മുഖ്യമന്ത്രി പിണറായി വിജയൻ | ഫയൽ ചിത്രം
തിരുവനന്തപുരം: പ്രലോഭനങ്ങളെ നിരന്തരം ചെറുത്തുനിന്നാണ് സി.ഐ.ടി.യു. തൊഴിലെടുക്കുന്നവന്റെ പ്രസ്ഥാനമായി വളർന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാടിനെ ഇന്നുകാണുന്ന കേരളമാക്കി വളർത്തിയെടുത്തതിൽ സി.ഐ.ടി.യു.വിന് ചരിത്രപരമായ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. സി.ഐ.ടി.യു. സ്ഥാപകദിനത്തിൽ പുറത്തിറക്കിയ ‘സി.ഐ.ടി.യു. കേരളചരിത്രം’ പുസ്തകം പ്രകാശനംചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ജാതി, മത ചേരികളിൽ തൊഴിലാളികളെ കള്ളിതിരിച്ച് പരസ്പരം പോരടിപ്പിക്കാനുള്ള കേന്ദ്രസർക്കാരിന്റെയും സംഘപരിവാറിന്റെയും ശ്രമം ശക്തിപ്പെടുകയാണ്. എന്നാൽ, ഇവരെ മുട്ടുകുത്തിച്ച ഐതിഹാസിക കർഷകസമരം മറക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംഘപരിവാർ നയങ്ങളിൽ ജനങ്ങൾക്കുള്ള അതൃപ്തിയും രോഷവും ഉജ്ജ്വലസമരങ്ങളാക്കി മാറ്റാൻ സി.ഐ.ടി.യു.വിനാകണം. മതേതരത്വ സോഷ്യലിസ്റ്റ് നിലപാടുകളിൽ വിട്ടുവീഴ്ചയില്ലാത്ത അരനൂറ്റാണ്ടാണ് പ്രസ്ഥാനം പിന്നിടുന്നത്. തൊഴിലാളികൾക്കായുള്ള പോരാട്ടങ്ങളിലൂടെയാണ് ഈ പ്രസ്ഥാനം വളർന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സി.ഐ.ടി.യു. സംസ്ഥാനസെക്രട്ടറി ആനത്തലവട്ടം ആനന്ദൻ അധ്യക്ഷനായി. മന്ത്രി വി. ശിവൻകുട്ടി, സി.ഐ.ടി.യു. നേതാക്കളായ എളമരം കരീം, സി. ജയൻബാബു, ടി.പി. രാമകൃഷ്ണൻ, കെ.എൻ. ഗോപിനാഥ്, കെ. സുനിൽകുമാർ, ഐ.എൻ.ടി.യു.സി. പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ തുടങ്ങിയവർ സംസാരിച്ചു.
തോട്ടം, കശുവണ്ടി തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ടുള്ള ആരംഭംമുതൽ ആധുനിക തൊഴിൽമേഖലയിലെ ഇടപെടലുകൾവരെയുള്ള സി.ഐ.ടി.യു. ചരിത്രമാണ് പുസ്തകത്തിലുള്ളത്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..