഉദ്ദേശ്യകമ്പനിയായി (സ്‌പെഷ്യൽ പർപ്പസ് വെഹിക്കിൾ) 2005-ൽ ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡിനെ ചുമതലപ്പെടുത്തി. നിർമാണത്തിലും പരിപാലനത്തിലും 2006 മുതൽ 2016 വരെയുള്ള കാലയളവിൽ പലതവണ കരാർവ്യവസ്ഥകൾ ലംഘിക്കപ്പെട്ടിട്ടുണ്ടെന്നാണ് സി.ബി.ഐ. പ്രഥമവിവര റിപ്പോർട്ടിലുള്ളത്.

നിലവാരമില്ലാത്ത സർവീസ് റോഡുകൾ

സർവീസ് റോഡുകൾ നിലവാരമില്ലാതെയാണ് കരാർ കമ്പനി നിർമിച്ചിരിക്കുന്നതെന്നും പറയുന്നു. സർവീസ് റോഡുകളിൽ സെമി ഡെൻസ് ബിറ്റുമിനസ് കോൺക്രീറ്റും മെക്കാഡവും 10 സെ.മീ. കനത്തിലാണ് വേണ്ടിയിരുന്നത്. സാംപിൾ ശേഖരണത്തിന് പരിശോധനനടത്തിയ 27 കിലോമീറ്ററിലും ഇത് 7.5 സെ.മീ. കനത്തിൽ മാത്രമാണുണ്ടായിരുന്നത്.

അങ്കമാലിമുതൽ മണ്ണുത്തിവരെ 12 ബസ്‌ബേകൾ നിർമിക്കേണ്ടതായിരുന്നു. എന്നാൽ, മൂന്നെണ്ണം മാത്രം നിർമിക്കുകയും 12 എണ്ണം നിർമിച്ചതായി അവകാശപ്പെടുകയും ചെയ്തു. ബസ് ഷെൽട്ടറുകൾ നിർമിച്ചതിലും കരാറുകൾ ലംഘിക്കപ്പെട്ടെന്നും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

Content Highlights: CBI says corruption of crores in the construction of Mannuthi-Angamali National Highway

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..