ചൈനയെ ചെറുത്ത് പരമ്പരാഗത മരുന്നുകൾക്ക് ആഗോളവിപണി പിടിക്കാൻ കേന്ദ്ര പദ്ധതി


2 min read
Read later
Print
Share

പദ്ധതി നടപ്പാക്കുന്നത് ആയുഷ് മന്ത്രാലയം

Representational image | Photo: gettyimages.in

കണ്ണൂർ: കേന്ദ്ര ആയുഷ് മന്ത്രാലയം, വാണിജ്യ മന്ത്രാലയവുമായി സഹകരിച്ച്, ഇന്ത്യൻ പരമ്പരാഗത ആയുഷ് മരുന്നുകളുടെ ആഗോള കയറ്റുമതി വർധിപ്പിക്കാനുള്ള പദ്ധതിക്ക് തുടക്കമാകുന്നു. ഏറെക്കാലമായി ചൈനയുടെ കുത്തകയാണ് ഇത്തരം പാരമ്പര്യ മരുന്നുവിപണനമേഖല. അതിലേക്ക്‌ ഇടിച്ചുകയറുകയാണ്‌ ലക്ഷ്യം.

ഇന്ത്യൻ പരമ്പരാഗത ഔഷധങ്ങളുടെ ഫലപ്രാപ്തി ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണെന്ന് വിദേശരാജ്യങ്ങളെ ബോധ്യപ്പെടുത്താൻ ആയുഷ് മന്ത്രാലയം ശ്രമം തുടങ്ങി. മരുന്നിനായി ഉപയോഗിക്കുന്ന ഫോർമുലേഷനുകൾ, അസംസ്കൃത വസ്തുക്കൾ, ഔഷധസസ്യങ്ങൾ എന്നിവയിൽ ശാസ്ത്രീയ പരിശോധനകൾ നടത്തുന്നതിനായി കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പുമായും ബയോടെക്‌നോളജി വകുപ്പുമായും കൂടിയാലോചന നടത്തി.

ഫാർമസ്യൂട്ടിക്കൽസ് എക്സ്പോർട്ട് പ്രൊമോഷൻ കൗൺസിൽ ഇക്കാര്യം ഊന്നിപ്പറയുന്നുണ്ട്. ആയുർവേദ മരുന്നുകൾ കയറ്റുമതി ചെയ്യുന്നതിലെ സങ്കീർണതകൾ ഇല്ലാതാക്കുകയാണ് പ്രധാന ലക്ഷ്യം.

ആയുർവേദ മരുന്നുകൾ ചികിത്സയ്ക്ക് ബഹുഭൂരിപക്ഷം രാജ്യങ്ങളും അംഗീകരിക്കുന്നില്ല. ഇതിനായി ശാസ്ത്രീയ തെളിവുകൾ ഉണ്ടാക്കുകയാണ് പ്രധാന കാര്യം. ഇന്ത്യയിൽനിന്ന് വിദേശ വിപണികളിലേക്കുള്ള മൊത്തം കയറ്റുമതിയിൽ ആയുർവേദത്തിന്റെ വിഹിതം ഒരുശതമാനം മാത്രമാണ്. കേരളത്തിലെ ആയുർവേദ മരുന്ന് നിർമാതാക്കൾക്ക് കയറ്റുമതിയുടെ നിയമവശങ്ങളെക്കുറിച്ചും മറ്റ് രാജ്യങ്ങളിലെ നിയന്ത്രണങ്ങളെക്കുറിച്ചും വേണ്ടത്ര അറിവില്ല. വിദേശ രാജ്യങ്ങളിൽ അംഗീകാരം ലഭിക്കേണ്ടത് ഔഷധച്ചെടികൾ കൊണ്ടുണ്ടാക്കിയ മരുന്നുകളാണ്, അല്ലാതെ ഫുഡ്‌സപ്ളിമെന്റ് എന്ന നിലയിലല്ല. അതേസമയം ഏറെയും വിറ്റുപോകുന്നത്‌ ഫുഡ്‌സപ്ലിമെന്റാണ്.

വിദേശരാജ്യങ്ങളെ ആയുഷ് മരുന്നുകളെക്കുറിച്ച് ബോധവത്‌കരിക്കുകയാണ് ലക്ഷ്യം. പരമ്പരാഗത ചൈനീസ് മരുന്നുകൾ ലഭിക്കുന്നിടത്തെല്ലാം ചൈനീസ് പരമ്പരാഗത ഡോക്ടർമാർ സ്ഥലം സന്ദർശിച്ച് അവരുടെ മരുന്നുകളെക്കുറിച്ചും ചികിത്സകളെക്കുറിച്ചും ബോധവത്കരണ ക്ലാസുകൾ നടത്തുന്നുണ്ട്. നാലുപതിറ്റാണ്ടായി വിവിധ കമ്പനികൾ 30 രാജ്യങ്ങളിലേക്ക് ആയുഷ് മരുന്നുകൾ ഫുഡ് സപ്ലിമെന്റുകൾ എന്ന ലേബലിൽ ഇന്ത്യയിൽനിന്ന് കയറ്റുമതി ചെയ്യുന്നു. അതേസമയം ഇത്തരം ഫുഡ്‌സപ്ലിമെന്റുകളെക്കുറിച്ച് പാശ്ചാത്യർക്ക് സംശയമുണ്ട്.

2020 ഓഗസ്റ്റിൽ ഇന്ത്യയിൽനിന്നുള്ള ഫുഡ്‌സപ്ളിമെന്റിന്റെ വിൽപ്പന റിപ്പോർട്ട് പ്രകാരം, തേനിന്റെ ആവശ്യം 45 ശതമാനവും ച്യവനപ്രാശത്തിന്റെ ആവശ്യം 85 ശതമാനവും മഞ്ഞളിന്റേത് 40 ശതമാനവും ആയി ഉയർന്നിരുന്നു. കോവിഡ്-19 നെ നേരിടാൻ ആയുഷ് മന്ത്രാലയത്തിൽനിന്നുള്ള ശുപാർശകളാണ് ഈ ഉത്‌പന്നങ്ങളോടുള്ള താത്‌പര്യം കൂട്ടിയത്. രാജ്യത്തുടനീളം ഹോമിയോപ്പതിയുടെയും മറ്റ് ആയുഷ് മരുന്നുകളുടെയും ലഭ്യത ഉറപ്പാക്കി 2020 സെപ്റ്റംബറിൽ രണ്ട് ബില്ലുകൾ പാർലമെന്റ് പാസാക്കിയിരുന്നു. കൂടാതെ, 2020 ഓഗസ്റ്റിൽ, ഗുജറാത്ത് ആരോഗ്യ വകുപ്പ് ഏകദേശം 3.48 കോടി ആളുകൾക്ക് ഹോമിയോപ്പതി മരുന്ന് ആർസെനിക്കം ആൽബം-30 വിതരണം ചെയ്തിരുന്നു.

Content Highlights: Center plans to capture global market for traditional medicines

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..