ആന്റണി രാജു, കെ. കൃഷ്ണൻകുട്ടി| Photo: Mathrubhumi
തിരുവനന്തപുരം: കെ.എസ്.ഇ.ബി.യിലെയും കെ.എസ്.ആർ.ടി.സി.യിലെയും പ്രശ്നങ്ങളുടെ പേരിൽ ഘടകകക്ഷി മന്ത്രിമാർക്കെതിരേ രൂക്ഷ വിമർശനവുമായി സി.ഐ.ടി.യുവും എ.ഐ.ടി.യു.സിയും. സി.ഐ.ടി.യു. സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദനും എ.ഐ.ടി.യു.സി. സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രനുമാണ് മന്ത്രിമാരായ ആന്റണി രാജുവിനെയും കെ. കൃഷ്ണൻകുട്ടിയെയും വിമർശിച്ചത്.
കെ.എസ്.ആർ.ടി.സി.യിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ആന്റണി രാജു ഉത്തരവാദിത്വമില്ലാതെയാണ് പെരുമാറുന്നതെന്ന് ആനത്തലവട്ടം ആനന്ദൻ കുറ്റപ്പെടുത്തി. സ്ഥാപനത്തിലെ മാനേജ്മെന്റ് വീഴ്ചകൾ അക്കമിട്ട് നിരത്തി നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം മന്ത്രിക്കെതിരേ തിരിഞ്ഞത്.
സിഎം.ഡി.യും മന്ത്രിയും പങ്കെടുത്ത യോഗത്തിൽ എത്ര എംപാനൽഡ് ജീവനക്കാരുണ്ടെന്ന കണക്ക് പോലുമുണ്ടായിരുന്നില്ല. രണ്ടു ദിവസത്തിനുള്ളിൽ കണക്ക് നൽകാമെന്നു പറഞ്ഞെങ്കിലും രണ്ടു മാസമായിട്ടും കിട്ടിയിട്ടില്ല. മന്ത്രിയോടു ചോദിച്ചപ്പോൾ നാളെ തരാമെന്നാണ് മറുപടി. ഇത്തരം നിരുത്തരവാദപരമായ സമീപനങ്ങൾ സഹിച്ച് മുന്നോട്ടുപോകാനാകില്ല- ആനത്തലവട്ടം തുറന്നടിച്ചു.
കെ.എസ്.ആർ.ടി.സി.യിലെ സർക്കാർ പരിഷ്കരണ നടപടികളെയും അദ്ദേഹം വിമർശിച്ചു. എംപാനൽഡ് ജീവനക്കാരെ സംരക്ഷിക്കുമെന്ന ഉറപ്പ് പാലിക്കപ്പെട്ടില്ല. സ്വിഫ്റ്റിലും നിയമനം നൽകിയില്ല. സർവീസുകളുടെ കാര്യത്തിൽ അപക്വമായ സമീപനമാണ് മാനേജ്മെന്റിന്- ആനത്തലവട്ടം പറഞ്ഞു.
ഇരു സ്ഥാപനങ്ങളിലും നിലനിൽക്കുന്നത് ഗുരുതര പ്രതിസന്ധിയാണെന്നായിരുന്നു കെ.പി. രാജേന്ദ്രന്റെ പരാമർശം. കെ.എസ്.ആർ.ടി.സിയിൽ ജോലിചെയ്ത തൊഴിലാളികൾക്ക് ശമ്പളംപോലും കൊടുക്കാൻകഴിയാത്ത സ്ഥിതിയാണ്. മന്ത്രി നിരന്തരം തൊഴിലാളികളെയും ട്രേഡ് യൂണിയൻ സംഘടനകളെയും ആക്ഷേപിച്ചു കൊണ്ടിരിക്കുകയാണ്.
വൈദ്യുതി ബോർഡിൽ എന്താണ് നടക്കുന്നതെന്ന് അന്വേഷിക്കാൻപോലും ഉത്തരവാദപ്പെട്ടവരില്ല. ഇതിനു പരിഹാരം കാണാൻ ഉന്നതതലയോഗം വിളിക്കണമെന്നും അദ്ദേഹം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..