സി.ഐ. സുനുവിനെ വിട്ടയച്ചു ; ചൊവ്വാഴ്ച അന്വേഷണോദ്യോഗസ്ഥർക്കു മുന്നിൽ ഹാജരാകണം


2 min read
Read later
Print
Share

സി ഐ. പി.ആർ. സുനു | ഫോട്ടോ: മാതൃഭൂമി

കാക്കനാട്: കേസിൽപ്പെട്ട ഭർത്താവിനെ രക്ഷിക്കാമെന്നു പറഞ്ഞ് വീട്ടമ്മയെ ബലാത്സംഗത്തിന് ഇരയാക്കിയെന്ന പരാതിയിൽ കസ്റ്റഡിയിലായിരുന്ന കോഴിക്കോട് തീരദേശ പോലീസ് സി.ഐ. പി.ആർ. സുനുവിനെ അന്വേഷണോദ്യോഗസ്ഥർ വിട്ടയച്ചു. ചൊവ്വാഴ്ച രാവിലെ പത്തിന് അന്വേഷണോദ്യോഗസ്ഥർക്കു മുന്നിൽ ഹാജരാകാൻ നോട്ടീസ് നൽകിയാണ് സുനുവിനെ വിട്ടയച്ചത്.

പോലീസ് ഓഫീസർക്കെതിരായ പരാതിയിൽ വേണ്ടത്ര തെളിവുകൾ കണ്ടെത്താൻ കഴിയാത്തതിനാലാണ് വിട്ടയയ്ക്കുന്നതെന്ന് അന്വേഷണോദ്യോഗസ്ഥർ പറഞ്ഞു. പരാതിക്കാരിയായ യുവതിയിൽനിന്ന് തിങ്കളാഴ്ച അന്വേഷണോദ്യോഗസ്ഥർ വിശദമായ മൊഴിയെടുത്തിരുന്നു.

ഭർത്താവിന്റെ സുഹൃത്ത് വഴിയാണ് സി.ഐ. യുവതിയെ പരിചയപ്പെടുന്നത്. ഈ പരിചയം ഭർത്താവിന്റെ കേസിലേക്ക് നീങ്ങുകയും പിന്നീട് കൂട്ട ബലാത്സംഗത്തിൽ കലാശിക്കുകയും ചെയ്തു എന്നാണ് എറണാകുളം ഡി.സി.പി.ക്ക് യുവതി നൽകിയ പരാതിയിൽ പറയുന്നത്.

ഇതേ തുടർന്നാണ്‌ തൃക്കാക്കര സി.ഐ. ആർ. ഷാബുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കോഴിക്കോട് സ്റ്റേഷനിലെത്തി സി.ഐ. പി.ആർ. സുനുവിനെ ഞായറാഴ്ച കസ്റ്റഡിയിലെടുത്തത്.

തിങ്കളാഴ്ച രാത്രി വൈകുംവരെ സി.ഐ. യെ രഹസ്യ കേന്ദ്രത്തിലാക്കിയിരിക്കുകയായിരുന്നു പോലീസ്. അറസ്റ്റ് രേഖപ്പെടുത്തിയതുമില്ല.

യുവതി പരാതിയിൽ പറഞ്ഞ കാര്യങ്ങളും പോലീസിനു നൽകിയ മൊഴികളും തമ്മിൽ കാര്യമായ പൊരുത്തക്കേടുകളുണ്ടെന്ന് സിറ്റി പോലീസ് കമ്മിഷണർ സി.എച്ച്. നാഗരാജു പറഞ്ഞു. ഒരുപാട് കാര്യങ്ങളും ഒരുപാട് ആളുകളുടെ ഇടപെടലും യുവതിയുടെ പരാതിയിൽ പറയുന്നുണ്ട്. അതുകൊണ്ടുതന്നെ കൂടുതൽ വിവരങ്ങൾ ശേഖരിക്കേണ്ടതുണ്ട്. യഥാർഥത്തിൽ എന്താണ് സംഭവിച്ചത് എന്നതിൽ അന്വേഷണം നടക്കുകയാണ്. കസ്റ്റഡിയിലെടുത്ത് വിട്ടയച്ച പോലീസ് ഓഫീസർ സുനുവിനെതിരേ മുമ്പും ഇത്തരം പരാതികളുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കസ്റ്റഡിയിലെടുത്ത പരാതിക്കാരിയുടെ ഭർത്താവിന്റെ സുഹൃത്ത്, വീട്ടുജോലിക്കാരി എന്നിവരെയും ചോദ്യം ചെയ്ത ശേഷം പോലീസ് വിട്ടയച്ചു. പരാതിക്കാരിയുടെ ഭർത്താവിനോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ചെങ്കിലും എത്തിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു. പ്രതിപ്പട്ടികയിലുള്ള മറ്റൊരാൾ മാവേലിക്കരയിൽ തിങ്കളാഴ്ച വൈകീട്ട് വാഹനാപകടത്തിൽപ്പെട്ടു. ഇയാളെ അടുത്ത ദിവസം ചോദ്യം ചെയ്യാൻ പോലീസ് കസ്റ്റഡിയിൽ എടുക്കും.

യുവതിയുടെ മൊഴിയിൽ പോലീസിന് ആശയക്കുഴപ്പം

കാക്കനാട്: പരാതിയും യുവതി നൽകിയ മൊഴിയും തമ്മിൽ ചേരുന്നില്ലെന്നാണ് പോലീസിന്റെ വിശദീകരണം. പീഡനം നടന്നതായി പറഞ്ഞ ദിവസങ്ങളുടെ കാര്യത്തിലും വ്യക്തതക്കുറവുണ്ട്. മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ യുവതിയുടെ മൊഴികൾ പ്രതികളുമായി അടുപ്പിക്കാനുള്ള തെളിവുകളിലേക്ക് എത്തുന്നില്ലെന്നും പോലീസ് സംഘം പറഞ്ഞു.

Content Highlights: ci sunu released from police custody and should be present before the investigation team on tuesday

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..