‘ഞാനാകണം നായകൻ’: ഷെയ്ൻ നിഗം നിർമാതാവിനയച്ച കത്ത് പുറത്ത്


1 min read
Read later
Print
Share

ശ്രീനാഥ് ഭാസി, ഷെയ്ൻ നിഗം

കൊച്ചി: ‘ആർ.ഡി.എക്സ്.’ എന്ന സിനിമയിൽ തനിക്കായിരിക്കണം പ്രാധാന്യമെന്നും ട്രെയ്‌ലറിലും പോസ്റ്ററിലും തന്റെ കഥാപാത്രത്തെ നായകരൂപത്തിൽ അവതരിപ്പിക്കണമെന്നും ആവശ്യപ്പെട്ട് നടൻ ഷെയ്ൻ നിഗം നിർമാതാവ് സോഫിയാ പോളിനയച്ച കത്ത് പുറത്ത്. സിനിമ പായ്ക്കപ്പ് ആകുന്നതിന്റെ തലേന്ന് ഷെയ്‌നിനെക്കുറിച്ച് സോഫിയ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് നൽകിയ പരാതിയും മാധ്യമങ്ങൾക്ക് ലഭിച്ചു.

‘മിന്നൽ മുരളി’ ഉൾപ്പെടെയുള്ള സിനിമകളുടെ നിർമാതാവായ സോഫിയാ പോളിന്റെ ‘ആർ.ഡി.എക്സി’ൽ ഷെയ്ൻ നിഗത്തിനു പുറമേ, ആന്റണി വർഗീസ് പെപ്പേ, നീരജ് മാധവ് എന്നിവരാണ് പ്രധാനവേഷങ്ങളിൽ. മറ്റ് രണ്ടുപേരെക്കാൾ പ്രാധാന്യം തന്റെ കഥാപാത്രമായ റോബർട്ടിന് വേണമെന്നാണ് ഷെയ്ൻ, സോഫിയാ പോളിന് അയച്ച കത്തിൽ ആവശ്യപ്പെട്ടത്.

‘എന്റെ കഥാപാത്രമായ റോബർട്ടായിരിക്കും ചിത്രത്തിലെ നായകനെന്നും ബാക്കി രണ്ടുപേർ സഹനടന്മാരായിരിക്കുമെന്നുമാണ് കഥാചർച്ചകളിൽ പറഞ്ഞിരുന്നത്. ഷൂട്ടിങ്ങിനിടയിലാണ് ഇതിനുമാറ്റം വന്നത്. നേരത്തേ വാഗ്ദാനം ചെയ്യപ്പെട്ടിരുന്നപോലെ എന്റെ കഥാപാത്രമായ റോബർട്ടിനാകണം ചിത്രത്തിന്റെ മാർക്കറ്റിങ്, പ്രൊമോഷൻ, ബ്രാൻഡിങ് വേളകളിൽ പ്രഥമപരിഗണന നൽകേണ്ടത്. പ്രേക്ഷകർക്ക് ഞാനാണ് നായകൻ എന്നു തോന്നിക്കുന്ന തരത്തിലുള്ള പോസ്റ്ററും ട്രെയ്‌ലറുമാകണം പുറത്തിറക്കേണ്ടത്’ : ഷെയ്ൻ കത്തിൽ പറയുന്നു.

ഷെയ്‌നിന്റെ ആവശ്യങ്ങളുടെ പശ്ചാത്തലം വ്യക്തമാക്കിക്കൊണ്ടും ഷൂട്ടിങ് സമയത്തുണ്ടായ ബുദ്ധിമുട്ടുകൾ വിവരിച്ചുമാണ് സോഫിയാ പോൾ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് പരാതി നൽകിയത്.

‘ഷൂട്ടിങ് ദിനങ്ങളിൽ ഷെയ്‌നിന്റെയും അമ്മയുടെയും ഭാഗത്തുനിന്ന്‌ എനിക്കും പ്രൊഡക്‌ഷൻ ടീമിനും ഒട്ടും പ്രൊഫഷണലല്ലാത്ത പെരുമാറ്റമാണ് നേരിടേണ്ടിവന്നത്. ഷൂട്ടുചെയ്ത മെറ്റീരിയൽ മുഴുവൻ അദ്ദേഹവും അമ്മയുംകണ്ട്, അദ്ദേഹത്തിന് സിനിമയിലുള്ള പ്രാധാന്യം ഉറപ്പാക്കിയശേഷമേ ഷൂട്ടിങ്ങിൽ പങ്കെടുക്കൂ എന്നതായിരുന്നു ഡിമാൻഡ്.

പായ്ക്കപ്പ് ആകുന്നതിന്റെ തലേന്നുപോലും ഷെയ്ൻ കൃത്യസമയത്ത് എത്താതിരുന്നതിനാൽ അവസാനനിമിഷം ലൊക്കേഷൻ മാറ്റേണ്ടിവന്നു. വൻസാമ്പത്തികനഷ്ടവും നാണക്കേടുമാണ് ഉണ്ടായിട്ടുള്ളത്. ചിത്രത്തിന്റെ ഡബ്ബിങ്, പ്രൊമോഷൻ തുടങ്ങിയ കാര്യങ്ങളിൽ ഷെയ്‌നിന്റെ സഹകരണം ഉണ്ടാകുമോയെന്ന് ഉറപ്പില്ലാത്ത സാഹചര്യമാണുള്ളത്’ : സോഫിയ പരാതിപ്പെടുന്നു.

സോഫിയയുടെ ഉൾപ്പെടെയുള്ള പരാതികളെത്തുടർന്ന് ഷെയ്ൻ നിഗത്തോട് സഹകരിക്കില്ലെന്ന് സിനിമാസംഘടനകൾ പ്രഖ്യാപിച്ചിരുന്നു. പ്രശ്നം തീർപ്പാക്കണമെന്നാവശ്യപ്പെട്ട് ഷെയ്ൻ നിഗം ‘അമ്മ’ നേതൃത്വത്തെ സമീപിച്ചിട്ടുണ്ട്.

Content Highlights: cinema, sreenath bhasi, shane nigam

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..